നിലമ്പൂരില്‍ ഉരുള്‍പൊട്ടല്‍: ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു

നിലമ്പൂരില്‍ ഉരുള്‍പൊട്ടല്‍: ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു

നിലമ്പൂര്‍: ചെട്ടിയാംപാറ ആദിവാസി കോളനിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ആറു പേരില്‍ അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇന്നലെ രാത്രി 10.30നും 12നും ഇടയിലാണ് പന്തിരായിരം ഉരുള്‍ വനത്തിലും, മൂലേപ്പാടം അമ്പതേക്കറിലും, എരുമമുണ്ട ചെട്ടിയാംപാറയിലും, ആഡ്യന്‍പാറ വന മേഖലയിലും ഉരുള്‍ പൊട്ടിയത്.

കോളനിയിലെ സുബ്രഹ്മണ്യന്റെ ഭാര്യ ഗീത (29), സഹോദരി കുഞ്ഞി (56), നവനീത (എട്ട്), നിവേദ് (മൂന്ന്), മിഥുന്‍ (16) എന്നിവരുടെ മൃതദേഹങ്ങളാണ് സമീപ സ്ഥലങ്ങളില്‍ നിന്നു കണ്ടെടുത്തത്. സുബ്രഹ്മണ്യനായി തെരച്ചില്‍ തുടരുകയാണ്. നിലമ്പൂര്‍, മഞ്ചേരി, മലപ്പുറം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും, പോലീസും, നാട്ടുകാരും, ട്രോമകെയര്‍ വളണ്ടിയര്‍മാരുമാണ് തിരച്ചില്‍ നടത്തുന്നത്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒട്ടേറെ കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മതിലുംമൂല ആദിവാസി കോളിയിലെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 32-ഓളം കുടുംബങ്ങളെ സ്ഥലത്തു നിന്നു മാറ്റി. മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്.

പന്തിരായിരം ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ഇടവണ്ണ എച്ച് ബ്ലോക്ക് വെള്ളത്തിലായി. പെരുവമ്പാടം പാലവും, നമ്പൂരിപ്പൊടി പാലവുംവെള്ളത്തിലായതിനെ തുടര്‍ന്ന് മതിലും മൂല, പെരുമ്പത്തൂര്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. കോഴിക്കോട്-ഗൂഡല്ലൂര്‍ പാതയില്‍ പെടുന്ന നിലമ്പൂര്‍ ടൗണിന്റെ പല ഭാഗങ്ങളും വെള്ളത്തിലാണ്. റബര്‍ ഡിങ്കി ഉപയോഗിച്ചാണ് ആളുകളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നത്.

കരുവാരക്കുണ്ട്, കാളികാവ് മേഖലയിലും കാലവര്‍ഷവും, മണ്ണിടിച്ചിലും, ഉരുള്‍പൊട്ടലും വന്‍ നാശനഷ്ടമാണ് വരുത്തിയിരിക്കുന്നത്.

Sharing is caring!