പ്രളയത്തില്‍ ഇന്ന് വിവാഹം നടക്കേണ്ട വീട് ഇന്നലെ തകര്‍ന്നു

പ്രളയത്തില്‍ ഇന്ന് വിവാഹം നടക്കേണ്ട വീട് ഇന്നലെ തകര്‍ന്നു

തിരൂര്‍: പ്രളയ ദുരിതം നിറഞ്ഞ കടലോര ഗ്രാമങ്ങളില്‍ കണ്ണുനീരുണങ്ങുന്നില്ല. ഭാരതപ്പുഴയും കൈവഴികളും കരകവിഞ്ഞൊഴുകുന്നതിനാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വെള്ളം കയറാന്‍ തുടങ്ങി. തിരുന്നാവായയില്‍ വ്യാഴാഴ്ച രാത്രി വിവാഹവീട് തകര്‍ന്നു വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു വൈക്കത്തില്‍ കുമാരന്റെ വീടാണ് പൂര്‍ണ്ണമായും തകര്‍ന്നത്. കുമാരന്റെ മകളുടെ വിവാഹം ഇന്ന് നടക്കാനിരിക്കെയാണ് വീട് തകര്‍ന്നത്. എടക്കുളത്തെ ഇര്‍ഷാദ് ഓഡിറ്റോറിയത്തിലാണ് വിവാഹം തീരുമാനിച്ചത്. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ ഇന്നു ജ്വല്ലറിയില്‍ കൊടുക്കാന്‍ സൂക്ഷിച്ച രണ്ടു ലക്ഷം രൂപ വീടു തകര്‍ന്നതോടെ മണ്ണിനടിയിലായി. വീട് നിന്ന സ്ഥലം ഒരു മണ്‍കൂനയായിരിക്കുന്നു. സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരിയുടെ നേതൃത്വത്തില്‍ കുമാരനെ സഹായിക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. പുറത്തൂര്‍ ഗ്രാമം ഇപ്പോഴും ഒറ്റപ്പെട്ടു കിടക്കുകയാണ്. ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു. കൂടുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യം പുറത്തൂരിലെത്തി. കളൂര്‍ ഭാഗങ്ങളില്‍ നിന്നും പ്രളയത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നു. താലൂക്കില്‍ ഇരുപത്തഞ്ച് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. തിരുന്നാവായ അടക്കം ഏതാനും ക്യാമ്പുകളില്‍ വെള്ളം കയറി. ഇതിനെത്തുടര്‍ന്ന് തിരുന്നാവായ, മംഗലം ഭാഗങ്ങളിലെ ക്യാമ്പുകളിലുള്ളവരെ മാറ്റി പാര്‍പ്പിച്ചു. ഭാരതപ്പുഴയില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം കടല്‍ തിരസ്‌കരിച്ചു കൊണ്ടിരിക്കുന്നതിനാലാണ് പുഴയുടെ തീരഗ്രാമങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായത്. ആലത്തിയൂര്‍, ചമ്രവട്ടം, മംഗലം, തിരുന്നാവായ, കുറ്റിപ്പുറം ടൗണുകള്‍ പൂര്‍ണ്ണമായും വെള്ളത്തിലാണ്. വീടുകളില്‍ വെള്ളം കയറിയതിനാല്‍ പണവും വസ്തുവിന്റെ ആധാരങ്ങളും നഷ്ടപ്പെട്ടവരുണ്ട്. വിദ്യാര്‍ഥികളുടെ പഠപുസ്തകങ്ങളും നശിച്ചു. നിരവധി വിവാഹങ്ങള്‍ മാറ്റിവെച്ചു. പ്രളയ മേഖലയിലെ ഖബര്‍സ്ഥാനു കളും വെള്ളത്തിലാണ്. പുറത്തൂര്‍ കളൂരില്‍ മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം പ്രളയത്തെതുടര്‍ന്ന് കൈനിക്കര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. കൈത്തോടുകള്‍ പോലും നിറഞ്ഞൊഴുകുകയാണ്. ഭാരതപ്പുഴയോരത്തെ മുഴുവന്‍ വീടുകളും വെള്ളത്തിലാണ്. ക്ലാരി മൂച്ചിക്കലില്‍ ജലവിതാനം ഉയര്‍ന്ന തിനാല്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇതി ലൂടെയുള്ള വാഹന ഗതാഗതവും തടസ്സപ്പെട്ടു. തിരൂരില്‍ നിന്നും മലപ്പുറത്തേക്ക് കോഴിച്ചെന എടരിക്കോടു വഴിയാണ് പോകുന്നത്. പുറത്തൂര്‍, മംഗലം, വെട്ടം, കുറ്റിപ്പുറം, ചമ്രവട്ടം ഭാഗങ്ങളിലേക്കുള്ള ഗതാഗതവും പുന:സ്ഥാപിക്കാനായിട്ടില്ല.

Sharing is caring!