സോഷ്യല്‍മീഡിയയിലൂടെ സാമൂഹ്യസേവനവുമായി പെരിന്തല്‍മണ്ണയിലെ താമരത്ത് ഹംസു
മലപ്പുറം: പ്രിയമുള്ളവരേ … ഞാന്‍ താമരത്ത് ഹംസു പെരിന്തല്‍മണ്ണയില്‍നിന്നും.. എന്ന് തുടങ്ങുന്ന ശബ്ദ സന്ദേശം വാട്സ്ആപ് വഴി കേള്‍ക്കാത്ത മലപ്പുറം ജില്ലയിലെ പ്രവാസി സുഹൃത്തുക്കള്‍ കുറവായിരിക്കും.
മലപ്പുറം ജില്ലയിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത സാമൂഹിക സേവകനാണ് താമരത്ത് ഹംസു. മലപ്പുറം ജില്ലയിലെയും , സമീപ ജില്ലകളിലെയും ഉള്‍പ്രദേശങ്ങളില്‍ വരെ നടക്കുന്ന മരണങ്ങളും , അപകട വിവരങ്ങളും വാട്ടസ്ആപ് , ഫേസ്ബുക്ക് തുടങ്ങിയ നവ മാധ്യമങ്ങള്‍ വഴി സ്വദേശത്തും, വിദേശത്തുമുള്ള ലക്ഷക്കണക്കിന് ആളുകളിലേക്ക് കൃത്യമായും, സത്യസന്ധമായും എത്തിക്കുക എന്ന വേറിട്ട ജീവ കാരുണ്ണ്യ ദൗത്യമാണ് താമരത്ത് ഹംസു നടത്തിക്കൊണ്ടിരിക്കുന്നത്. പെരിന്തല്‍മണ്ണയുടെ പരിസര പ്രദേശങ്ങളിലെ മരണ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുക എന്ന ദൗത്യം മാത്രമല്ല ജാതി മത , രാഷ്ട്രീയ ചേരിതിരിവുകള്‍ ഇല്ലാതെ തനിക്ക് മുന്‍പരിചയം പോലും ഇല്ലാത്ത മരണ വീടുകള്‍ സന്ദര്‍ശിക്കുകയും, മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുകയും, സന്തപ്ത കുടുംബാങ്ങങ്ങളെ അവരുടെ ദുഃഖത്തില്‍ സമാശ്വസിപ്പിക്കുകയും ചെയ്യുക എന്ന മഹനീയ കര്‍മ്മവും ഹംസു നിര്‍വ്വഹിക്കുന്നു.
കഴിഞ്ഞ രണ്ടര വര്‍ഷത്തിലധികമായി വേറിട്ട ഈ ജീവ കാരുണ്ണ്യ പ്രവര്‍ത്തനം നടത്തുന്ന ഹംസു താന്‍ അംഗമായ അന്‍പതിലധികം വാട്സ്ആപ് , ഫേസ്ബുക്ക് ഗ്രൂപ്പുകളിലേക്കും , അയ്യായിരം പേര് വീതമുള്ള തന്റെ രണ്ടു ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴിയും ,ഫേസ് ബുക്ക് പേജ് വഴിയും, ലക്ഷക്കണക്കിന് ആളുകളിലേക്കാണ് തന്റെ സന്ദേശങ്ങള്‍ എത്തിക്കുന്നത്.ഹംസുവിന്റെ സന്ദേശങ്ങളെ പ്രധാനമായും ആശ്രയിക്കുന്നത് പ്രവാസ ലോകത്തുള്ളവരാണ്. നാട്ടില്‍ നടക്കുന്ന പല മരണങ്ങളും ഹംസുവിന്റെ ശബ്ദ സന്ദേശം വഴി അറിഞ്ഞ പ്രവാസികളാണ് നാട്ടില്‍ അവരുടെ വീടുകളില്‍ അറിയിക്കുന്നത്.
2.11.2015 ന് പെരിന്തല്മണ്ണക്കടുത്ത കട്ടുപ്പാറയിലെ പി.ടി. ആലി മുസ്ല്യാരുടെ മരണ വാര്‍ത്തയാണ് ഹംസു ആദ്യമായി ഫേസ് ബുക്കിലിടുന്നത്.
മരണങ്ങളുടെയും, അപകടങ്ങളുടെയും സന്ദേശങ്ങള്‍ നല്‍കുക എന്ന ദൗത്യം മാത്രമല്ല ‘ കാരുണ്ണ്യം’ എന്ന തന്റെ വാട്സ്ആപ് കൂട്ടായ്മ വഴി പാവപ്പെട്ടവര്‍ക്ക് നിരവധി സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിനും ഹംസു നേതൃത്വം നല്കുന്നു.
പെരിന്തല്‍മണ്ണയിലെ വിധവയായ ഉമ്മക്കും, ബധിരനും, മൂകനുമായ മകനും വീട് പണി പൂര്‍ത്തിയാക്കുന്നതിന് രണ്ട് ലക്ഷത്തി എണ്‍പതിനായിരം രൂപയും, കുന്നപ്പള്ളിയിലെ കിഡ്നി രോഗിക്ക് അന്‍പതിനായിരം, കാന്‍സര്‍ രോഗിയായ 16 കാരന് അഞ്ച് ലക്ഷത്തി നാല്‍പത്തിഏഴായിരം , അരക്ക് താഴെ തളര്‍ന്ന രോഗിക്ക് വീല്‍ ചെയര്‍ , വലിയങ്ങാടി സ്വദേശിക്ക് കൃത്രിമ കാല് വെക്കാന്‍ ഒരുലക്ഷത്തി അയ്യായിരം , സാമ്പത്തിക പ്രയാസം നേരിടുന്ന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിന് ഇരുപത്തി ഏഴായിരം, താഴെക്കോട്ടെ കഴുത്തിന് താഴെ തളര്‍ന്ന രോഗിക്ക് കട്ടില്, മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ തുടങ്ങി നിരവധി സാമ്പത്തിക സഹായങ്ങള്‍ ഈ ഗ്രുപ്പ് വഴി നടത്തുന്നതിന് ഹംസുവിനു സാധിച്ചു. മുഖ്യ മന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള അരലക്ഷം രൂപ കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ കളക്ടറെ നേരിട്ട് ഏല്‍പ്പിക്കുകയുണ്ടായി.
സാമ്പത്തികമോ, ഭൗതികമോ ആയ ഒരു നേട്ടവും പ്രതീക്ഷിക്കാതെ ഒരു ‘പുണ്ണ്യ’ പ്രവര്‍ത്തി എന്ന നിലയില്‍ മാത്രം നടത്തുന്ന അദ്ദേഹത്തിന്റെ ഈ സേവനത്തിന് നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ദുബൈ പെരിന്തല്‍മണ്ണ മണ്ഡലം കെ.എം.സി.സി , മലപ്പുറം എം സി വി ചാനല്‍, പെരിന്തല്‍മണ്ണ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് തുടങ്ങി വിവിധ സംഘടനകളും, കൂട്ടായിമകളും , സ്ഥാപനങ്ങളും അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.
പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ജീവനക്കാര
നായിരുന്ന ഹംസു പെരിന്തല്‍മണ്ണ കക്കൂത്ത് വലിയങ്ങാടി സ്വദേശിയാണ്. ഭാര്യയും നാല് മക്കളും അടങ്ങുന്നതാണ് കുടുംബം.
താമരത്ത് ഹംസുവുമായി ബന്ധപ്പെടാവുന്ന നമ്പര്‍ :
98 47 35 65 47 .
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]