ജില്ലയിലെ ദുരിത ബാധിതര്‍ക്ക് മുഴുവന്‍ സഹായമെത്തിക്കും; മന്ത്രി കെ ടി ജലീല്‍
മലപ്പുറം: ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ ദുരന്തമനുഭവിച്ചവരില്‍ 11803 കുടുംബങ്ങളില്‍ നിന്നായി 40822 ആളുകളാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത താമസിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ഇതിനു പുറമെ ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചത് 27097 കുടുംബങ്ങളാണ്. മുഴുവന്‍ പേര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രീതിയിലുള്ള ആനുകൂല്യങ്ങള്‍ നല്‍കും. എന്നാല്‍ കുടുംബങ്ങള്‍ ബന്ധുവീടകളില് മാറി താമസിച്ചതു സംബന്ധിച്ചുള്ള കണക്കുകള്പൂര്ണമായും പരിശോധിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച കൃത്യമായ പരിശോധനകള്‍ വില്ലേജ് ഓഫീസര്‍മാര്‍ നടത്തി വരികയാണ്. കാലവര്‍ഷ ക്കെടുതി ബാധിച്ച ജില്ലയിലെ മുഴുവന്‍ വില്ലേജുകളും സര്‍ക്കാര്‍ തയ്യാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ആളുകള്‍ക്കും സഹായം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത 11803 കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ നല്‍കിക്കഴിഞ്ഞു. കിറ്റ് ലഭിക്കാത്തവര്‍ അതാത് വില്ലേജ് ഓഫീസറുമായി ബന്ധപ്പെടണം. ബന്ധുവീടുകളില്‍ താമസിച്ചവര്ക്കുള്പ്പടെ രജിസ്റ്റര്‍ ചെയ്യുന്ന മുറക്ക് കിറ്റുകള്‍ ലഭിക്കും. ജില്ലയിലെ 138 വില്ലേജുകളില്‍ 116 വില്ലേജുകള്‍ പ്രളയബാധിതമാണെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്.
ആരംഭഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ലഭിച്ച കണക്കുകള്‍ പ്രകാരം 53 വില്ലേജുകളാണ് പ്രളയബാധിതമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിരീക്ഷണത്തില്‍ വന്നിട്ടുള്ളത്. 67 വില്ലേജുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശ ദുരന്തനിവാരണ അതോറിറ്റിയുടെ കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. റവന്യു വകുപ്പിന്റെ ഫ്ലഡ് മാപ്പുമായി ഒത്തുനോക്കിയാണ് അന്തിമ തീരുമാനം ദുരന്തനിവാരണ അതോറിറ്റിയുടെ കമ്മിറ്റി എടുക്കുന്നത്. ജില്ലയില്‍ പ്രളയ ദുരന്തം ബാധിക്കപ്പെട്ട മുഴുവന്‍ വില്ലേജുകളും പട്ടികളയില് നിര്‍ബന്ധമായും ഉള്‍പ്പെടുത്തും.
10000 രൂപയാണ് ഓരോ കുടുംബത്തിനും നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ 6200 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 3800 രൂപ ദുരന്തനിവാരണ അതോറിറ്റിയുടെ ഫണ്ടില്‍ നിന്നുമാണ് . നിലവില്‍ 3800 രൂപ വീതം 7553 കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്കിക്കഴിഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന 4250 കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ തുക നല്‍കാനായിട്ടില്ല. ഇവര്‍ വിവരങ്ങള്‍ നല്കുന്ന മുറക്ക് പണം നല്‍കും. ബാക്കി തുക ഒറ്റ തവണയായി അക്കൗണ്ടുകളിലേക്ക് നല്‍കാനായി ജില്ലക്ക് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടുണ്ട്. അതാത് തഹസില്‍ദാര്‍മാര്‍ പണം നല്‍കുന്നതിനായി തുക അനുവദിച്ചിട്ടുണ്ട്.
6918 കുടുംബങ്ങള്‍ക്കായി 6200 രൂപ നല്‍കുന്നതിനായി ഏഴ് തഹസില്‍ദാര്‍മാര്‍ക്കും 4.2891600 കോടി രൂപ വീതം നല്‍കിക്കഴിഞ്ഞു. 3800 രൂപ വീതം നല്കാന് 15 കോടിയിലധികം രൂപ കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള 6200 രൂപ നല്‍കാനായി ആവശ്യമുള്ള 24.93 കോടിയും ലഭിച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ ജില്ലയില്‍ 48 പേരാണ് മരണപ്പെട്ടത്. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാളെ കാണാതാകുകയും ചെയ്തിട്ടുണ്ട്.
നിലവിലെ കണക്കുകള്‍പ്രകാരം 596 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. ഇത് സംബന്ധിച്ച സ്ഥല പരിശോധനകള്‍ക്ക് ശേഷമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. ഭാഗികമായി തകര്‍ന്നത് 5303 വീടുകളാണ്. ഓരോ വീടുകള്‍ക്കും എത്ര രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത് എന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ കണക്കുകള്‍ തയ്യാറാക്കി വരികയാണ്. ഇത് സംബന്ധിച്ച നഷ്ടത്തിന്റെ കണക്കുകള്‍ സെപ്റ്റംബര്‍ പത്തിനകം പൂര്‍ത്തിയാക്കി എസ്റ്റിമേറ്റ് ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭാഗികമായി തകര്‍ന്ന വീടുകള്‍ റിപ്പയര്‍ ചെയ്യുന്നതിന് 386 കുടുംബങ്ങള്‍ക്ക് 23.97 ലക്ഷം രൂപയാണ് നല്‍കിയത്.
ജില്ലയില്‍ നിലവില്‍ നാല് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. കൊണ്ടോട്ടി താലൂക്കിലെ മൊറയൂര്‍ വില്ലേജില്‍ രണ്ട് ക്യാമ്പുകളാണുള്ളത്. ബി.ആര്.സി കെട്ടിടത്തില്‍ അഞ്ച് കുടുംബങ്ങളില്‍ നിന്നായി പതിനെട്ടാളുകളും കുന്നക്കാട് അംഗന്‍വാടിയില്‍ മൂന്ന് കുടുംബങ്ങളുമാണ് താമസിക്കുന്നത്. നിലമ്പൂര്‍ താലൂത്തിലെ കുറമ്പിലങ്ങോട് വില്ലേജില്‍ എരഞ്ഞിമങ്ങാട് യത്തീംഖാനയില്‍ 53 കുടുംങ്ങളില്‍ നിന്നായി 183 ആളുകളാണുള്ളത്. പൊന്നാനി എഴവത്തിരുത്തി ചമ്രവട്ടം പ്രൊജക്ട് ഓഫീസിലെ ക്യാമ്പില്‍ 21 കുടംബങ്ങളില്‍ നിന്നായി 80 ആളുകളും താമസിക്കുന്നു. ഇത്തരത്തില്‍ ജില്ലയില്‍ ആകെ 82 കുടുംബങ്ങളില്‍ നിന്നായി 294 ആളുകളാണ് ക്യാമ്പുകളിലുള്ളത്.
പ്രാരംഭ കണക്കുകള്‍ പ്രകാരം 121.21 കോടിയുടെ കൃഷി നാശമുള്ളതായാണ് വ്യക്തമാകുന്നത്. കന്നുകാലികള്‍ക്കും പക്ഷി വര്‍ഗ്ഗങ്ങള്‍ ഇനത്തില്‍ 4.55 കോടിയാണ് നഷ്ടം. റോഡുകള്‍ പാലങ്ങള്‍ എന്നിങ്ങനെ പൊതുമരാമത്തിന് മാത്രം നഷ്ടമായത് 246 കോടി രൂപയാണ്. തദ്ദേശ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവക്കുണ്ടായ നഷ്ടം കണക്കാക്കുന്നതിന് ജില്ലാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
RECENT NEWS
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ [...]