കേന്ദ്ര ശുചിത്വ സര്‍വേയ്ക്ക് മലപ്പുറത്ത് തുടക്കമായി

കേന്ദ്ര ശുചിത്വ സര്‍വേയ്ക്ക് മലപ്പുറത്ത് തുടക്കമായി

മലപ്പുറം: കേന്ദ്ര ശുചിത്വ കുടിവെള്ള മന്ത്രാലയം നടത്തുന്ന സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2018 ന് ജില്ലയില്‍ തുടക്കമായി. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മൊബൈല്‍ ആപില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി പികെ കുഞ്ഞാലിക്കുട്ടി എം.പിയാണ് സര്‍വെക്ക് തുടക്കമിട്ടത്. രാജ്യത്തെ എല്ലാ ജില്ലകളെയും, ഗ്രാമ പഞ്ചായത്തുകളിലെ വിവിധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി റാങ്ക് നല്‍കുന്ന പരിപാടിയാണ് സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2018.

സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ചന്തകള്‍, പഞ്ചായത്തുകള്‍ മുതലായ പൊതുയിടങ്ങളിലെ ശുചിത്വം, വൃത്തിയുടെ കാര്യത്തില്‍ പൊതുജനങ്ങളുടെ കാഴ്ചപ്പാട്, സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി മെച്ചപ്പെടുത്തുന്നതില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നടത്തുന്ന ജില്ലാതല സര്‍വെയിലൂടെയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും 2018 ഒക്ടോബര്‍ രണ്ടിന് അവാര്‍ഡ് നല്‍കും.

ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ നിബു ടി കുര്യന്‍, അസി. കോഡിനേറ്റര്‍മാരായ മുഹമ്മദ് മുസ്തഫ, കമറൂദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
എസ്എസ്ജി 18 മൊബൈല്‍ ആപ് വഴി സര്‍വെയില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാവാം. ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ ആപ് ലഭ്യമാണ്. പൊതു ഇടങ്ങള്‍, ആരാധനാലയങ്ങള്‍, ശുചിമുറികള്‍, സ്ഥാപനങ്ങള്‍ എന്നിവയും പൊതുജനങ്ങള്‍ക്ക് നിരീക്ഷിക്കാം.

നേരിട്ടുള്ള നിരീക്ഷണത്തിന്റെ ഭാഗമായി സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ചന്തകള്‍, ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ടോയ്ലറ്റുകളുടെ ലഭ്യത, ഉപയോഗം, വൃത്തി, പൊതുസ്ഥലങ്ങളിലെ മാലിന്യം, വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങള്‍ എന്നിവ പരിശോധിക്കും. ഓഗ്സറ്റ് 31 വരെയാണ് സര്‍വെ നടത്തുക. ഇതേ കാലയളവില്‍ ശുചിമുറിയില്ലാത്ത പൊതു ഇടങ്ങളില്‍ ശുചിമുറികള്‍ നിര്‍മിക്കാനും ശുചിത്വ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാലിന്യം കൂടികിടക്കുന്ന ഇടങ്ങളും പൊതു ശുചിമുറികളും വൃത്തിയാക്കാനും നിര്‍േദശമുണ്ട്.

Sharing is caring!