അധികൃതര്‍ തിരിഞ്ഞുനോക്കാത്ത ആദിവാസികള്‍ക്ക് ഭക്ഷണവും ഓണക്കോടിയും എത്തിച്ച് സിബി വയലില്‍

അധികൃതര്‍ തിരിഞ്ഞുനോക്കാത്ത ആദിവാസികള്‍ക്ക് ഭക്ഷണവും ഓണക്കോടിയും എത്തിച്ച് സിബി വയലില്‍

നിലമ്പൂര്‍: പ്രളയദുരിതം പേറുന്ന ഏഷ്യയിലെ അവശേഷിക്കുന്ന പ്രാക്തന ആദിവാസി വിഭാഗമായ ചോലനായ്ക്കര്‍ക്ക് സര്‍ക്കാര്‍ സഹായമെത്തുന്നില്ല. പട്ടിണിയിലായ നിലമ്പൂര്‍ നെല്ലിക്കുത്ത് ഉള്‍വനത്തിലെ അളക്കല്‍ കോളനിയിലെ 150തോളം പേര്‍ക്ക് ഓണസദ്യയും ഓണക്കോടിയും നല്‍കിയത് മലയോര വികസന സമിതി സംസ്ഥാന പ്രസിഡന്റ് സിബി വയലിലിന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ സമഖ്യ സൊസൈറ്റിയുമായി ചേര്‍ന്നാണ് അധികൃതര്‍ തിരിഞ്ഞുനോക്കാത്ത അളക്കല്‍ കോളനിയിലേക്ക് സിബിയും കൂട്ടുകാരും സഹായവുമായെത്തിയത്. ഉരുള്‍പൊട്ടലില്‍ കരിക്കന്‍പുഴയും തോടുകളും നിറഞ്ഞൊഴുകി ഒരാഴ്ചക്കാലമാണ് അളക്കല്‍ കോളനി ഒറ്റപ്പെട്ടത്. പുഴ ഗതിമാറിയൊഴുകിയുള്ള ദുരിതവും ഇവര്‍ അനുഭവിച്ചു. പ്രളയ ബാധിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായമൊന്നും ഇവര്‍ക്കു ലഭിച്ചിട്ടില്ല. ഉള്‍വനത്തിലായതിനാല്‍ ഭക്ഷണവസ്തുക്കളും വസ്ത്രങ്ങളുമടക്കം സുമനസുകളുടെ സഹായവും എത്തുന്നില്ല.
കനത്ത മഴയില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്തതിനാല്‍ ഇവിടുത്തെ കുടുംബങ്ങള്‍ മിക്കതും പട്ടിണിയിലാണ്. ഏഷ്യയില്‍ അവശേഷിക്കുന്ന പ്രാക്തനഗോത്രവര്‍ഗമായ ചോലനായ്ക്കര്‍ ഓണത്തിന് പട്ടിണിയാകുമെന്നറിഞ്ഞാണ് ഓണസദ്യ ഒരുക്കാന്‍ സന്നദ്ധ സംഘടനകള്‍ രംഗത്തുവന്നത്. നിലമ്പൂരിലെ വീട്ടില്‍ നിന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം ഓണസദ്യയൊരുക്കി വാഴയിലയില്‍ പൊതിഞ്ഞ് പാക്കറ്റുകളിലാക്കി പായസം പാത്രങ്ങളിലെടുത്താണ് സിബി വയലില്‍ മഹിളാസമഖ്യ സൊസൈറ്റി പ്രവര്‍ത്തകരുടെ സഹായത്തോടെ ഉച്ചയോടെ കോളനിയിലെത്തിയത്. നെല്ലിക്കുത്തില്‍ നിന്നും 15 കിലോമീറ്റര്‍ വനത്തിലൂടെയുള്ള ദുര്‍ഘടപാതതാണ്ടി ആനയിറങ്ങുന്ന വഴികളിലൂടെ അതിസാഹസികമായായിരുന്നു ജീപ്പ് യാത്ര. സ്വീകരിക്കാന്‍ മൂപ്പന്‍ കുള്ളന്‍ ചാത്തന്‍ അടക്കം കോളനിക്കാരെല്ലാമുണ്ടായിരുന്നു. കോളനിയിലെ മുതിര്‍ന്ന അംഗം അളക്കല്‍ കുള്ളനെ പൊന്നാട അണിയിച്ചു. വിഭവസമൃദ്ധമായ സദ്യയും പായസവും കഴിച്ച് നിറഞ്ഞ വയറും മനസുമായാണ് ചോലനായ്ക്കര്‍ സിബി വയലിലിനെയും മഹിളാ സമഖ്യ പ്രവര്‍ത്തകരെയും യാത്രയാക്കിയത്.സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഓണത്തിന് വയറുനിറച്ചുണ്ട ചോലനായ്ക്കര്‍ക്ക് ഇനി വരാനിരിക്കുന്നത് പട്ടിണിയുടെ കാലമാണ്.

Sharing is caring!