… ദുരിതാശ്വാസ ക്യാമ്പുകളില്‍ 4495പേര്‍

… ദുരിതാശ്വാസ ക്യാമ്പുകളില്‍ 4495പേര്‍

 

മലപ്പുറം: വെള്ളം വലിയുന്നു, ആശ്വാസം, മരണ സംഖ്യയും ദുരിതാശ്വാസ ക്യാമ്പുകളുടേയും എണ്ണം കൂടുന്നു. അയ്യായിരത്തോളം പേരാണ് നിലവില്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. നിലവില്‍ 73 ക്യാമ്പുകളിലായി 4495പേരാണുള്ളത്. ഇതില്‍ 1414 കുടുംബങ്ങളാണ്. ഇതില്‍ 1671 പുരുഷന്‍മാരും 1765സ്ത്രീകളും 1059കുട്ടികളുമാണുള്ളത്. ഇതിന് പുറമെ വീടുകളില്‍ വെള്ളംകയറിയ പലരും ബന്ധുവീടുകളിലേക്കു താമസം മാറി. മറ്റുള്ളവരാണ് സ്‌കൂളുകളും മദ്രസകളും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പകുളിലെത്തിയത്. നിലമ്പൂര്‍ താലൂക്കിലാണ് കൂടുതല്‍ ക്യാമ്പുള്ളത്. ബുധനാഴ്ച്ചവരെ എട്ട് ക്യാമ്പുകളാണ് നിലമ്പൂര്‍ താലൂക്കില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏറനാട് താലൂക്കില്‍ അഞ്ചും കൊണ്ടോട്ടി, പൊന്നാനി, തിരൂര്‍ താലൂക്കുകളില്‍ മൂന്ന് ക്യാംപുകളും തിരൂരങ്ങാടി താലൂക്കില്‍ രണ്ടും ക്യാംപുകളാണ് ബുധനാഴ്ച്ചവരെ ഉണ്ടായിരുന്നതെങ്കില്‍ഇന്നലെ ഇവ വര്‍ധിച്ചു. ബുധനാഴ്ച്ചമാത്രം
ജില്ലയില്‍ ജില്ലയില്‍ മരണപ്പെട്ടത് 14 പേരാണ്. പൊന്നാനി, പെരിന്തല്‍മണ്ണ താലൂക്കില്‍ ഒരാളും കൊണ്ടോട്ടി താലൂക്കില്‍ 12 പേരുമാണ് മരണപ്പെട്ടത്. വീടിന് മുകളില്‍ മണ്ണിടിഞ്ഞ് ഐക്കരപ്പടി കൈതക്കുണ്ടയില്‍ കുടുംബത്തിലെ മൂന്ന് പേരും പെരിങ്ങാവില്‍ ഒമ്പത് പേരുമാണ് മരണപ്പെട്ടത്. കാലവര്‍ഷത്തെ തുടര്‍ന്ന് മെയ് 29 മുതല്‍ ഇന്നലെ വരെ 38 പേരാണ് മരിച്ചത്.ഒരാളെ കാണാതായിട്ടുണ്ട്. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
1805.288 മില്ലീമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 155 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 138 വില്ലേജുകളിലായി 3451 പേരെ കാലവര്‍ഷക്കെടുതി ബാധിച്ചു. 38 വീടുകള്‍ പൂര്‍ണ്ണമായും 643 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 208.99 ലക്ഷം രൂപയുടെ നഷ്ടം ഈയിനത്തില്‍ മാത്രം കണക്കാക്കുന്നു. ഇതുവരെ 2338 ഹെക്ടറിലാണ് കൃഷി നാശമുണ്ടായത്. കൃഷി നശിച്ചതിലൂടെ 64.55 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 45 ബോട്ടുകള്‍ തകര്‍ന്നതിലൂടെ 7.5 കോടിയുടെ നഷ്ടവുമാണ്ടായി.
കൊണ്ടോട്ടിയില്‍ കനത്ത മഴയില്‍ രണ്ട് വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കുടംബങ്ങളും അയല്‍വാസികളുമായ 12 പേര്‍ മരിച്ചത്. മൂന്ന് പേരെ രക്ഷപ്പെടുത്തി.ചെറുകാവ് പഞ്ചായത്തിലെ കൈതക്കുണ്ടക്ക് സമീപം പൂച്ചാല്‍, പെരിങ്ങാവിന് സമീപ കൊടപ്പുറം എന്നിവിടങ്ങളിലാണ് അപകടം. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ പൂച്ചാലിലുണ്ടായ മണ്ണിടിച്ചിലില്‍ കല്ലറച്ചാലി കണ്ണനാരി അബ്ദുള്‍ അസീസ്(48), ഭാര്യ സുനീറ(42), ഇളയ മകന്‍ ഉബൈദ്(6)എന്നിവരാണ് മരിച്ചത്. മൂത്ത കുട്ടികളായ ഉവൈസ്(18),ഉനൈസ്(16)എന്നിവര്‍ രക്ഷപ്പെട്ടു.
പെരിങ്ങാവ് കൊടപ്പുറം പാണ്ടികശാല അസ്‌ക്കറിന്റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ബന്ധുക്കളും അയല്‍വാസികളുമായ ഒമ്പത് പേര്‍ മരിച്ചത്.അഷ്‌കറിന്റെ സഹോദരന്‍ പാണ്ടികശാല കൊറ്റങ്ങോട് ബഷീര്‍ (47),ഭാര്യ സാബിറ(43),മക്കളായ ഫാത്തിമ ഫായിസ(19)മുഷ്ഫിഖ്(11),മറ്റൊരു സഹോദരന്‍ അബ്ദുള്‍ അസീസിന്റെ ഭാര്യ ഖൈറുന്നീസ( 35),അയല്‍ വാസികളായ മാന്ത്രമ്മല്‍ മുഹമ്മദലി(44),മകന്‍ സഫ്‌വാന്‍(26), ചെറാത്തൊടി മൂസ(50), സി.പി. ജംഷീഖിന്റെ മകന്‍ ഇര്‍ഫാന്‍ അലി(14) എന്നിവരാണ് മരിച്ചത്.വീടിനുള്ളില്‍ കുടുങ്ങിക്കിടന്ന കൊറ്റങ്ങോട് മുഹമ്മദലി(47)യാണ് രക്ഷപ്പെട്ടത്.മരിച്ച സഫ് വാന്റെ വിവാഹ കഴിഞ്ഞ ഞയറാഴ്ചയാണ് കഴിഞ്ഞത്.ഫാത്തിമ ഫായിസയുടെ നിക്കാഹും കഴിഞ്ഞ് ഏപ്രിലില്‍ കഴിഞ്ഞിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് പൂച്ചാലിലെ അസീസിന്റെ വീട്ടില്‍ ദുരന്തമുണ്ടായത്.വീടിന്റെ പിറകിലുളള 40 അടിയോളം ഉയരത്തിലുളള കുന്ന് മഴയില്‍ ഇടിഞ്ഞ് വീടിന്റെ ഒരു വശത്തേക്ക് വീണു. ഒരു മുറിയില്‍ കിടന്നുറങ്ങിയ അസീസും ഭാര്യയും മകനും മണ്ണിനടിയില്‍ പെട്ടു. മറ്റൊരു മുറിയിലായിരുന്ന മക്കള്‍ ഉവൈസും ഉനൈസും പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ടെറസിന് മുകളില്‍ കയറി താഴേക്ക് ചാടിയാണ് ഇരുവരും രക്ഷപ്പെട്ടത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസും അഗ്‌നിരക്ഷാസേനയും ദുരന്തനിവാരണസേനയും സ്ഥലത്തെത്തി. രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ബുധനാഴ്ച ഉച്ചക്ക് 12 മണിയോടയാണ് കൊടപ്പുറത്ത് അപകടമുണ്ടായത്.അസ്‌കറും കുടുംബവും വീട് പൂട്ടി കൊണ്ടോട്ടിയില്‍ വിവാഹത്തിന് പോയതായിരുന്നു.വീടിന് പിറകിലെ കുന്നില്‍ നിന്ന് മണ്ണിടിയാന്‍ തുടങ്ങിയതോടെ വീട്ടുമുറ്റത്തുള്ള കോഴിക്കൂട് മാറ്റാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്.വീടിനരികിലെ കുന്ന് അടര്‍ന്ന് വീട്ടിലേക്ക് പതിക്കുകയായിരുന്നു.15 അടിയോളം ഉയരത്തില്‍ മണ്ണ് നീക്കം ചെയ്താണ് അടിയില്‍ പെട്ടവരെ പുറത്തെത്തിച്ചത്.രക്ഷാ പ്രവര്‍ത്തനം വൈകീട്ട് ആറു മണിവരെ നീണ്ടു.സൈന്യവും അഗ്‌നിരക്ഷാസേിനയും പോലീസും നാട്ടുകാരും കഠിന പ്രയത്‌നം നടത്തിയാണ് മണ്ണ് നീക്കിയത്.
മാന്ത്രമ്മല്‍ മുഹമ്മദലി, മകന്‍ സഫ്‌വാന്‍, ചെറാത്തൊടി മൂസ, ഇര്‍ഫാന്‍ അലി എന്നിവരുടെ മൃതദേഹം ബുധനാഴ്ച രാത്രി പന്ത്രണ്ടോടെ ഖബറടക്കി. ബഷീര്‍, സാബിറ, ഫാത്തിമ ഫായിസ, മുഷ്ഫിഖ്, ഖൈറുന്നീസ എന്നിവരടെ മൃതദേഹം വ്യാഴാഴ്ച രാവിലെ പത്തോടെ വീട്ടിലെത്തിച്ച് പെരിങ്ങാവ് ജുമാഅത്ത് പള്ളിയില്‍ ഖബറടക്കി.
വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റാഫംഗങ്ങള്‍ മഴക്കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും, രക്ഷാപ്രവര്‍ത്തനങ്ങളിലും രംഗത്തിറങ്ങുവാന്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഓണാഘോഷ പ്പരിപാടികള്‍ മാറ്റിവെക്കാനും, അതിനായി സ്വരൂപിച്ച തുക ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വിനിയോഗിക്കാനും തീരുമാനമായി . ദുരിതബാധിതര്‍ക്ക് അത്യാവശ്യമായി വരുന്ന സാധനങ്ങള്‍ ക്യാമ്പുകളില്‍ നല്‍കുന്നതിനായി തിരൂര്‍ താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ടതിന് ശേഷം വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കും. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ദിവസത്തെ വേതനം നല്‍കുവാനും, ദുരിതാശ്വാസ
ക്യാമ്പുകളിലും ദുരിതബാധിത പ്രദേശങ്ങളിലും വളണ്ടിയര്‍ സേവനം നടത്തുവാനും തീരുമാനിച്ചു.സ്‌കൂളില്‍ പഠിക്കുന്ന ഏതെങ്കിലും വിദ്യാര്‍ഥികളുടെ കുടുംബം മഴക്കാലക്കെടുതിയില്‍ പ്പെട്ട് ദുരിതം അനുഭവിക്കുന്നുണ്ടെങ്കില്‍ അത്തരത്തിലുള്ള വീടുകളില്‍ അടിയന്തിര സഹായം എത്തിക്കാനും തീരുമാനിച്ചു യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ സി.എച്ച്. അബു യൂസഫ് ഗുരിക്കള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി .സുരേഷ്, പി. ടി. എ പ്രസിഡന്റ് മാരായ യു. ഷിഹാബ്, കുഞ്ഞാവ വാവാസ്, വളാഞ്ചേരി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.പി. ഫാത്തിമക്കുട്ടി, പ്രധാനധ്യാപിക സി.കെ. ശോഭ, ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. മോഹനദാസ് എന്നിവര്‍ സംസാരിച്ചു. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എ കെ എസ് ടി യു ജില്ലാ കമ്മിറ്റി 60,000 രൂപ കൈമാറി. എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറി എം വിനോദ് ജില്ലാ സെക്രട്ടറി പി. എം. ആശിഷില്‍ നിന്നും തുക ഏറ്റുവാങ്ങി. മലപ്പുറം ജില്ലയിലെ എ കെ എസ് ടിയു അംഗങ്ങളില്‍ നിന്ന് കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ സമാഹരിച്ചതാണ് തുക. ചടങ്ങില്‍ അഡ്വ. ഇസ്മായില്‍, ടി ജെ രാജേഷ്, സി കെ പത്മരാജ് സന്നിഹിതരായിരുന്നു

Sharing is caring!