മലപ്പുറത്ത് പ്രകൃതിക്ഷോഭം മൂലം വീടും സ്വത്തുംനഷ്ടപ്പെട്ടും പ്രളയം നേരില്‍ കണ്ട ഭീതി മൂലവും മാനസികമായി തകര്‍ന്നവരെ തിരിച്ചുകൊണ്ടു വരാന്‍ ‘അതിജീവനം’ പദ്ധതി
മലപ്പുറം: പ്രകൃതിക്ഷോഭത്തിനിരയായവര്‍ക്കിടയിലെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തി ചികിത്സ നല്കാന് ‘അതിജീവനം’ പദ്ധതി വരുന്നു. ജില്ലാ മാനസികാരോഗ്യ പോഗ്രാമിന്റെ (ഡി.എം.എച്ച്.പി) ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ പ്രളയബാധിതമായ 67 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രകൃതിക്ഷോഭം മൂലം വീടും സ്വത്തും നഷ്ടപ്പെട്ടും പ്രളയം നേരില്‍ കണ്ട ഭീതി മൂലവും മാനസികമായി തകര്‍ന്നവരെ തിരിച്ചുകൊണ്ടു വരികയാണ് ലക്ഷ്യം.
ജില്ലാ കളക്ടര്‍ മുഖ്യരക്ഷാധികാരിയായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ചെയര്‍പേഴ്സണായും വകുപ്പു മേധാവികള്‍ അംഗങ്ങളുമായിട്ടുള്ള കമ്മിറ്റിക്കായിരിക്കും പ്രൊജക്ടിന്റെ മേല്‍നോട്ടം. മൂന്നു ഘട്ടങ്ങളായാണ് പ്രൊജക്ട് നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ 60 അംഗ പ്രത്യേക മാനസികാരോഗ്യ സംഘം രൂപീകരിച്ച് ജില്ലയിലെ ആശാവര്‍ക്കര്‍മാര്‍, അംഗനവാടി വര്‍ക്കേഴ്സ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. സൈക്കോളജി, സോഷ്യല്‍ വര്‍ക്ക് തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ പ്രത്യേക പരിശീലനം നല്കി വിവരശേഖരണത്തിന് ഉപയോഗിക്കും. പ്രത്യേക മൊബൈല്‍ ആപ്പ് ഉപയോഗിച്ചായിരിക്കും വിവരശേഖരണം നടത്തുക. വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവരണ ശേഖരണം നടത്താന്‍ സ്കൂള്‍ കൗണ്‍സിലര്‍മാരെയും തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകരെയും ഉപയോഗിക്കും. സ്ത്രീകളുടെ മാനിസികോഗ്യ നിര്‍ണയത്തിന് കമ്യൂണിറ്റി കൗണ്‍സിലര്‍മാരെ ഉപയോഗിക്കും. ആശാ വര്‍ക്കര്‍മാര്‍, അംഗനവാടി വര്‍ക്കേഴ്സ്, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ബാധിക്കപ്പെട്ട വീടുകള്‍ സന്ദര്‍ശിച്ച് മാനസികാരോഗ്യ പരിശോധന നടത്തി പ്രാഥമിക വിവരങ്ങള്‍ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അതിജീവനം ടീമിനും വിവരം കൈമാറും. പ്രകൃതിക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനവും നല്‍കും.
വിവര ശേഖരണത്തില്‍ ലഭിച്ച പ്രാഥമിക വിവരങ്ങളെക്കുറിച്ചുള്ള വിശദമായ പഠനമാണ് രണ്ടാം ഘട്ടത്തില്‍ നടത്തുക. കൂടുതല്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ ആരോഗ്യ കേരളം, കോഴിക്കോട് ഇംഹാന്‍സ്, സാമൂഹ്യനീതി വകുപ്പ്, കാലിക്കറ്റ് സര്‍വ്വകലാശാല, ആയുഷ് തുടങ്ങിയവയുടെ സഹകരണത്തോടെ ‘അതിജീവനം’ ക്ലിനിക്കുകള്‍ ആരംഭിക്കും. പ്രളയം മൂലം തൊഴില്‍ നഷ്ടപ്പെട്ട് കഴിയുന്നവര്‍ക്ക് പുതിയ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്കാന് ‘അതിജീവനം’ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ട്രോമാ, റിലീഫ് ട്രെയിനിംഗ്, പ്രളയബാധിത മേഖലകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള മാനസികാരോഗ്യ പരിശീലനം എന്നിവയും ഈ ഘട്ടത്തില്‍ നടക്കും.
ഡി.എച്ച്.ഡി.പിയുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മന:ശാസ്ത്ര പ്രാഥമിക ശുശ്രൂഷാ പരിശീലനം, സ്കൂള്‍ മാനേജര്‍മാര്‍, സ്ഥാപന മേധാവികള്‍ എന്നിവര്‍ക്ക് അടിയന്തിര ഘട്ടങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനം തുടങ്ങിയയവാണ് മൂന്നാം ഘട്ടത്തില്‍ നടക്കുക. അസാപ്, കാലിക്കറ്റ് സര്‍വ്വകലാശാല എന്നിവയുടെ സഹകരണത്തോടെ എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി കാഡറ്റുകള്‍ക്ക് നേതൃത്വ പരിശീലനവും ഈ ഘട്ടത്തില്‍ നല്‍കും. നൂറ് മനശാസ്ത്ര പ്രാഥമികശുശ്രൂഷാ വളണ്ടിയര്‍മാരെ പരിശീലനം നല്കി സജ്ജരാക്കും.
ജില്ലയിലെ മെഡിക്കല്‍ കോളേജുകളിലെ കമ്യൂണിറ്റി മെഡിസിന്, സൈക്യാട്രി വിഭാഗം തലവന്മാര്, കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മനശാസ്ത്രം, സോഷ്യല്‍വര്‍ക്ക് വിഭാഗം മേധാവികള്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ആരാഗ്യ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍, ഡി.എം.എച്ച്.പി നോഡല്‍ ഓഫീസര്‍ തുടങ്ങിയവര്‍ അടങ്ങിയ സമിതി പ്രൊജക്ട് വിലയിരുത്തി ഗവേഷണം നടത്തും.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]