ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മമ്പുറം നേര്‍ച്ചക്ക് കൊടിയേറി

ഭക്തിനിര്‍ഭരമായ  അന്തരീക്ഷത്തില്‍  മമ്പുറം നേര്‍ച്ചക്ക്  കൊടിയേറി

തിരൂരങ്ങാടി: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ 180ാം മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയേറി. മലബാറിന്റെ ആത്മീയ സാമൂഹിക മേഖലകളിലെ നിറ സാന്നിധ്യവും ജാതി മത ഭേദമന്യെ പരസഹസ്രങ്ങളുടെ ആശ്വാസ കേന്ദ്രവുമായിരുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 180ാം ആണ്ടുനേര്‍ച്ചക്കാണ് മമ്പുറം സയ്യിദ് അഹ്മ്മദ് ജിഫ്രി തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ തുടക്കമായത്. മമ്പുറം തങ്ങളുടെ ആത്മീയസായൂജ്യം തേടി പതിനായിരങ്ങളായിരിക്കും ഇനിയൊരാഴ്ചക്കാലം മമ്പുറത്തേക്കൊഴുകുക.
ഇന്ന് അസര്‍ നമസ്‌കാരാനന്തരം മഖാമില്‍ നടന്ന കൂട്ട സിയാറത്തിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
വൈകീട്ട് ഏഴിന് മഖാമില്‍ പ്രത്യേക മൗലീദ് സദസ്സും നടന്നു.
ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നാളെ മുതല്‍ മാജ്ലിസുന്നൂര്‍ ആത്മീയ സംഗമം, സ്വലാത്ത് മജ്ലിസ്, മതപ്രഭാഷണ പരമ്പര, ദിക്ര് ദുആ സമ്മേളനം, അന്നദാനം തുടങ്ങിയ വിവിധയിനം പരിപാടികള്‍ നടക്കും.
ബുനാഴ്ച്ച രാത്രി ഏഴിന് നടക്കുന്ന മജ്ലിസുന്നൂര്‍ ആത്മീയ സംഗമം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി മജ്ലിസുന്നൂറിന് നേതൃത്വം നല്‍കും.

വ്യാഴാഴ്ച്ച് രാത്രി നടക്കുന്ന മമ്പുറം സ്വലാത്ത് മജ്ലിസിന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും.
14,15,16 തിയ്യതികളില്‍ രാത്രി ഏഴിന് മതപ്രഭാഷണങ്ങള്‍ നടക്കും. 14 ന് വെള്ളിയാഴ്ച എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോ’ൂര്‍ പ്രഭാഷണം നടത്തും. 15 ന് ശനിയാഴ്ച സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫാ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 16 ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും അന്‍വര്‍ മുഹയിദ്ദീന്‍ ഹുദവി പ്രഭാഷണവും നടത്തും.

17 ന് തിങ്കളാഴ്ച രാത്രി പ്രാര്‍ത്ഥനാ സദസ്സും ഹിഫ്ള് സനദ് ദാനവും നടക്കും.
നേര്‍ച്ചയുടെ സമാപ്തി ദിനമായ 18 ന് ചൊവ്വാഴ്ച രാവിലെ എട്ടു മണി മുതല്‍ അന്നദാനം നടക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്രി കോഴിക്കോട് അധ്യക്ഷത വഹിക്കും.

ഉച്ചക്ക് 1.30 നടക്കു മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ചത്തെ ആണ്ടുനേര്‍ച്ചക്ക് സമാപ്തിയാകും. സമാപന പ്രാര്‍ത്ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.

മഖാമില്‍ ഇന്ന് മജ്ലിസുന്നൂര്‍ ആത്മീയ സംഗമം

തിരൂരങ്ങാടി: 180-ാം മമ്പുറം ആണ്ടുനേര്‍ച്ചയുടെ രണ്ടാം ദിനമായ ബുധനാഴ്ച്ച മഖാമില്‍ മജ്ലിസുന്നൂര്‍ ആത്മീയ സംഗമം നടക്കും.
ബദ്ര് രക്തസാക്ഷികളുടെ ത്യാഗസ്മരണയുടെ ആത്മീയനിര്‍വൃതിയില്‍ നടക്കുന്ന ആത്മീയ സംഗമം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി മജ്ലിസുന്നൂറിന് നേതൃത്വം നല്‍കും.

തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി പുതിയ പാലം

ദേശീയ പാത 17 നെയും പരപ്പനങ്ങാടി സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന മമ്പുറം പുതിയ പാലം തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാകുന്നു. ഏറെക്കാലം ഇടുങ്ങിയ ഒരു പാലം മാത്രമാണ് മമ്പുറത്തേക്കുണ്ടായിരുന്നത്. മഖാമിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കും പ്രദേശവാസികള്‍ക്കും ഈ പഴയ പാലം വഴിയുള്ള യാത്ര ഏറെ ദുഷ്‌കരമായിരുന്നു. രൂക്ഷമായ ഗതാഗത കുരുക്ക് മൂലം യുഡിഎഫ് ഭരണ കാലത്ത് 2014 സെപ്തംബറിലായിരുന്നു പുതിയ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആരംഭം. നാലുവര്‍ഷത്തിനു ശേം കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പുതിയ പാലം നാട്ടുകാര്‍ക്ക് തുറന്നുകൊടുത്തത്. ഔദ്യാഗിക ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ മമ്പുറം നേര്‍ച്ചയായത് കൊണ്ട് ഇത്തവണ തീര്‍ത്ഥാടകര്‍ക്കും പ്രദേശവാസികള്‍ക്കും ഏറെ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് മഖാം നടത്തിപ്പുകാരായ ദാറുല്‍ഹുദാ ഭാരവാഹികള്‍.

മമ്പുറത്തേക്ക് പ്രത്യേക സര്‍വീസ് അനുവദിക്കണം

മമ്പുറം നേര്‍ച്ചയോടനുബന്ധിച്ച് മഖാമിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍ അനുവദിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു.
മമ്പുറം പുതിയ പാലം വഴി വിവിധ നഗരങ്ങളിലേക്ക് കെ.എസ്.ആര്‍.ടിസി ബസ് സര്‍വീസ് ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുന്‍ സ്ഥലം എം.എല്‍.എയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി മുന്‍കൈയെടുത്ത് മുന്‍പ് മഖാമിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചിരുന്നു. വയോവൃദ്ധജനങ്ങള്‍ക്കടക്കം മഖാമിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഇത് ഏറെ ആശ്വാസവുമായിരുന്നു. എന്നാല്‍ ഇടക്കാലത്ത് വെച്ച് നിലച്ച ഈ സര്‍വീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും തീര്‍ത്ഥാടകരും.

Sharing is caring!