ബസ് ഡ്രൈവറായി ജോലി ചെയ്ത് അനൂപ് നേടിയത് എം.ഫില്‍ ബിരുധം

ബസ് ഡ്രൈവറായി  ജോലി ചെയ്ത് അനൂപ് നേടിയത്  എം.ഫില്‍ ബിരുധം

തേഞ്ഞിപ്പലം: ബസ് ഡ്രൈവറായുള്ള ജോലിക്കിടെയിലും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്ന് എം.ഫില്‍ നേടിയ അനൂപ് ഗംഗാധരന് ഇനി ലക്ഷ്യം ഡോക്ടറേറ്റ്. ബസ് ഡ്രൈവറുമായിരിക്കെ തന്നെ പഠനം തുടര്‍ന്ന അനൂപ് ഗംഗാധരന്‍ എം.ഫില്‍ നേടിയെടുത്തതോടെ ഗവേഷണ മേഖലയിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്വകാര്യ ബസ് ഡ്രൈവറായി അവധി ദിവസങ്ങളില്‍ അടക്കം ജോലി ചെയ്തും കാലിക്കറ്റ് സര്‍വകലാശാല ഫോക്ലോര്‍ വിഭാഗത്തില്‍ പഠിച്ചുമാണ് വള്ളിക്കുന്ന് അരിയല്ലൂര്‍ കരുമരക്കാട് സ്വദേശിയായ അനൂപ് ഗംഗാധരന്‍ എം.ഫില്‍ ബിരുദം സ്വന്തമാക്കിയത്. ഇനി പി.ച്ച്.ഡിയിലൂടെ ഡോക്ടറേറ്റ് നേടാനൊരുങ്ങുകയാണ് ഈ യുവാവ്. കരുമരക്കാട് ചെഞ്ചരൊടി വീട്ടില്‍ ഗംഗാധരന്‍- ഭാര്‍ഗവി ദമ്പതികളുടെ മകനായ അനൂപ് പ്ലസ് വണ്‍ പഠനകാലത്ത് ബസ് കഴുകി വൃത്തിയാക്കുന്ന ജോലിയോടെയാണ് ബസ് മേഖലയിലേക്ക് കടന്നുവരുന്നത്. അതിന് മുമ്പ് കല്‍പ്പണി, സെന്‍ട്രിംഗ്, പെയിന്റിംഗ്, വയറിംഗ് മേഖലയില്‍ സഹായിയായും തൊഴിലെടുത്തു.ഇതിനിടയിലും പഠനം തുടര്‍ന്ന അനൂപ് പരപ്പനങ്ങാടി കോഓപ്പറേറ്റീവ് കോളേജില്‍ പഠിച്ച് 2004ല്‍ പ്ലസ്ടുവും 2009 ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബി.എ ഇംഗ്ലീഷ് ബിരുദവും നേടി. ശേഷം 2013ലാണ് ഫോക് ലോറില്‍ പിജിയ്ക്ക് ചേരുന്നത്. തുടര്‍ന്ന് എം.ഫില്‍ നേടി ഗവേഷണയോഗ്യത നേടുകയായിരുന്നു. ഹൈസ്‌കൂള്‍ പഠനം അരിയല്ലൂര്‍ മാതവാനന്ദ ഹയര്‍സെക്കന്ററി സ്‌കൂളിലായിരുന്നു. ഇപ്പോള്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിലൂടെ എം.എ ഇംഗ്ലീഷ് കോഴ്സും ചെയ്യുന്നുണ്ട് അനൂപ്. വായനാതാല്‍പ്പര്യമുള്ള അനൂപിന് വീട്ടില്‍ അഞ്ചൂറോളം പുസ്തകങ്ങളുള്ള ചെറു ലൈബ്രറിയുമുണ്ട്. റെയില്‍വെയില്‍ ക്ലാസ് ഫോര്‍ ജീവനക്കാരനായിരുന്ന അച്ഛന്റെ സമ്പാദ്യം വീടുപണിയ്ക്കും സഹോദരി അമൃതയുടെ വിവാഹത്തിനും മറ്റ് കുടുംബ ചെലവുകള്‍ക്കുമായി ചെലവഴിക്കേണ്ടി വന്നപ്പോള്‍ തന്റെ പഠനചെലവുകള്‍ക്കുള്ള പണം സ്വന്തം ജോലി ചെയ്ത് തന്നെ നേടാമെന്ന് അനൂപ് ഉറപ്പിക്കുകയായിരുന്നു. അങ്ങനെയാണ് തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ അക്കാദമിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ ബസ് ജീവനക്കാരനായി വേഷമിടുകയും ചെയ്തത്. മറ്റ് ജോലികള്‍ പഠനത്തോടൊപ്പം കൊണ്ടുപോകാനാത്തതിനാല്‍ പിന്നീട് ബസ് തൊഴിലിലേക്ക് തിരിയുകയായിരുന്നുവെന്ന് അനൂപ് പറഞ്ഞു. ബസ് കഴുകി തുടങ്ങി ക്ലീനറും ചെക്കറും കണ്ടക്ടറുമായി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബസിന്റെ സാരഥിയാകുന്നത്. അപ്പോഴെല്ലാം പഠനത്തെ കൂടെ കൊണ്ടുനടക്കുകയായിരുന്നു. പ്രതിസന്ധികള്‍ക്കിടയിലും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഏറെ മുന്നേറാനായതില്‍ അനൂപിനൊപ്പം നാടും സന്തോഷത്തിലാണ്. പൊതുസമ്മതനായ അനൂപിന് എം.ഫില്‍ ബിരുദം ലഭിച്ചത് അറിഞ്ഞതോടെ നാട്ടിലെ വിവിധ സംഘടനകളും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പുറമെ സാമൂഹിക മാധ്യമങ്ങളിലും താരമായിരിക്കുകയാണ് ഇദ്ദേഹം. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്ന് അവസാനിപ്പിക്കുന്നുവോ അതോടെ ഓരോ വ്യക്തിയും മരിക്കാതെ മരിക്കുകയാണെന്നും അതിനാല്‍ ജീവിതം തന്നെ പഠനമാക്കണമെന്നുമാണ് അനൂപിന്റെ നിലപാട്. പഠനത്തോടും വായനയോടുമുള്ള താല്‍പ്പര്യം ഒട്ടും ചോര്‍ന്നു പോകാതെ തന്നെ മികച്ച രീതിയില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടുകയാണ് ഇനി അനൂപിന്റെ ലക്ഷ്യം.

Sharing is caring!