മനുഷ്യര്‍ ജീവനും കൊണ്ട് ഓടുമ്പോള്‍ പ്രളയത്തില്‍ തകരുന്ന വീടിന്റെ ഫോട്ടോ എടുക്കാന്‍ സാധിക്കുമോയെന്ന പി.കെ. ബഷീര്‍. എം.എല്‍.എ നിയമസഭയില്‍

മനുഷ്യര്‍ ജീവനും കൊണ്ട് ഓടുമ്പോള്‍ പ്രളയത്തില്‍ തകരുന്ന വീടിന്റെ ഫോട്ടോ എടുക്കാന്‍ സാധിക്കുമോയെന്ന പി.കെ. ബഷീര്‍. എം.എല്‍.എ നിയമസഭയില്‍

മലപ്പുറം: മനുഷ്യര്‍ ജീവനും കൊണ്ട് ഓടു്‌മ്പോള്‍ പ്രളയത്തില്‍ തകരുന്ന വീടിന്റെ ഫോട്ടോ എടുക്കാന്‍ സാധിക്കുമോ എന്ന് ഏറനാട് എം.എല്‍.എ പി.കെ. ബഷീര്‍. പ്രളയത്തില്‍ തകര്‍ന്ന വീടിന്റെ ഫോട്ടോ ധനസഹായ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്. റവന്യൂ വകുപ്പിന്റെ ഈ നിലപാടില്‍ മാറ്റം വരുത്തണം. ബന്ധുവീട്ടിലും ദുരിതാശ്വാസ ക്യാമ്ബിലും സുഹൃത്തുകളുടെ വീട്ടിലും കഴിയുന്നവര്‍ക്ക് സഹായ ലഭിക്കേണ്ടേ എന്നും പി.കെ. ബഷീര്‍ ചോദിച്ചു.

മലപ്പുറം ജില്ലയില്‍ ദുരിതാശ്വാസത്തിന് 80 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചതില്‍ 15 ലക്ഷം മാത്രമാണ് ചെലവായത്. ബാക്കി മത, സാമൂഹിക, സന്നദ്ധ, രാഷ്ട്രീയ സംഘടനകളാണ് ക്യാമ്ബിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ചത്. ക്യാമ്ബ് കഴിഞ്ഞതോടെ പാര്‍ട്ടിക്കാര്‍ ഏറ്റെടുത്ത് ബാക്കിയുള്ള സാധനങ്ങള്‍ വിതരണം ചെയ്യാന്‍ തുടങ്ങി. ക്യാമ്ബ് പിടിച്ചെടുക്കുന്നത് ശരിയായ രീതിയല്ല. ബാക്കി വന്ന സാധനങ്ങള്‍ വില്ലേജ് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിതരണം ചെയ്യണം.

മുസ് ലിം ലീഗിന് ഭൂരിപക്ഷ മണ്ഡലമായ മലപ്പുറത്ത് ഇത്തരത്തിലുള്ള ക്യാമ്ബ് പിടിച്ചെടുക്കല്‍ ഞങ്ങള്‍ നടത്തിയിട്ടില്ല. ദുരിതത്തില്‍പ്പെട്ടവരെ കൈ മറന്ന് സഹായിക്കുകയാണ് വേണ്ടത്. ആ മനോഭാവത്തിലേക്ക് സി.പി.എം വരണം. അല്ലാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ക്യാമ്ബിലെ സ്റ്റോറിന്റെ ചുമതല ഏല്‍പ്പിക്കുകയല്ല വേണ്ടതെന്നും ബഷീര്‍ നിയമസഭയില്‍ പറഞ്ഞു.

അനധികൃതമായ കെട്ടിടങ്ങള്‍ക്കും കുന്നിടിക്കുന്നതിനും പിഴ അടച്ച് അനുവാദം നല്‍കുന്ന 2017ലെ നിയമം പാസാക്കിയത് ഇടത് സര്‍ക്കാരാണ്. എല്ലാം പറയുന്നതും ചെയ്യുന്നതും സര്‍ക്കാര്‍ തന്നെയാണെന്നും പ്രതിപക്ഷമല്ലെന്നും ബഷീര്‍ കുറ്റപ്പെടുത്തി.

ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണം. വീടിന് ആറും സ്ഥലത്തിന് നാലും ലക്ഷം രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ മാറ്റം വരുത്തണം. 10,000 രൂപ അനുവദിച്ചതില്‍ 3,500 രൂപക്കും 6,500 രൂപക്കും പ്രത്യേകം അപേക്ഷ നല്‍കണമെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതെന്നും ബഷീര്‍ ചൂണ്ടിക്കാട്ടി.

വീട് നഷ്ടപ്പെട്ടവര്‍ക്ക് നാട്ടില്‍ നിര്‍മിക്കുന്ന ഫ്‌ലാറ്റില്‍ താമസിക്കാന്‍ സാധിക്കില്ല. റവന്യൂ വകുപ്പോ വനം വകുപ്പോ സ്ഥലം നല്‍കി അതാത് പ്രദേശത്ത് തന്നെ ആദിവാസികള്‍ക്ക് വീട് നിര്‍മിക്കാനുള്ള സംവിധാനം വേണമെന്നും ബഷീര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു.

Sharing is caring!