എസ് എസ് എഫ് സാഹിത്യോത്സവ്, സംസ്ഥാനതല മത്സരങ്ങള്‍ചെമ്മാട് ധര്‍മപുരിയില്‍ സെപ്തംബര്‍ എട്ടിനും ഒമ്പതിനും

എസ് എസ് എഫ് സാഹിത്യോത്സവ്, സംസ്ഥാനതല മത്സരങ്ങള്‍ചെമ്മാട് ധര്‍മപുരിയില്‍ സെപ്തംബര്‍ എട്ടിനും ഒമ്പതിനും

തിരൂരങ്ങാടി: മൂല്യങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ നിര്‍വൃതിയുടെ ശേഷിപ്പുകളുമായി രണ്ടര പതിറ്റാണ്ട് പിന്നിടുന്ന എസ് എസ് എഫ് സാഹിത്യോത്സവിന്റെ രജതജൂബിലി സംഗമത്തിന് സെപ്തംബര്‍ 8,9 തിയ്യതികളില്‍ മലപ്പുറം ചെമ്മാട് ധര്‍മപുരി ആതിഥ്യമരുളും. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ മുന്നണിപ്പോരാളികളായ മമ്പുറം സയ്യിദലവി തങ്ങളുടെയും സയ്യിദ് ഫസല്‍ തങ്ങളുടെയും ആലി മുസ്‌ലിയാരുടെയും തട്ടകത്തില്‍, അനീതിക്കെതിരെയുള്ള പോരാട്ടത്തിന് കലയുടെയും സാഹിത്യത്തിന്റെയും മൂര്‍ച്ചയെ ആവാഹിച്ചെടുക്കാനുറച്ചാണ് ധാര്‍മിക കേരളം സംഗമിക്കുന്നത്. പ്രളയദുരന്തത്തെ തുടര്‍ന്ന് നേരത്തെ തീരുമാനിച്ചതില്‍ നിന്നും മൂന്നാഴ്ചയോളം വൈകിയാണ് സാഹിത്യോത്സവിന് അരങ്ങുണരുന്നത്. ഇക്കാലയളവില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന പ്രവര്‍ത്തകര്‍ വേദനിക്കുന്നവന്റെ കൂടെനില്‍ക്കാനായതിന്റെ ആത്മഹര്‍ഷവുമായാണ് സാഹിത്യോത്സവ് നഗരിയിലെത്തുന്നത്. സാഹിത്യോത്സവിന്റെ സംഘാടനത്തിനു വേണ്ടി രൂപവത്കരിച്ച ലജ്‌നത്തുല്‍ അന്‍സ്വാര്‍ എന്ന സന്നദ്ധ സംഘത്തിന്റെ നിയന്ത്രണത്തിലാണ് തിരൂരങ്ങാടിയിലേയും പരിസരത്തേയും ദുരിതാശ്വാസ ക്യാമ്പും അനുബന്ധ പ്രവര്‍ത്തനങ്ങളും നടന്നു വന്നിരുന്നത്. ഈ സാഹചര്യത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള അനുമോദന സംഗമം കൂടിയായി മാറും സാഹിത്യോത്സവ്.
സാഹിത്യോത്സവിനെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ചെമ്മാട് ഖുതുബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും പരിസരത്തുമായി തയ്യാറാക്കിയ 12 വേദികളിലാണ് മത്സരം. ആയിരം പേര്‍ക്ക് ഒരേ സമയം ഇരുന്ന് പരിപാടികള്‍ വീക്ഷിക്കാന്‍ കഴുയുന്ന തരത്തിലാണ് ഒന്നാം വേദി ഒരുക്കിയിരിക്കുന്നത്. 115 ഇനങ്ങളിലായി നടക്കുന്ന സാഹിത്യോത്സവില്‍ സംസ്ഥാനത്തെ 14 ജില്ലകള്‍ക്ക് പുറമെ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ നിന്നുള്‍പ്പെടെ മൂവ്വായിരത്തോളം പ്രതിഭകളാണ് മാറ്റുരക്കുക. സെപ്തംബര്‍ എട്ട് (വെള്ളിയാഴ്ച ) വൈകുന്നേരം മൂന്ന് മണിക്ക് മമ്പുറം മഖാം സിയാറത്ത് നടക്കും. വൈകുന്നേരം നാലിന് സാഹിത്യോത്സവ് നഗരിയില്‍ പ്രസ്ഥാനത്തിന്റെ 25 നേതാക്കള്‍ ചേര്‍ന്ന് 25 പതാകകള്‍ ഉയര്‍ത്തും. രാവിലെ സ്‌റ്റേജിതര മത്സരങ്ങള്‍ ശനിയാഴ്ച രാവിലെ ഏഴ് മണിക്കും സ്‌റ്റേജ് മത്സരങ്ങള്‍ പത്തിന് മണിക്കും ആരംഭിക്കും. ബാലകൃഷ്ണന്‍ വള്ളുക്കുന്ന്, പോക്കര്‍ കടലുണ്ടി, തോപ്പില്‍ മുഹമ്മദ് മീരാന്‍, എം എ റഹ്മാന്‍, കവി വീരാന്‍കുട്ടി, കെ പി രാമനുണ്ണി എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ സാഹിത്യോത്സവ് അവാര്‍ഡുകള്‍ നല്‍കിയത്. സെപ്തംബര്‍ 8ന് (ശനി) വൈകീട്ട് നാല് മണിക്ക് സാഹിത്യോത്സവിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, ഹജ്ജ് , വഖഫ് വകുപ്പ് മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി എ മുഹമ്മദ് ഫാറൂഖ് നഈമി അധ്യക്ഷത വഹിക്കും. പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രഭാഷണം നടത്തും. ചടങ്ങില്‍ ഈ വര്‍ഷത്തെ സാഹിത്യോത്സവ് അവാര്‍ഡ് ജേതാവ് പി സുരേന്ദ്രനുള്ള ഉപഹാരം യുഎ ഖാദര്‍ സമ്മാനിക്കും.
പ്രളയത്തില്‍ പഠന സാമഗ്രികള്‍ നഷ്ടപ്പെട്ട 10000 വിദ്യാര്‍ഥികള്‍ക്ക് സാഹിത്യോത്സവിന്റെ ഭാഗമായി എജ്യുകെയര്‍ പഠനകിറ്റ് വിതരണം ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിക്കും. എസ് ശറഫുദ്ദീന്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, വി അബ്ദുര്‍റഹ്മാന്‍ എം എല്‍ എ, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, എം മുഹമ്മദ് സ്വാദിഖ്, വീരാന്‍കുട്ടി തുടങ്ങിയവര്‍ സംബന്ധിക്കും. ഞായറാഴ്ച വൈകീട്ട് രണ്ട് മണിയോടെ സാഹിത്യോത്സവിന് സമാപനമാകും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് പി എസ് കെ തങ്ങള്‍ തലപ്പാറ പ്രാര്‍ഥന നടത്തും. സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി അവാര്‍ഡ്ദാനം നിര്‍വഹിക്കും.
സാഹിത്യോത്സവിന് മുന്നോടിയായി വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് നടക്കുന്ന ‘ഗുല്‍സാരെ മഹബ്ബ ആത്മീയ സമ്മേളനം സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. സാഹിത്യോത്സവ് സന്നദ്ധ സംഘമായ ലജ് നത്തുല്‍ അന്‍സാര്‍ 313 അംഗ വളണ്ടിയേഴ്‌സ് മുഴുവന്‍ സമയവും കര്‍മനിരതരായി സേവനരംഗത്ത് സജീവമാണ്. കഴിഞ്ഞ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങയില്‍ നൂറുക്കണക്കിന് കുടുംബങ്ങളെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളില്‍ എത്തിക്കന്നതിലും പ്രളയ ശേഷം വീടുകള്‍ ശുചീകരിക്കുന്നതിലും മാതൃകയായിരുന്നു. അറബന, ദഫ് മുട്ട് മാപ്പിളപ്പാട്ട്, ‘ഭക്തിഗാനം, പ്രകീര്‍ത്തന ഗാനം, ‘ഭാഷാ പ്രസംഗങ്ങള്‍, എഴുത്ത്, കാലിഗ്രഫി, സ്‌പോട്ട് മാഗസിന്‍, ഡോക്യുമെന്ററി തുടങ്ങി വിവിധ രചനാ ഇനങ്ങളിലായിട്ടുള്ള മത്സരങ്ങളാണ് സാഹിത്യോത്സവ് നഗരിയില്‍ അരങ്ങേറുക. ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ലാ ഘടകങ്ങളില്‍ മത്സരിച്ച് പ്രതിഭാത്വം തെളിയിച്ചവര്‍ക്കാണ് സംസ്ഥാന സാഹിത്യോത്സവില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്.

വാര്‍ത്താസമ്മേളനത്തില്‍
ഡോ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി
(പ്രസിഡന്റ്, എസ് എസ് എഫ് കേരള )
എ പി മുഹമ്മദ് അശ്ഹര്‍
(സെക്രട്ടറി, എസ് എസ് എഫ് കേരള)
‘സി.എന്‍ ജഅഫര്‍
ദുല്‍ഫുഖാറലി സഖാഫി
എം.കെ.മുഹമ്മദ് സ്വഫ് വാന്‍
എന്നിവര്‍ പങ്കെടുത്തു.

Sharing is caring!