ചാലിയാർ പഞ്ചായത്തിന് പ്രത്യേക ദുരിതാശ്വാസ പാക്കേജ് അനുവദിക്കണം: പി കെ ബഷീർ എം എൽ എ

ചാലിയാർ പഞ്ചായത്തിന് പ്രത്യേക ദുരിതാശ്വാസ പാക്കേജ് അനുവദിക്കണം: പി കെ ബഷീർ എം എൽ എ

ചാലിയാർ: മഴക്കാല ദുരിതം ഏറ്റവും രൂക്ഷമായ ചാലിയാർ പഞ്ചായത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പി കെ ബഷീർ എം എൽ എ. 36 ആദിവാസി കോളനികളുള്ള പഞ്ചായത്തായ ചാലിയാറിൽ മഴ അതിഭീ ഗര ദുരിതമാണ് വിതച്ചതെന്ന് അദ്ദേഹം പറഞ്ഞു.  ദുരന്തം വേട്ടയാടിയ പല സ്ഥലത്തും ഇപ്പോഴും സർക്കാർ സംവിധാനങ്ങളോ, ഉദ്യോഗസ്ഥരോ എത്തിയിട്ടില്ല.  സന്നദ്ധ സംഘടനകളും, നാട്ടുകാരുമാണ് ദുരിത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്.  ഏകദേശം 50 കോടി രൂപയോളം നഷ്ടം ചാലിയാർ പഞ്ചായത്തിൽ മാത്രം സംഭവിച്ചിട്ടുണ്ടെന്ന് എം എൽ എ പറഞ്ഞു.
നമ്പൂരിപൊട്ടി കാലിക്കടവിൽ ഉരുൾപൊട്ടലിൽ കാഞ്ഞിരപ്പുഴ ഗതിമാറി ഒഴുകി ഒമ്പത് വീടുകളും, ഒരു നിസ്കാര പള്ളിയും തകർത്തു.  ഇവിടെ റോഡും ഗതാഗത യോഗ്യമല്ല.  അതോടൊപ്പം തന്നെ മൂലേപ്പാടം തറമുറ്റത്ത് ഉരുൾപൊട്ടലിൽ ആറ് കുടുംബങ്ങളുടെ കൃഷിസ്ഥലമാണ് നശിച്ചത്.  ഇവിടെ ഒരു തോട് ഗതിമാറി മൂന്നിടങ്ങളിലൂടെയാണ് ഇപ്പോൾ ഒഴുകുന്നത്.  സർക്കാർ ഉദ്യോഗസ്ഥരാരും ഇവിടെ സന്ദർശിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.  ദുരിതാശ്വാസവും, ഉദ്യോഗസ്ഥ ഇടപെടലും ഏതാനും സ്ഥലങ്ങളിൽ മാത്രം കേന്ദ്രീകരിക്കപെട്ടിരിക്കുകയാണ്.  ദുരിതാശ്വാസ ഏകോപനം ഫലപ്രദമല്ലെന്നും എം എൽ എ പറഞ്ഞു.
പറഞ്ഞറിയിക്കാൻ പറ്റാത്ത ദുരന്തമാണ് ചാലിയാർ പഞ്ചായത്തിൽ സംഭവിച്ചിരിക്കുന്നത്.  മതിൽമൂലയിൽ പുഴ ഗതിമാറി ഒഴുകി വീടുകളും, കൃഷികളും, കന്നുകാലികളും നശിച്ചവരും, പ്ലാക്കച്ചോലയിൽ വെള്ളം കയറി, വീടുകൾ ഉപയോഗ ശൂന്യമായവരും, ഒരു കുടുംബത്തിലെ ആറു പേർ ഉരുൾപൊട്ടലിൽ മരിച്ച ചട്ടിയംപാറ ആദിവാസി കോളനിയിൽ ഉള്ളവരും ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് തിരിച്ച് പോകാൻ തയ്യാറല്ല.  ഉപയോഗപ്രദമായ പ്രദേശത്ത് സ്ഥലവും, വീടും അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
മന്ത്രി കെ ടി ജലീൽ വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലാ സപ്ലൈ ഓഫിസറും, എസി ടി വിഭാവം ഉദ്യോഗസ്ഥനും പങ്കെടുത്തില്ല.  36 ആദിവാസി കോളനികൾ ഉള്ള പഞ്ചായത്തായ ചാലിയാറിലെ ദുരിതങ്ങൾ കൂടി അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിലാണ് ഇത്തരം വീഴ്ച്ച സംഭവിച്ചിരിക്കുന്നത്.  അതുകൊണ്ട് തന്നെ കൂടുതൽ കാര്യക്ഷമമായ ദുരിതാശ്വാസ ഏകോപനവും, തീർത്തും പ്രൊഫഷണലായ ഉന്നതതല സംഘത്തിന്റെ നേതൃത്വത്തിൽ നഷ്ടങ്ങളുടെ വ്യാപ്തിയും, ദുരന്ത അവലോകനവും നടത്തണമെന്നും എം എൽ എ ആവശ്യപ്പെട്ടു.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ വീടും, കൃഷിയിടവും, കുടിവെള്ള മാർഗങ്ങളും, വൈദ്യുതിയും നഷ്ടപ്പെട്ട മനുഷ്യർക്ക് ആശ്വാസമേകാനാകൂ.   ഇടുക്കിക്കും, വയനാടിനും തുല്യമായ നാശനഷ്ടമാണ് നിലമ്പൂർ-ഏറനാട് മേഖലകളിൽ സംഭവിച്ചിരിക്കുന്നത്.  സർക്കാർ അതേ ഗൗരവത്തോടെ  ഇവിടത്തെ പ്രശ്നങ്ങളേയും കാണണമെന്നും പി കെ ബഷീർ ആവശ്യപ്പെട്ടു.

Sharing is caring!