സൗദി ഇതുവരെ പുറത്താക്കിയത് മലയാളികള്‍ അടക്കമുള്ള 25ലക്ഷംപേരെ

സൗദി ഇതുവരെ പുറത്താക്കിയത് മലയാളികള്‍ അടക്കമുള്ള 25ലക്ഷംപേരെ

റിയാദ്: പൊതുമാപ്പോടെ സഊദി പ്രഖ്യാപിച്ച നിയമ ലംഘകരില്ലാത്ത രാജ്യമെന്ന ക്യാംപയിനിന്റെ ഭാഗമായി സഊദിയില്‍ നിന്നും പുറത്താക്കിയത് ഇരുപത്തഞ്ചു ലക്ഷത്തോളം അനധികൃത വിദേശികളെയെന്നു റിപ്പോര്‍ട്ടുകള്‍. പത്ത് ലക്ഷത്തോളം ആളുകള്‍ നിയമാനുസൃത മാര്‍ഗ്ഗങ്ങളിലൂടെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടപ്പോള്‍ അതുപയോഗപ്പെടുത്താതെ അധികൃതരുടെ പിടിയിലായത് പതിനഞ്ചു ലക്ഷത്തോളം വിദേശികളാണ്. സഊദിയില്‍ നിന്നും വന്‍തോതില്‍ നിയമ ലംഘകരെ തുടച്ചു നീക്കാനായെങ്കിലും ഇനിയും നിയമ ലംഘകര്‍ രാജ്യത്തുണ്ടെന്നാണ് അധികൃതരുടെ കണക്കുകള്‍.

അനധികൃത താമസക്കാരില്‍ 15,23,124 വിദേശികളെയാണ് പിടികൂടിയത് ഇതില്‍ 11,54,103 പേര്‍ താമസ രേഖയായ ഇഖാമ ഇല്ലാത്തവരാണ്. 2,50,804 പേരാണ് തൊഴില്‍ നിയമ ലംഘനത്തിന്റെ പേരില്‍ പിടിയിലായത്. അതിര്‍ത്തി നിയമ ലംഘന കേസില്‍ 1,18,217 പേരും പിടിയിലായി. അതേസമയം, പൊതുമാപ്പ് ഉപയോഗപ്പെടുത്തി നിയമാനുസൃതം നാട്ടിലേക്ക് തിരിച്ചത് പത്തു ലക്ഷം വിദേശികളാണ്. അനധികൃതമായി സഊദിയില്‍ കഴിഞ്ഞിരുന്ന നിരവധി ഇന്ത്യക്കാര്‍ക്കും ഇത് ഉപയോഗപ്പെടുത്തതാന്‍ കഴിഞ്ഞിട്ടുണ്ട്. പൊതുമാപ്പില്‍ നിയമാനുസൃതം നാട്ടില്‍ പോയവര്‍ക്ക് പുതിയ വിസകളില്‍ തിരിച്ചു വരാന്‍ നിയമ അനുവദിക്കുമ്പോള്‍ അതുപയോഗപ്പെടുത്താതെ പിടിക്കപ്പെട്ടവര്‍ക്ക് ഇനി ഒരിക്കല്‍ പോലും സഊദിയിലേക്ക് പ്രവേശനം ഉണ്ടാകുകയില്ല.

അനധികൃതരെ കണ്ടെത്താനായി സഊദി ഭരണ കൂടം നടപ്പിലാക്കിയ പദ്ധതി പ്രകാരം ഏകദേശം ഇരുപത്തഞ്ചു ലക്ഷം അനധികൃത താമസക്കാരെ പിടികൂടാനോ പുറത്താക്കാനോ കഴിഞ്ഞത് വന്‍വിജയമായാണ് അധികൃതര്‍ കണക്കാക്കുന്നത്. ഇപ്പോഴും അനധികൃത താമസക്കാര്‍ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ തോതിലാണെകിലും പരിശോധനകള്‍ നടന്നു വരുന്നുണ്ട്. അനധികൃത താമസക്കാര്‍ കുറഞ്ഞതോടെ രാജ്യത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Sharing is caring!