യു.എ.ഇ ഭരണാധികാരിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

യു.എ.ഇ ഭരണാധികാരിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

മലപ്പുറം: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് 700 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്ത യു.എ.ഇ ഭരണാധികാരിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. വാര്‍ത്ത സമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കേരളം ഇന്ത്യയുടെ ഭാഗമാണോ അതോ യു.എ.ഇ യുടെ ഭാഗമാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. യു.എ.ഇ നല്‍കുന്നത് 700 കോടി. ‘ദേശ് വാസിയോം ‘ കൈവിട്ടാലും നാം അതിജീവിക്കുക തന്നെ ചെയ്യും എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
യു.എ.ഇ കേരളത്തിന് നല്‍കുന്നത് 700 കോടി രൂപ, എന്നാപ്പിന്നെ യു.എ.ഇയെ നമ്മുടെ കേന്ദ്രസര്‍ക്കാരായി അങ്ങ് പ്രഖ്യാപിച്ചൂടെ, നമ്മള്‍ അതിജീവിക്കും, നമ്മള്‍ പുനര്‍നിര്‍മ്മിക്കും എന്നാണ് മറ്റൊരാള്‍ കുറിച്ചത്’.
കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന ആരോപണം നേരത്തെ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം ഇടക്കാല ആശ്വാസമായി അനുവദിച്ച തുകയെക്കാള്‍ കൂടുതലായി യു.എ.ഇ ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
യു.എ.ഇ ഭരണാധികാരി പ്രധാനമന്ത്രിയോട് ഇക്കാര്യം സംസാരിച്ചെന്നും യു.എ.ഇയോടുള്ള കേരളത്തിന്റെ നന്ദി അറിയിക്കുന്നതായും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രവാസി മലയാളികളുടെ സഹായവും വലിയ രീതിയില്‍ ലഭിച്ചിട്ടുണ്ടെന്നും പുതിയൊരു കേരളമാണ് ഇനി കെട്ടിപ്പടുക്കേണ്ടെതെന്നും പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് നിര്‍ദ്ദേശിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘നബാര്‍ഡിനോട് സഹായം ആവശ്യപ്പെടും. വായ്പാ പരിധി നാലരശതമാനമാക്കി ഉയര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് വഴി 10,500 കോടി അധിക വായ്പ സമാഹരിക്കാനാകും.’

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം. വായ്പാ തിരിച്ചടവിന് ദുരിതാശ്വാസക്യാംപില്‍ പോയി പണം ആവശ്യപ്പെടരുതെന്നും മുഖ്യമന്ത്രി അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയ്ക്ക് 2800 കോടി അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Sharing is caring!