സര്‍ക്കാറിന് താല്‍പര്യം പിരിക്കാന്‍ മാത്രം കൊടുക്കാന്‍ ഇല്ല: കുഞ്ഞാലിക്കുട്ടി

സര്‍ക്കാറിന് താല്‍പര്യം  പിരിക്കാന്‍ മാത്രം കൊടുക്കാന്‍ ഇല്ല:  കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മഴക്കെടുതി രൂക്ഷമാക്കിയത് സര്‍ക്കാറിന്റെ വീഴ്ചകളാണെന്നും പ്രളയാനന്തരമുള്ള ആസൂത്രണമില്ലായ്മയും മെല്ലെപ്പോക്കും ആശങ്കാജനകമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

പ്രളയ ബാധിത മേഖലകളെ വിവേചനം കൂടാതെ പരിഗണിച്ച് പുനരധിവാസവും സഹായവും അനുവദിക്കണം. പ്രളയക്കെടുതിയില്‍ അകപ്പെട്ട എല്ലാവരുടെയും കാര്‍ഷിക വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളണം. പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ ശ്രമം ഉപേക്ഷിക്കണം. കനത്ത മഴയെ പ്രളയമാക്കിയതും കെടുതിയുടെ ആഴം വര്‍ധിപ്പിച്ചതും സര്‍ക്കാറിന്റെ പിടിപ്പുകേടാണെന്ന മാധവ് ഗാഡ്ഗില്‍, ഐ.ഐ.ടി തുടങ്ങിയവരുടെ വിലയിരുത്തലില്‍ കഴമ്പുണ്ട്.

മേലില്‍ ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം അനിവാര്യമാണ്. ദുരിത ബാധിതരെ സഹായിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചപ്പോള്‍ മത്സ്യ തൊഴിലാളികള്‍ ഉള്‍പ്പെടെ ജനങ്ങള്‍ ദൗത്യം ഏറ്റെടുത്തു. ദുരിതാശ്വാസ ക്യാമ്പുകള്‍ പോലും ജനപങ്കാളിത്തത്തോടെ നടന്നപ്പോള്‍ സര്‍ക്കാര്‍ ധനസഹായം കൈമാറാതെ പിരിവുകളില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. പ്രളയ ബാധിത മേഖലയില്‍ മുസ്്ലിംലീഗും പോഷക-അനുബന്ധ ഘടകങ്ങളും നടത്തിയ സേവന-സഹായ പ്രവര്‍ത്തനങ്ങളില്‍ കോഴിക്കോട്ട് ലീഗ് ഹൗസില്‍ ചേര്‍ന്ന മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംതൃപ്തി പ്രകടിപ്പിച്ചു.

മുസ്ലീം ലീഗും കെ.എം.സി.സിയും ചേര്‍ന്ന് 25 കോടിയുടെ ഭക്ഷ്യധാന്യ-അവശ്യ വിഭവങ്ങളാണ് ഇതുവരെയായി ദുരിതാശ്വാസത്തിനായി നല്‍കിയത്. അഞ്ച് കോടിയോളം രൂപയുടെ സാധനങ്ങള്‍ കൂടി വൈകാതെ ലഭ്യമാക്കും. ദുബൈ കെ.എം.സി.സി അയച്ച മൂന്നുകോടിയുടെ അവശ്യ വസ്തുക്കള്‍ കോഴിക്കോട് കലക്ടര്‍ ഏറ്റുവാങ്ങിയത് ഉള്‍പ്പെടെ ബാക്കി വിഭവങ്ങള്‍ വിവിധ ജില്ലകളിലേക്ക് അയക്കാനിരിക്കുകയാണ്. അരി, പലവ്യജ്ഞനങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഡിറ്റര്‍ജന്റ് ഐറ്റംസ്, പാല്‍, ബിസ്‌ക്കറ്റ്, മിനറല്‍ വാട്ടര്‍, സോഫ്റ്റ് ഡ്രിങ്ക്സ്, പുതപ്പുകള്‍, ബെഡ്ഷീറ്റ്, പായകള്‍, ഗ്യാസ് സിലിണ്ടര്‍, പ്രഷര്‍ കുക്കര്‍ തുടങ്ങിയവ ലീഗ് ശേഖരിച്ച വിഭവങ്ങളില്‍ ഉള്‍പ്പെടുന്നു.

വിദ്യാര്‍ത്ഥി സംഘടനയും അധ്യാപക സംഘടനയും സമാഹരിച്ച 15000 സ്‌കൂള്‍ കിറ്റുകളുടെ വിതരണവും പൂര്‍ത്തിയാവുന്നു. പുനരധിവാസ – ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുസ്ലിംലീഗിന്റെ ജനപ്രതിനിധികളും ശാഖ, പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മറ്റികളും നേതൃപരമായ പങ്കുവഹിച്ചു. 3000 മുസ്്ലിം യൂത്ത്ലീഗ് വൈറ്റ്ഗാര്‍ഡ് വളന്റിയര്‍മാര്‍ ശുചീകരണത്തില്‍ പ്രത്യേക പങ്കാളികളായി. പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍സ്, കാര്‍പെന്റര്‍മാര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ പ്രാവീണ്യരായ യൂവാക്കളുടെ സംഘമാണ് പുനരധിവാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മുസ്ലിം ലീഗ് നടത്തി വരുന്ന കാരുണ്യ ഭവന പദ്ധതി പ്രളയ ബാധിത പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതിനായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായി ഒരു സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

ഭൂമി സൗജന്യമായി വിട്ടു നല്‍കാന്‍ പലരും തയ്യാറായിട്ടുണ്ട്. പ്രഹത്തായ പദ്ധതിയായി പ്രളയ ബാധിത മേഖലകളില്‍ ഇവ നടപ്പാക്കും. ഭവന നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണിക്കും അര്‍ഹരാണെന്ന് സര്‍ക്കാര്‍ കണ്ടെത്തുന്നവരെ സഹായിക്കുന്നതിന് പുറമെ മറ്റ് അര്‍ഹര്‍ക്കും ബൈത്തുറഹ്്മ കാരുണ്യ പദ്ധതികള്‍ വികേന്ദ്രീകൃതമായി നിര്‍മ്മിച്ച് നല്‍കും. പ്രളയ ബാധിത പ്രദേശങ്ങളില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ വേണ്ട സാമ്പത്തിക സഹായവും നല്‍കും.

കൂടാതെ ടെക്നീഷ്യന്മാരും എഞ്ചിനീയറിംഗ് വിംഗും വിദഗ്ധ തൊഴിലാളികളും ഉള്‍ക്കൊള്ളുന്ന ഒരു റിസോര്‍സ് ബാങ്ക് ലീഗ് രൂപീകരിക്കും. ഇവരുടെ സന്നദ്ധ സേവനം പുനരുധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തും. സര്‍ക്കാറിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ പ്രളയ സഹായം ഉപയോഗപ്പെടുത്താം എന്ന ചിന്ത നല്ലതല്ല. ആയിരം കോടിയിലേറെ ഇപ്പോള്‍ തന്നെ ലഭിച്ചു. എന്നാല്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരു സഹായവും ചെയ്യുന്നില്ല. സൗജന്യ റേഷന്‍ പോലും നല്‍കിയില്ല. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ജീവിച്ച് തുടങ്ങാനായി നല്‍കുമെന്ന് പറഞ്ഞ 10,000 രൂപ ഇനി എന്നാണ് നല്‍കുക. വീട് തകര്‍ന്നവര്‍ക്കും സമ്പാദ്യങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും അടിയന്തരമായി ധനസഹായം അനുവദിക്കണം. പ്രളയ ബാധിത മേഖലകളില്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. അര്‍ഹരായ പതിനായിരങ്ങള്‍ക്ക് പെന്‍ഷന്‍ നിഷേധിച്ചത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

മരിച്ചെന്നും പണക്കാരെന്നും മുദ്രകുത്തിയാണ് കൂട്ടത്തോടെ വെട്ടിനിരത്തിയത്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത മാനദണ്ഡങ്ങളുണ്ടാക്കിയാണ് അര്‍ഹരായ ആയിരങ്ങള്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ സര്‍ക്കാര്‍ നിഷേധിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഏഴിന് വെള്ളിയാഴ്ച സംസ്ഥാനത്തെ പഞ്ചായത്ത്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ കേന്ദ്രങ്ങളില്‍ സായഹ്ന ധര്‍ണ്ണ നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

Sharing is caring!