നാണയ തുട്ടുകളുമായി അവര്‍ വന്നു, കലക്ടറുടെ മനം കവര്‍ന്ന് തിരിച്ചു പോയി

നാണയ തുട്ടുകളുമായി അവര്‍ വന്നു, കലക്ടറുടെ മനം കവര്‍ന്ന് തിരിച്ചു പോയി

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാണയത്തുട്ടുകളുമായി കുട്ടികളെത്തി. പുളിക്കല്‍ വലിയപറമ്പ് ബ്ലോസം സെക്കന്‍ഡറി സ്‌കൂളിലെ മുപ്പതോളം കുട്ടികളാണ് തങ്ങളുടെ സമ്പാദ്യ കുടുക്കകളുമായി കലക്ടറെ കാണാനെത്തിയത്. നിറഞ്ഞു കവിഞ്ഞ കുടുക്കകളില്‍ എത്ര രൂപയുണ്ടെന്നു പോലും നോക്കാതെയാണ് അവര്‍ തങ്ങളുടെ കൊച്ചു സ്വപ്‌നങ്ങള്‍ക്കായി മാറ്റിവെച്ച കുടുക്കകള്‍ ജില്ല കലക്ടര്‍ അമിത് മീണക്കു കൈമാറിയത്.

മുഴുവന്‍ കുട്ടികളോടും പേരും വിശേഷങ്ങളും ചോദിച്ച് കുശലം പറഞ്ഞ കലക്ടര്‍ ഭാവിയിലും ഇത്തരം മാതൃകാ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും മിടുക്കരായി നാടിനെ സേവിക്കാനായി ഇറങ്ങണമെന്നും അഭ്യര്‍ത്ഥിച്ചാണ് യാത്രയാക്കിയത്.

ദുരിതത്തിനരയായ കുട്ടികള്‍ക്കുള്ള നോട്ടുപുസ്തകങ്ങളും സ്‌കൂള്‍ ബാഗുകളും കൈമാറി. സ്‌കൂള്‍ പരിസര പ്രദേശങ്ങളായ പുളിക്കല്‍ മുതല്‍ ഐക്കരപ്പടി വരെയുള്ള ഭാഗങ്ങളിലെ മാലിന്യ സംസ്‌കരണത്തിനായി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതിയും കലക്ടര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി. വിജീഷ്, വൈസ്പ്രിന്‍സിപ്പല്‍ സെജ നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ റംല സിദ്ധീഖ്, ഹെഡ് ഗേള്‍ ആയിഷ നന, വിദ്യാര്‍ത്ഥികളായ എന്‍.കെ.നന്ദുഗോപാല്‍, സൗരവ്, അലി ജാസിം, റിഫാഖത്ത്, ഗഗഌന്‍ ജോര്‍ജ്ജ്, നന്ദ, അനുപമ എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!