അധ്യാപക ദിനത്തില്‍ മലപ്പുറം മാതൃക, സ്വര്‍ണത്തില്‍ കുഞ്ഞന്‍ വേള്‍ഡ്കപ്പ് നിര്‍മിച്ച് അബ്ദുല്‍അലി ഇന്ത്യബുക് ഓഫ് റെക്കോര്‍ഡില്‍

അധ്യാപക ദിനത്തില്‍ മലപ്പുറം മാതൃക,  സ്വര്‍ണത്തില്‍ കുഞ്ഞന്‍  വേള്‍ഡ്കപ്പ് നിര്‍മിച്ച്  അബ്ദുല്‍അലി ഇന്ത്യബുക് ഓഫ്  റെക്കോര്‍ഡില്‍

 

മഞ്ചേരി: തൃപ്പനച്ചി എ യു പി സ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകനായ അബ്ദുല്‍ അലി മാസ്റ്റര്‍ ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി. ഇക്കഴിഞ്ഞ ജൂണില്‍ റഷ്യയില്‍ നടന്ന ഫിഫ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ട്രോഫിയുടെ മാതൃക 200 മില്ലി ഗ്രാം സ്വര്‍ണ്ണത്തില്‍ തീര്‍ത്താണ് ഈ അദ്ധ്യാപകന്‍ കേരളത്തിന്റെ യശസ്സ് രാജ്യത്തുടനീളം ഉയര്‍ത്തിയത്.
അപൂര്‍വ്വമായ കഴിവുകളിലുടെ റെക്കോര്‍ഡ് സ്ഥാപിക്കുന്ന ഭാരതീയരായ പ്രതിഭകളുടെ പേരുകള്‍ രേഖപ്പെടുത്തുന്നതാണ് ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്‌സ്. നിലവില്‍ എ കെ ചാറ്റര്‍ജി ചെയര്‍മാനായുള്ള ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്‌സ് ടീമിന്റെ ആസ്ഥാനം ഹരിയാനയാണ്. ഇന്ത്യന്‍ ഗവണ്‍മെന്റ് അംഗീകൃത ടീം 2011ലാണ് രജിസ്റ്റര്‍ ചെയ്തത്. റെക്കോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ പ്രത്യേക കമ്മറ്റി പരിശോധിക്കും. സൂക്ഷ്മ പരിശോധനക്ക് ശേഷം അംഞ്ചംഗ ജൂറിയാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. തുടര്‍ന്ന് നടക്കുന്ന അഭിമുഖത്തില്‍ തന്റെ സൃഷ്ടി റെക്കോര്‍ഡിനര്‍ഹമെന്ന് മത്സരാര്‍ത്ഥി തെളിയിച്ചതിനും ശേഷം മാത്രമെ റെക്കോര്‍ഡില്‍ പേരു ചേര്‍ക്കുന്നത് പരിഗണിക്കൂ.
ഇറ്റലിക്കാരനായ ജോര്‍ജിന്‍സ്റ്റന്‍ 2014ല്‍ സമാനമായ കുഞ്ഞന്‍ വേള്‍ഡ് കപ്പ് നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഇതിന് 900 മില്ലിഗ്രാം തൂക്കമുണ്ടായിരുന്നു. ഇതാണ് അബ്ദുല്‍ അലിക്ക് ഭാരം കുറഞ്ഞ കപ്പ് നിര്‍മ്മിക്കാന്‍ പ്രചോദനമായത്. 18 കാരറ്റ് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത കപ്പ് യഥാര്‍ത്ഥ വേള്‍ഡ് കപ്പിന്റെ തനി മാതൃകയാണ്. 600 മില്ലി ഗ്രാമിലും ഒരു വേള്‍ഡ് കപ്പ് ഇദ്ദേഹം തീര്‍ത്തിട്ടുണ്ട്. മൂന്നു ദിവസത്തെ അശ്രാന്ത പരിശ്രമം കൊണ്ടാണ് ഈ വിസ്മയ മാതൃകകള്‍ പണി പൂര്‍ത്തിയാക്കാനായത്. ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയതോടെ കൗതുകമൂറുന്ന കുഞ്ഞന്‍ കപ്പുകള്‍ കാണാന്‍ അബ്ദുല്‍ അലിയുടെ വീട്ടിലേക്ക് കാണികളുടെ ഒഴുക്കാണ്. കാണാനെത്തുന്നവരുടെ ആവശ്യപ്രകാരം കപ്പുകള്‍ സ്‌കൂളില്‍ പ്രദര്‍ശനത്തിനു വെക്കുകയും ചെയ്തിരുന്നു.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ പേര് ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷ നല്‍കാനിരിക്കുകയാണ് അബ്ദുല്‍ അലി. അപൂര്‍വ്വ നാണയ-പുരാവസ്തു ശേഖരത്തിനുടമയായ ഇദ്ദേഹം മലപ്പുറം ന്യൂമിസ്മാറ്റിക് സൊസൈറ്റി പ്രസിഡണ്ട് കൂടിയാണ്.
പുല്പറ്റ തൃപ്പനച്ചിയിലെ പരേതനായ എം സി ഹസ്സന്‍ കുട്ടി ഹാജിയുടെയും ഫാത്തിമയുടെയും മകനാണ് അബ്ദുല്‍ അലി. ഭാര്യ കൊട്ടുക്കര പി.പി.എം.എച്ച്.എസ്. അധ്യാപിക ജസീല, മക്കള്‍ നജാ ഫാത്തിമ, നഷ ആയിഷ, നൈസ മെഹര്‍.

Sharing is caring!