ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ദുരിതാശ്വാസ സാമഗ്രികളുമായി കരിപ്പൂരില്‍ വിമാനമെത്തി

ദുരിതം അനുഭവിക്കുന്നവരെ  സഹായിക്കാന്‍ ദുരിതാശ്വാസ  സാമഗ്രികളുമായി കരിപ്പൂരില്‍ വിമാനമെത്തി

കൊണ്ടോട്ടി: കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി യുഎഇയില്‍ നിന്ന് ദുരിതാശ്വാസ സാമഗ്രികളുമായി കരിപ്പൂരില്‍ വിമാനമെത്തി. അബൂദാബിയിലെ യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍ സ്ഥാപകന്‍ ഡോ.ഷബീര്‍ നെല്ലിക്കോടിന്റെ നേതൃത്വത്തിലാണ് കോഴിക്കോട് ട്രോമാകെയറിന്റെ പേരില്‍
12.8 ടണ്‍ മെഡിക്കല്‍, വസ്ത്രങ്ങള്‍, ഭക്ഷ്യസാധനങ്ങളടക്കം അയച്ചത്.
പാക്കിസ്ഥാന്‍ വിമാന കമ്പനിയായ വിഷന്‍ എയര്‍ അബൂദാബിയില്‍ നിന്ന് കാറാച്ചി വഴിയാണ് കരിപ്പൂരിലെത്തിയത്. വിദേശ രാജ്യത്ത് നിന്ന് ഒരുവിമാനം നിറയെ ദുരിതാശ്വാസ സാധനങ്ങളെത്തുന്നത് ഇതാദ്യമായണ്.അബൂദാബി യൂണിവേഴ്‌സല്‍ ആശുപത്രി അധികൃതരും ആശുപത്രിയില്‍ സ്ഥാപിച്ച ദുരിതാശ്വാസ പെട്ടിയില്‍ നിക്ഷേപിച്ച ഉല്‍പ്പന്നങ്ങളും വരും ദിവസങ്ങളിലും കേരളത്തിലെത്തിക്കുന്നുണ്ട്. 50 ടണ്‍ ഇതിനകം എത്തിക്കാനുണ്ട്. കപ്പലിലും, യാത്ര വിമാനങ്ങളിലുമായി ഇതെത്തിക്കും.
ബോയിംങ് 737 ഇനത്തില്‍ പെട്ട വിമാനത്തിന് മൂന്ന് മണിക്കൂറിലധികം ദൂരം പറക്കാന്‍ കഴിയാത്തതിനാലാണ് ഇത് കറാച്ചിയില്‍ ഇറങ്ങി ഇന്ധനം നിറച്ച് കരിപ്പൂരിലെത്തിയത്. ഇതിനായി പ്രത്യേക അനുമതി വാങ്ങിയിരുന്നു.നേരത്തെ നിപ്പാ വൈറസ് വേളയില്‍ ട്രോമ കെയറിന്റെ വിമാനം മരുന്നുകളുമായി തിരുവനന്തപുരത്തും കരിപ്പൂരിലുമെത്തിയിരുന്നു.
മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറത്തിന് കീഴില്‍ ദുബൈ,ബഹ്‌റെയിന്‍ എന്നിവടങ്ങളില്‍ നിന്നായി 16 ആയിരം കിലോ സാമഗ്രികള്‍ അടുത്ത ദിവസം എത്തിക്കുന്നുണ്ട്.

Sharing is caring!