പ്രണയംനടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ പെരിന്തല്‍മണ്ണ പോലീസ് പിടികൂടി
പെരിന്തല്‍മണ്ണ: പ്രണയംനടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കാസര്‍കോട് മൂളിയാര്‍ സ്വദേശി സുല്‍ത്താന്‍ മന്‍സില്‍ വീട്ടില്‍ മുഹമ്മദ് അന്‍സാറിനെ (24) മൈസൂരില്‍നിന്ന് അറസ്റ്റുചെയ്തു.
ഫെയ്സ്ബുക്കും വാട്സ് ആപ്പും വഴിയാണ് ഇരകളെ വലയില്‍ വീഴ്ത്തുന്നത്. ജോലി വാഗ്ദാനം ചെയ്തും തമിഴ്, തെലുങ്ക് സിനിമകളില്‍ അവസരം വാങ്ങിക്കൊടുക്കാമെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ച് ഹൈദരാബാദ്, ബാംഗ്ളൂര്‍ എന്നിവിടങ്ങളില്‍ ഹോട്ടലുകളില്‍ ആഢംബര മുറിയെടുത്ത് തങ്ങി പണം വാങ്ങിയ ശേഷം മുങ്ങുകയാണ് പതിവ്. സ്ത്രീകളെയും മറ്റും പരിചയപ്പെട്ട് അടുപ്പംനടിച്ച് അവരുടെ സ്വര്‍ണ്ണവും മറ്റും വാങ്ങി അവരെക്കൊണ്ടു തന്നെ പണയംവച്ച് ആ പണവും വാങ്ങി രക്ഷപ്പെടുകയാണ് ചെയ്യുന്നത്.
മുക്കത്തുള്ള രണ്ട് യുവാക്കളില്‍ നിന്ന് തെലുങ്ക് സിനിമയില്‍ യുവ സൂപ്പര്‍താരത്തിന്റെ കൂടെ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നു പറഞ്ഞ് രണ്ടു ലക്ഷം രൂപയോളം വാങ്ങിയതായും കോഴിക്കോട്ടുള്ള രണ്ടു പേരുടെ മക്കളെ സിനിമയില്‍ ബാലതാരമാക്കാമെന്നു പറഞ്ഞ് പതിനായിരം രൂപ വീതം വാങ്ങി.
കോഴിക്കോട്, വയനാട്, ബത്തേരി, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം, മൂന്നാര്‍, കോലഞ്ചേരി, എറണാകുളം, മലപ്പുറം എന്നീ സ്ഥലങ്ങളിലായി നിരവധിയാളുകളില്‍ നിന്ന് ഇത്തരത്തില്‍ പണവും സ്വര്‍ണ്ണവും തട്ടിയതായി പ്രതി പൊലീസിനോട് സമ്മതിച്ചു.
പ്രതിയെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് ഫെയ്സ്ബുക്ക് വഴി പ്രതിയുമായി ബന്ധപ്പെട്ട് ജോലി ആവശ്യമുള്ളയാളാണ് എന്ന വ്യാജേന ചാറ്റ്ചെയ്ത് മൈസൂരിലേക്ക് വിളിച്ചുവരുത്തി മൈസൂര്‍ സബര്‍ബന്‍ ബസ് സ്റ്റാന്റ് പരിസരത്ത് വച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലെടുക്കുമ്പോള്‍ കേരളത്തിലെ ഒരു സീരിയല്‍ താരം പ്രതിയുടെ കൂടെയുണ്ടായിരുന്നു. അയാളില്‍ നിന്നും സിനിമയില്‍ അവസരം വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് രണ്ടു ലക്ഷത്തോളം രൂപ വാങ്ങാനുള്ള ശ്രമത്തിനിടയിലാണ് പൊലീസ് സംഘം പ്രതിയെ അറസ്റ്റുചെയ്യുന്നത്. പ്രമുഖ സിനിമാതാരങ്ങളോടൊപ്പമുള്ള ഫോട്ടോകളും മറ്റും കാണിച്ചാണ് സീരിയല്‍ താരത്തെ വലയില്‍ വീഴ്ത്തിയത്. ഇതിനു വേണ്ടി ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പോയി നടന്മാരുടെയും സംവിധായകരുടേയും കൂടെനിന്ന് സെല്‍ഫിയെടുത്തിട്ടുണ്ട്.
പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി.മോഹനചന്ദ്രന്, എസ്.ഐ ആന്റണി, അഡീഷണല്‍ എസ്.ഐ സുബൈര്‍, സതീശന്, ശശികുമാര്‍, പ്രദീപ്, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, രാമകൃഷ്ണന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]