അന്‍വര്‍ എം.എല്‍.എക്ക് മാധ്യമങ്ങളെ കാണാന്‍ സി.പി.എമ്മിന്റെ വിലക്ക്,ബുക്ക് ചെയ്ത പത്രസമ്മേളനം എം.എല്‍.എ റദ്ദാക്കി

അന്‍വര്‍ എം.എല്‍.എക്ക് മാധ്യമങ്ങളെ കാണാന്‍ സി.പി.എമ്മിന്റെ വിലക്ക്,ബുക്ക് ചെയ്ത പത്രസമ്മേളനം എം.എല്‍.എ റദ്ദാക്കി

മലപ്പുറം: നിരവധി വിവാദങ്ങളിലും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളിലും പ്രതിയായ നിലമ്പൂരിലെ സി.പി.എം സ്വതന്ത്ര്യ എം.എല്‍.എയായ പി.വി അന്‍വറിന് മാധ്യമങ്ങളോട് സംസാരിക്കാന്‍ സി.പി.എം വിലക്ക്. എം.എല്‍.എക്കെതിരെയുള്ള വിവാദ വിഷയങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തരുതെന്നും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അന്‍വറിനോട് ആവശ്യപ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ബുക്ക് ചെയ്ത പത്രസമ്മേളനം രണ്ടുമണിക്കൂര്‍ മുമ്പ് എം.എം.എല്‍ ക്യാന്‍സല്‍ ചെയ്തു.

ഇന്നലെ മലപ്പുറം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം തലേദിവസം ബുക്ക് ചെയ്ത എം.എല്‍.എ വാര്‍ത്താസമ്മേളനം നടക്കുന്നതിന്റെ രണ്ടുമണിക്കൂര്‍ മുമ്പ് പത്രസമ്മേളനം റദ്ദ്ചെയ്യാന്‍ ആവശ്യപ്പെട്ടത്.

അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിലെ ഉരുള്‍പൊട്ടല്‍ അടയാളങ്ങള്‍ മായ്ക്കാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനാന്‍ കലക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് ഇടപെട്ടതോടെയാണ് ഇന്നലെ ഉച്ചയ്ക്ക് 11.45ന് മലപ്പുറം പ്രസ് ക്ലബില്‍ വിളിച്ച പത്രസമ്മേളനത്തിന് എം.എല്‍.എ എത്താതിരുന്നത്. ജനങ്ങള്‍ പ്രളയ ദുരിതം അനുഭവിക്കുമ്പോള്‍ വാട്ടര്‍തീം പാര്‍ക്കിലെ ഉരുള്‍പൊട്ടലില്‍ എം.എല്‍.എയുടെ പത്രസമ്മേളനം പാര്‍ട്ടിക്കു തലവേദനയാവുമെന്നു കണ്ടാണ് മാറ്റിവെക്കാന്‍ സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി മുഖേന നിര്‍ദ്ദേശം നല്‍കിയത്.

ഏറെ വിവാദമായ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് കണ്ടു ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്താസമ്മേളനം ലൈവായി നല്‍കാനുള്ള ഒരുക്കങ്ങളുമായി കാത്തുനില്‍ക്കുന്നതിനിടെയാണ് എം.എല്‍.എയുടെ വാര്‍ത്താസമ്മേളനം റദ്ദ്ചെയ്തത്. ഇതിന് മുമ്പു രണ്ടുതവണ വിവാദ വിഷയങ്ങളില്‍ അന്‍വര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനങ്ങള്‍ പാര്‍ട്ടിക്കു നാണക്കേടായിരുന്നു. പൂക്കോട്ടുംപാടം റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചതില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തപ്പോഴായിരുന്നു ആദ്യ വാര്‍ത്താസമ്മേളനം. നിലമ്പൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കേസെടുത്ത പൂക്കോട്ടുംപാടം എസ്.ഐ അമൃത്രംഗനെ മാറ്റിയില്ലെങ്കില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നായിരുന്നു എം.എല്‍.എയുടെ പ്രഖ്യാപനം. പാര്‍ട്ടി ഇടപെട്ടതോടെ സമരപ്രഖ്യാപനം എം.എല്‍.എ വിഴുങ്ങി. പൂക്കോട്ടുംപാടത്ത് രണ്ടു വര്‍ഷംകൂടി പൂര്‍ത്തിയാക്കിയ ശേഷമാണ് എസ്.ഐ സ്ഥലംമാറിപ്പോയത്.

കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിനെതിരെയുള്ള നിയമലംഘനങ്ങള്‍ വാര്‍ത്തയായപ്പോള്‍ മലപ്പുറം പ്രസ് ക്ലബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനം പാര്‍ട്ടിയെ നാണംകെടുത്തുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ അന്‍വര്‍ പശ്ചിമഘട്ടത്തില്‍ വനവ്യാപ്തി വര്‍ധിപ്പിക്കേണ്ടത് ജപ്പാന്റെ ആവശ്യമാണെന്നും തട്ടിവിട്ടു. പശ്ചിമഘട്ടത്തില്‍ വനമുള്ളതുകൊണ്ടാണ് ഇവിടുത്തെ കാര്‍മേഖങ്ങള്‍പോയി ജപ്പാനില്‍ മഴപെയ്യുന്നതെന്ന പുതിയ വാദവും ഉയര്‍ത്തി. എം.എല്‍.എയുടെ മണ്ടത്തരം തമിഴ്മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കുകയും ട്രോളര്‍മാര്‍ എം.എല്‍.എയെ കണക്കിനു കളിയാക്കുകയും ചെയ്തിരുന്നു.

പ്രളയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലും അന്‍വറിന്റെ വിടുവായത്തം സി.പി.എമ്മിനെ നാണകെടുത്തിയിരുന്നു. മണ്ണിടിച്ചതുകൊണ്ടും തടയണകെട്ടിയതും കൊണ്ടല്ല ഉരുള്‍പൊട്ടലെന്നും ഒരു കൈക്കോട്ടോ ജെ.സി.ബിയോ എത്താത്ത ഡീപ് ഫോറസ്റ്റുകളില്‍ ഉരുള്‍പൊട്ടലുണ്ടായത് മണ്ണിടിച്ചിട്ടാണോ എന്നും അന്‍വര്‍ ചോദിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അന്‍വറിന്റെ പ്രസംഗത്തിനെതിരെ കടുത്തഭാഷയിലാണ് വിമര്‍ശിച്ചത്. മണ്ണിടിച്ചിട്ടോ തടയണകെട്ടിയിട്ടോ ആണോ കാടുകളില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നതെന്നും ചോദിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണമെന്നായിരുന്നു വി.എസ് ആഞ്ഞടിച്ചത്. ഇത്തരത്തില്‍ അന്‍വര്‍ പത്രസമ്മേളനം പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നു മുന്‍കൂട്ടിക്കണ്ടാണ് പത്രസമ്മേളനം പാര്‍ട്ടി വിലക്കിയതെന്നാണ് വിവരം.

Sharing is caring!