മഴ കനത്തു, മനം കലങ്ങി മലപ്പുറം, റോഡ് ഗതാഗതം തടസപ്പെട്ടു

മഴ കനത്തു, മനം കലങ്ങി മലപ്പുറം, റോഡ് ഗതാഗതം തടസപ്പെട്ടു

കൊണ്ടോട്ടി: മലപ്പുറം ജില്ലയില്‍ മഴക്കെടുതി രൂക്ഷമാകുന്നു. മലപ്പുറം-കോഴിക്കോട്, മലപ്പുറം-പാലക്കാട് റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കൊണ്ടോട്ടി ഐക്കരപ്പടിയില്‍ മണ്ണിടിഞ്ഞ് വീണ് ആറു വയസുകാരനും, അച്ഛനും, അമ്മയും ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് പൂച്ചാലില്‍ കല്ലാടിപ്പാറയില്‍ അസീസ്, ഭാര്യ സുനീറ, ആറു വയസുള്ള മകന്‍ ഉബൈദ് എന്നിവരാണ് മരിച്ചത്.

ജില്ലയിലെ നദികളെല്ലാം അപകടരമായ അവസ്ഥയിലാണ്. മലയോര മേഖലയില്‍ മാത്രമായി നിന്നിരുന്ന മഴ ദുരിതം ജില്ലയുടെ മറ്റ് മേഖലകളെയും ബാധിച്ച് തുടങ്ങി. ഭാരതപ്പുഴ കരകവിഞ്ഞ് ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയും ഭീഷണയിലാണ്. ജില്ലാ ഭരണകൂടം നാളെ വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട്-മലപ്പുറം പാതയില്‍ എം ബി എച്ച് ആശുപത്രിക്കു മുന്നിലും, കൊണ്ടോട്ടിയിലും വെള്ളം കയറി ഗതാഗത തടസമുണ്ട്. പാലക്കാട് റൂട്ടില്‍ കൂട്ടിലങ്ങാടി ഭാഗത്തും വെള്ളം കയറിയിട്ടുണ്ട്. എം ബി എച്ച് ആശുപത്രി, മആദിന്‍ പള്ളി, എന്നിവിടങ്ങളിലും വെള്ളം കയറി.

Sharing is caring!