മലപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വാളന്‍ സമീറിന് ദേശീയ പുരസ്‌കാരം

മലപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വാളന്‍ സമീറിന് ദേശീയ പുരസ്‌കാരം

മലപ്പുറം: രാജ്യത്തെ പ്രമുഖ ബാങ്കിങ് പ്രസിദ്ധീകരണമായ  ബാങ്കിങ് ഫ്രണ്ടിയേര്‍സിന്റെ സഹകരണ ബാങ്കുകളിലെ മികച്ച ചെയര്‍മാനുള്ള അവാര്‍ഡിന് മലപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വാളന്‍ സമീറിനെ തെരഞ്ഞെടുത്തു.  സൂപ്പര്‍ഗ്രേഡ് പദവിയിലുള്ള മലപ്പുറം സര്‍വ്വീസ് സഹകരണ ബാങ്കിന് തുടര്‍ച്ചയായി 5-ാം തവണയാണ് ദേശീയ പുരസ്‌ക്കാരം ലഭിക്കുന്നത്.  സെപ്തംബര്‍ 8 ശനിയാഴ്ച ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് ബാങ്ക് പ്രസിഡന്റ് പുരസ്‌കാരം ഏറ്റ് വാങ്ങും.

2014 ഫെബ്രുവരി 15ന് ശ്രീ. വാളന്‍ സമീര്‍ ബാബുവിന്റെ നേതൃത്വത്തില്‍ അധികാരമേറ്റ ബാങ്ക് ഭരണ സമിതി നടപ്പിലാക്കിയ ന്യൂതന പദ്ധതികള്‍ക്കുള്ള അംഗീകാരമായിട്ടാണ് മികച്ച ചെയര്‍മാനുള്ള അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.  2014 വര്‍ഷത്തില്‍ മികച്ച കോര്‍ ബാങ്കിങിനും 2015ല്‍ ജീവനക്കാര്‍ക്ക് മികച്ച പരിശീലന പരിപാടികള്‍ സംഘടിപ്പിച്ച് കാര്യക്ഷമത വര്‍ദ്ധിപ്പിച്ചതിനും 2016ല്‍ ഷീഫ്രണ്ട്‌ലി വാഹന വായ്പ പദ്ധതിക്കും 2017ല്‍  മികച്ച മൊബൈല്‍ ബാങ്കിങ് നടപ്പിലാക്കിയതിനുമാണ് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് സഹകരണ മേഖലയില്‍  ടെക്‌നോളജി രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ബാങ്കാക്കി മാറ്റുന്നതിന് ശ്രീ. സമീര്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. ഇടപാടുകാര്‍ക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ സൗകര്യത്തോടുകൂടി മൊബൈല്‍ ബാങ്കിങ് സംവിധാനം സഹകരണ മേഖലയില്‍ കേരളത്തില്‍ ആദ്യമായി നടപ്പിലാക്കിയതും, നോട്ട് നിരോധന കാലത്ത് ഇടപാടുകാര്‍ക്ക് സ്വന്തം അക്കൗണ്ടിലുള്ള തുക ഉപയോഗിച്ച് മൊബൈല്‍ ബാങ്കിങിലൂടെ സാധനങ്ങള്‍ വാങ്ങുന്നതിന് ‘കോപൈസ’ എന്ന പേരില്‍ പ്രത്യേക ആപ്ലിക്കേഷന്‍ തയ്യാറാക്കി പ്രതിസന്ധി തരണം ചെയ്യുവാനും സാധിച്ചിട്ടുണ്ട്. കൂടാതെ ഇടപാടുക്കാരുടെ സൗകര്യാര്‍ത്ഥം കോട്ടപ്പടി ബ്രാഞ്ചിന് പുറമെ മേല്‍മുറി ശാഖയുടെ പ്രവര്‍ത്ത സമയം രാവിലെ 8 മുതല്‍ രാത്രി 8 വരെയാക്കി ദീര്‍ഘിപ്പിക്കുകയും ചെയ്യുകയുണ്ടായി.  ബാങ്കില്‍ നിന്നും അനുവദിക്കുന്ന വിവിധ കാര്‍ഷികേതര വായ്പകള്‍ക്ക് സഹകരണ സംഘം രജിസ്ട്രാര്‍ നിശ്ചയിച്ച് നല്‍കിയിട്ടുള്ള നിരക്കിനേക്കാള്‍  2% മുതല്‍ 4% വരെ പലിശ കുറച്ചാണ് നല്‍കി വരുന്നത്. ബാങ്കിന്റെ കീഴില്‍ സ്ത്രീ ശാക്തീരണം ലക്ഷ്യമിട്ട്  ‘ഷീഫ്രണ്ട്‌ലി’ എന്ന പേരില്‍ പ്രത്യേക വായ്പാ പദ്ധതി ആവിഷ്‌കരിക്കുകയും കുറഞ്ഞ പലിശ നിരക്കില്‍ വനിതകള്‍ക്ക് 2500 ടൂവീലര്‍ നല്‍കുവാനും   മേല്‍ കാലയളവില്‍  സാധിച്ചിട്ടുണ്ട്.

‘സ്പര്‍ശം’ ചികിത്സാ സഹായ പദ്ധതി, എക്‌സ്‌ലെന്‍സി അവാര്‍ഡ്, ‘വിദ്യാ സഹായി’ സ്‌കോര്‍ഷിപ്പ്, ‘കൈനീട്ടം’ പെന്‍ഷന്‍ സ്‌കീം, സൗജന്യ അപകട ഇന്‍ഷൂറന്‍സ് സ്‌കീം തുടങ്ങിയ മാതൃകാ പദ്ധതികളും മേല്‍ കാലയളവില്‍ ബാങ്ക് നടപ്പിലാക്കിയിട്ടുണ്ട്.

Sharing is caring!