മഴക്കെടുതി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് എം.എം.എമാര്‍

മഴക്കെടുതി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് എം.എം.എമാര്‍

മലപ്പുറം: മഴക്കെടുതിയില്‍ ദുരിതത്തിലായ ജനങ്ങളെ ആശ്വാസിപ്പിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാനും കയ്യും മെയ്യും മറന്ന് എം.എല്‍.എമാരും രംഗത്തെത്തി. മഴയും ചളിയും വകവെക്കാതെ നാട്ടുകാര്‍ക്കൊപ്പം
ചേര്‍ന്ന് പി.കെ ബഷീറും ആബിദ് ഹുസൈന്‍ തങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചു. തന്റെ മണ്ഡലത്തിലെ മഴക്കാലകെടുതിയുണ്ടായ സ്ഥലങ്ങളിലെത്തി ജനങ്ങളെ ആശ്വാസിപ്പിച്ചം ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ അധികൃതരോട് ആവശ്യപ്പെട്ടുമാണ് പി.കെ ബഷീര്‍ എം.എല്‍.എ ഏറനാട് മണ്ഡലത്തിലെ തന്റെ വോട്ടര്‍മാരോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. നാട്ടുകാരോട്് പ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും എം.എല്‍.എ മറന്നില്ല.
മഴക്കെടുതി മൂലം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങള്‍ നേരിടുന്നതിനും കൃഷി നാശനഷ്ടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും വിവിധ വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തു. ഇരിമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ പുഴയില്‍ നിന്നും വെള്ളം കയറി ആളുകള്‍ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിലാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍
മണ്ഡലത്തിലെ കുറ്റിപ്പുറം ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും യോഗം ചേര്‍ന്നത്. ആളുകളുടെ ഭീതിയകറ്റുന്നതിനും ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നതിനും ഇരിമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്തുകളില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടേയും സന്നദ്ധ ,സാമൂഹ്യ പ്രവര്‍ത്തകരുടേയും
അടിയന്തിര യോഗം ചേരാന്‍ തീരുമാനിച്ചു. കാര്‍ഷിക മേഖലയിലുണ്ടായ നാശ നഷ്ടങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ക്കുംതകര്‍ന്ന ഗ്രാമീണ റോഡുകളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗത്തിനും മറ്റു റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ റവന്യു വിഭാഗത്തിനും നിര്‍ദ്ദേശം നല്‍കി. മഴക്കെടുതിയിലും ഗെയ്ല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് കൃഷി പ്രദേശങ്ങളിലുണ്ടാക്കിയ മാറ്റങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കാത്തത് മൂലവും
കര്‍ഷകര്‍ക്കുള്‍പ്പെടെയുണ്ടായ നാശ നഷ്ടങ്ങളും സര്‍ക്കാറിന്റെയും അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും ആവശ്യമായ സഹായങ്ങള്‍ ലഭിക്കുന്നതിന് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, വളാഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ എം. ഷാഹിന ടീച്ചര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി.ഉമ്മുകുത്സു (ഇരിമ്പിളിയം ) സി.ടി.ഷമീല (കുറ്റിപ്പുറം) ജനപ്രതിനിധികളായ കൈപ്പള്ളി അബ്ദുള്ളക്കുട്ടി, മൊയ്തു എടയൂര്‍, പരീത് കരേക്കാട് , കെ.ടി.സിദ്ദീഖ്, എ.പി. സബാഹ്, മാണിക്യന്‍,
ഫസീല ടീച്ചര്‍ ,ടി.കെ റസീന, വി.ടി.അമീര്‍ , മുസ്തഫ ചിറ്റകത്ത്, കര്‍ഷക പ്രതിനിധികളായ ടി.പി മാനു, ബാവഹാജി ,ബി.ഡി.ഒ അജിത, അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് സൂസന്ന ജോര്‍ജ്ജ്, രാജീവ് എന്നിവര്‍ പങ്കെടുത്തു.

Sharing is caring!