മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ മുസ്ലിംലീഗ് ദുരിതാശ്വാസ നിധി സമാഹരിക്കും

മഴക്കെടുതിയില്‍പ്പെട്ടവരെ  സഹായിക്കാന്‍ മുസ്ലിംലീഗ്  ദുരിതാശ്വാസ നിധി സമാഹരിക്കും

മലപ്പുറം: ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി ജില്ലയില്‍ പ്രളയക്കെടുതിയില്‍ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി പ്രത്യേക ദുരിതാശ്വാസനിധി സമാഹരിക്കുമെന്ന് പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. നിലമ്പൂര്‍ കേന്ദ്രീകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നടത്തും. നിലമ്പൂര്‍ ,വണ്ടൂര്‍, ഏറനാട് നിയോജക മണ്ഡലങ്ങളിലാണ് പ്രളയം മൂലം ഏറ്റവും കൂടുതല്‍ കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളത്. ഈ 3 മണ്ഡലങ്ങളിലെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിലമ്പൂരിലെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടത്തുക.
17ന് വെള്ളിയാഴ്ച മുസ്ലിം ലീഗിന്റെ ജില്ലയിലെ മുഴുവന്‍ മണ്ഡലം ,മുനിസിപ്പല്‍, പഞ്ചായത്ത് ,വാര്‍ഡ് ശാഖാ കമ്മിറ്റികളും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സമാഹരിക്കുന്നതിനായി രംഗത്തിറങ്ങണമെന്ന് സാദിഖലി തങ്ങള്‍ ആഹ്വാനം ചെയ്തു. സാമ്പത്തികമായ സഹായത്തിന് പുറമേ വസ്ത്രങ്ങള്‍ (പുതിയതു മാത്രം) കേടുവരാത്ത ഭക്ഷണസാധനങ്ങള്‍ (അരിയും പലവ്യഞ്ജനങ്ങളും) വീട്ടുപകരണങ്ങള്‍, (അടുക്കളയിലെ പാത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍ അടക്കം ) പുതപ്പുകള്‍ തുടങ്ങിയവയും ശേഖരിച്ച് നല്‍കാവുന്നതാണ്. വെള്ളിയാഴ്ച വിഭവസമാഹരണം പൂര്‍ത്തിയാക്കുവാന്‍ കഴിയാത്തവര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളിലും തുടരാം. വിദേശരാജ്യങ്ങളിലെ കെഎംസിസി കമ്മറ്റികളും ജില്ലാ മുസ്ലിം ലീഗിന്റെ ദുരിതാശ്വാസനിധിയിലേക്കാണ് സഠഭാവന കള്‍ അയക്കേണ്ടതെന്ന് സാദിഖലി തങ്ങള്‍ അറിയിച്ചു . ഇപ്രകാരം ശേഖരിക്കുന്നവ എല്ലാം നിലമ്പൂര്‍ മണ്ഡലം മുസ്ലിം ലീഗ് ഓഫീസില്‍ പ്രത്യേകം പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ കേന്ദ്രത്തിലാണ് എത്തിക്കേണ്ടത് . മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ നേരിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായങ്ങളുമായി പോവരുതെന്ന് തങ്ങള്‍ അറിയിച്ചു .മുസ്ലിംലീഗ് ഇപ്രകാരം ശേഖരിക്കുന്ന വിഭവങ്ങള്‍ അധികൃതരുടെ അനുമതിയോടെ ആവശ്യമുള്ള സ്ഥലങ്ങളില്‍ ആവശ്യത്തിനനുസരിച്ച് വളണ്ടിയര്‍മാര്‍ എത്തിച്ചുകൊടുക്കുകയാണ് ചെയ്യുക.
മലപ്പുറം ജില്ലയില്‍ ഇത്രയും വലിയ കഷ്ടനഷ്ടങ്ങള്‍ ഉണ്ടായ പ്രകൃതിക്ഷോഭം ഇതിനുമുമ്പ് ഒന്നുമുണ്ടായിട്ടില്ല. അപരിഹാര്യമായ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. വീടുകള്‍ നഷ്ടപ്പെട്ട പലര്‍ക്കും ഇനി പുതിയ വീടു പണിയാന്‍ ഭൂമിയും പുതിയത് കണ്ടെത്തേണ്ട സാഹചര്യമാണ് .വീട്ടില്‍ വെള്ളം കയറി എല്ലാം നശിച്ചവര്‍ക്ക് വീടിന്റെ റിപ്പയര്‍ നടത്തിയശേഷം എല്ലാ വീട്ടുപകരണങ്ങളും പുതുതായി ലഭ്യമായിട്ടും വേണം. ഇത്തരമൊരു സാഹചര്യത്തില്‍ എല്ലാവരും കൈമെയ് മറന്ന് പരമാവധി സഹായങ്ങള്‍ എത്തിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

Sharing is caring!