ചാലിയാര്‍ പഞ്ചായത്തിന് പ്രത്യേക ദുരിതാശ്വാസ പാക്കേജ് നടപ്പാക്കാന്‍ പി.കെ ബഷീര്‍ എം.എല്‍.എയോട് ഏകോപനം ഉണ്ടാക്കാന്‍ മുഖ്യമന്ത്രി

ചാലിയാര്‍ പഞ്ചായത്തിന് പ്രത്യേക  ദുരിതാശ്വാസ പാക്കേജ് നടപ്പാക്കാന്‍ പി.കെ ബഷീര്‍ എം.എല്‍.എയോട്  ഏകോപനം ഉണ്ടാക്കാന്‍ മുഖ്യമന്ത്രി

മലപ്പുറം: ഉരുള്‍പൊട്ടലും, മലവെള്ള പാച്ചിലും ദുരന്തം വിതച്ച ചാലിയാര്‍ പഞ്ചായത്തിന് പ്രത്യേക ദുരിതാശ്വാസ പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച് പി കെ ബഷീര്‍ എം എല്‍ എ മുന്‍കയ്യെടുത്ത് ഏകോപനം ഉണ്ടാക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി തന്നെ സന്ദര്‍ശിച്ച പി കെ ബഷീര്‍ എം എല്‍ എയോടാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എല്ലാവിധ സഹായമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായി എം എല്‍ എ പറഞ്ഞു. പ്രത്യേക ദുരിതാശ്വാസ പാക്കേജ് എന്നതിനൊപ്പം, സുമനസുകളുടെയും, സന്നദ്ധ സംഘടനകളുടേയും സഹായവും ലഭ്യമാക്കി ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് താങ്ങാകാനാണ് ശ്രമമെന്ന് പി കെ ബഷീര്‍ എം എല്‍ എ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം കലക്ടറെ കണ്ട് ദുരിതാശ്വാസ പാക്കേജ് സംബന്ധിച്ച ചര്‍ച്ച നടത്തുമെന്ന് എം എല്‍ എ അറിയിച്ചു. അറുപതോളം വീടുകള്‍ പൂര്‍ണമായും, ഭാഗികമായും ചാലിയാറില്‍ നശിച്ചിട്ടുണ്ട്. ഏക്കറു കണക്കിന് കൃഷി ഭൂമിയും ഉപയോ?ഗ ശൂന്യമായി. ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ കൊല്ലപ്പെട്ടു, ഒരു കോളനിയാകെ മണ്ണിനടിയിലായി. ചാലിയാര്‍ ഇതുവരെ കാണാത്ത ദുരന്തമാണ് സംഭവിച്ചത്. ഏകദേശം 50 കോടി രൂപയിലേറെ പ്രാഥമികമായ വിലയിരുത്തലില്‍ തന്നെ നഷ്ടം കണക്കാക്കുന്നതായി പി കെ ബഷീര്‍ എം എല്‍ എ പറഞ്ഞു.

ജില്ലാ കലക്ടര്‍ അമിത് മീണയുമായി സംസാരിച്ച് പഞ്ചായത്തിലെ നഷ്ടം കണക്കാക്കാനും, എത്ര ധനസഹായം വേണ്ടി വരുമെന്ന് വ്യക്തമാക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി കെ ബഷീര്‍ എം എല്‍ എ പറഞ്ഞു. ഇന്നലെ ക്യാബിനറ്റ് മീറ്റിങിന് ശേഷമാണ് എം എല്‍ എ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

ചാലിയാര്‍ മേഖലയില്‍ ഉരുള്‍പൊട്ടലില്‍ വീടും, കൃഷിയിടവും നഷ്ടമായ പലരും തിരികെ പോകാന്‍ മടിക്കുകയാണ്. ഇവരെ പുനരധിവസിപ്പിക്കുക എന്നതാണ് ദൗത്യം. ഇതോടൊപ്പം തന്നെ സര്‍ട്ടിഫിക്കറ്റുകളും, രേഖകളും നഷ്ടമായവര്‍ക്ക് അടിയന്തിരമായി അത് തിരികെ ലഭിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചതായി എം എല്‍ എ അറിയിച്ചു. റവന്യൂ ഉദ്യോ?ഗസ്ഥരും, പഞ്ചായത്ത് അധികൃതരുമായും ദുരിതാശ്വാസ പാക്കേജിന്റെ കാര്യം ചര്‍ച്ച ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ മഴക്കാല കെടുതി നാശം വിതച്ച മതിമൂല, പ്ലാക്കിച്ചോല, ചെട്ടിയാംപാറ, നമ്പൂരിപ്പൊട്ടി നിവാസികളുമായി പഞ്ചായത്ത്, റവന്യൂ അധികൃതരുടെ സാനിധ്യത്തില്‍ ഈ ആഴ്ച്ച തന്നെ ചര്‍ച്ച നടത്തി ദുരിതാശ്വാസ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും എം എല്‍ എ അറിയിച്ചു.

Sharing is caring!