ഹജ്ജ് ക്യാമ്പ് കരിപ്പൂരിലേക്ക് മാറ്റണം: സാദിഖലി തങ്ങള്‍

ഹജ്ജ് ക്യാമ്പ്  കരിപ്പൂരിലേക്ക് മാറ്റണം:  സാദിഖലി തങ്ങള്‍

മലപ്പുറം: ഇടമലയാര്‍, ഇടുക്കി ഡാമുകള്‍ തുറന്നതോടെ ഹജ്ജ് ക്യാമ്പും നെടുമ്പാശേരി എയര്‍പോര്‍ട്ടും പ്രളയ ഭീഷണിയിലാണ് അടിയന്തര ഘട്ടത്തില്‍ ഹജ്ജ് ക്യാമ്പ് കരിപ്പൂരിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. ഇഹ്റാം വേഷത്തില്‍ യാത്ര പുറപ്പെടാനെത്തിയ തീര്‍ഥാടകര്‍ക്ക് യാത്രക്ക് തൊട്ടുമുമ്പ് നെടുമ്പാശേരി വിമാനത്താവളത്തിന്റെ റണ്‍വെ അടച്ചിട്ടെന്ന സന്ദേശം ലഭിക്കുകയും മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയും കഴിഞ്ഞ ദിവസമുണ്ടായി. ഹജ്ജിനുള്ള ദിവസങ്ങള്‍ തൊട്ടടുത്തെത്തി നില്‍ക്കെ തീര്‍ഥാടകരുടെ യാത്രക്ക് തടസ്സമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം. പ്രളയഭീഷണി തുടര്‍ന്നാല്‍ ഹജ്ജ് ക്യാമ്പ് കരിപ്പൂരിലേക്ക് മാറ്റുന്നതാണ് ഏറ്റവും ഉചിതം. ഹജ്ജ് ക്യാമ്പിന് എല്ലാ സൗകര്യവും നിലവില്‍ കരിപ്പൂരിലുണ്ട്. വലിയ വിമാനങ്ങള്‍ ഇറക്കുന്നതിനുള്ള ഡി.ജി.സി.എയുടെ അനുമതിയും കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ അനുകൂല ഘടകം പ്രയോജനപ്പെടുത്തണം. നിലവില്‍ നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാമ്പിലുള്ള തീര്‍ഥാടകരുടെ ആശങ്കയകറ്റുന്നതിനുള്ള നടപടികളും ഹജ്ജ് കമ്മിറ്റിയും, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും സ്വീകരിക്കണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Sharing is caring!