കേരളാ ഫുട്‌ബോള്‍ ടീമില്‍ മലപ്പുറം ആധിപത്യം, അണ്ടര്‍15ല്‍ ടീമിലെ 11പേരും മലപ്പുറത്തുകാര്‍

മലപ്പുറം: അണ്ടര്‍-15 സൗത്ത് സോണ്‍ ടൂര്‍ണമെന്റ് ഫുട്‌ബോള്‍ടീമിനുള്ള കേരളാ ടീമില്‍ 11മലപ്പുറത്തുകാര്‍. കേരള ടീമിലെ 20പേരില്‍ പകുതിയിലധികംപേരും മലപ്പുറത്തുകാരാണെന്നതു മലപ്പുറത്തെ പുതിയ തലമുറിയിലെയും ഫുട്‌ബോള്‍ കമ്പം എടുത്തുകാട്ടുന്നു.
ഹൈദരാബാദില്‍ നടക്കുന്ന ചാമ്പ്യന്‍ഷില്‍ പങ്കെടുക്കുന്ന കേരളാ ടീം നിലവില്‍ കൊച്ചി അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ കോച്ച് സാംസണ്‍ ആന്റണിയുടെ കീഴില്‍ പരിശീലനത്തിലാണ്. ഒമ്പതിനു ടീം യാത്ര തിരിക്കും. മലപ്പുറം എം.എസ്.പി സ്‌കൂളിലെ ഏഴു കുട്ടികളും ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസിലെ മൂന്നു പേരും തൃശൂര്‍ റെഡ് സ്റ്റാറിലെ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി അഭിജിത്തുമാണ് കേരളത്തിനായി ഇറങ്ങുന്നത്. പി. ജിഷ്ണു, ശ്രീരാഗ്, ഇര്‍ഷാദ്, ഹരി, മനുപ്രകാശ്, കിരണ്‍, ഗോള്‍കീപ്പറായ ജിതിന്‍ എന്നിവരാണ് മലപ്പുറം എംഎസ്പിയില്‍ നിന്നുള്ള മിടുക്കന്‍മാര്‍. അനസ് മുഹമ്മദ് അര്‍ഷാദ്, രാഹുല്‍ എന്നിവരാണ് ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസില്‍ നിന്നുള്ള താരങ്ങള്‍. റെഡ്‌സ്റ്റാറിലെ അഭിജിത്ത് നേരത്തെ മലപ്പുറം എം.എസ്.പിയിലെ ഗോളിയായിരുന്നു. ക്യാമ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് മലപ്പുറത്തിന്റെ താരങ്ങള്‍ക്കു അനുകൂലമായത്. കുട്ടികളുടെ അര്‍പ്പണ മനോഭാവവും മുതല്‍ക്കൂട്ടായി. എം.എസ്.പി സ്‌പോര്‍ട്‌സ് അക്കാഡമിക്കു കീഴില്‍ അണ്ടര്‍-13, 15, 17, 19 വിഭാഗങ്ങളാണ് പരിശീലനം തേടുന്നത്. നേരത്തെ രണ്ടു തവണ സുബ്രതോ കപ്പില്‍ ഫൈനല്‍ കളിച്ച ടീമാണ് എംഎസ്പിയുടെ സീനിയര്‍ടീം. രണ്ടു തവണയും റണ്ണറപ്പായി. കൂടാതെ സംസ്ഥാനത്തു നടന്ന സ്‌കൂള്‍തലത്തിലെ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലും എംഎസ്പി ട്രോഫികള്‍ വാരിക്കൂട്ടിയിട്ടുണ്ട്. സംസ്ഥാന ഫുട്‌ബോളില്‍ ഇത്രയധികം നേട്ടം ഉണ്ടായത് മലപ്പുറത്തിന്റെ ഫുട്‌ബോള്‍ വളര്‍ച്ചയ്ക്കു കരുത്തുപകര്‍ന്നിരിക്കുകയാണ്. കൂട്ടിലങ്ങാടി പോലീസ് മൈതാനം, എംഎസ്പിഎല്‍പി സ്‌കൂള്‍ മൈതാനം എന്നിവിടങ്ങളിലാണ് എംഎസ്പിയുടെ താരങ്ങള്‍ നിത്യവും രണ്ടുനേരവും പരിശീലനം നടത്തുന്നത്. ബിനോയ് സി. ജെയിംസ്, ടി.പി. അബ്ദുറഹ്മാന്‍, സന്തോഷ്, ശുഹൈബ് എന്നിവരാണ് എംഎസ്പിയിലെ പരിശീലകര്‍.
ചേലേമ്പ്ര സ്‌കൂളില്‍ അണ്ടര്‍ 14 മുതല്‍ 18 വരെയാണ് ടീമുള്ളത്. ചേലേമ്പ്ര സ്‌കൂള്‍ മൈതാനത്തും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സറ്റേഡിയത്തിലുമാണ് ദിവസവും രണ്ടുനേരങ്ങളില്‍ പരിശീലനം. ഇതിനകം ശ്രദ്ധേമായ നേട്ടങ്ങള്‍ ചേലേമ്പ്ര സ്‌കൂള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ജൂണിയര്‍ടീമിലും ചേലേമ്പ്രയുടെ കൂട്ടികള്‍ക്കു സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ നേട്ടം വലുതാണെന്നു കോച്ച് മന്‍സൂര്‍ പറയുന്നു. ഹൈദരബാദില്‍ നടക്കുന്ന യോഗ്യതാ മത്സരത്തില്‍ ഈ മാസം 10ന് തെലങ്കാനയെ നേരിടും. കര്‍ണാടകയാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. എഎഫ്‌സിയുടെ സി ലൈസന്‍സുള്ള സാംസണ്‍ ആന്റണി പ്രധാന പരിശീലകനും ശിവമണി സഹ പരിശീലകനുമാണ്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *