യു.എ.ഇയിലെ പൊതുമാപ്പ്: ഒരു തിരിച്ചുവരവിനുള്ള സുവര്‍ണ്ണാവസരം ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ
രാജ്യത്തിന്റെ ഗുണപരമായ നിലനില്‍പ്പും അന്തസ്സും ലക്ഷ്യമിട്ട് യു.എ.ഇ. മന്ത്രിസഭയുടെ അംഗീകാരത്തോടെ പ്രഖ്യാപിച്ച പൊതുമാപ്പ് ആഗസ്റ്റ് 1 മുതല്‍ ആരംഭിക്കാനിരിക്കുകയാണ്. യു.എ.ഇ.യെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാക്കി മാറ്റാനുള്ള പ്രതിജ്ഞാബദ്ധതയാണ് ഈ പ്രഖ്യാപനത്തിന് പിന്നില്‍. മറ്റ് രാജ്യങ്ങളുമായി ആപേക്ഷികമായുള്ള സാമ്പത്തിക മത്സര ക്ഷമത, നിക്ഷേപ ആകര്‍ഷണീയത, സുസ്ഥിരത എന്നീ കാര്യങ്ങളില്‍ യു.എ.ഇ.യുടെ സ്ഥാനം ഏറ്റവും മുന്പന്തിയിലായിരിക്കണമെന്നതും ഈ നിര്‍ണ്ണായക തീരുമാനത്തില്‍ അന്തര്ലീനമായിട്ടുണ്ടാവും. വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ കാലാകാലങ്ങളിലായി പ്രഖ്യാപിക്കുന്ന പൊതുമാപ്പ്, രാജ്യത്ത് അനധികൃതമായി തങ്ങുന്നവരെ തുടച്ചുനീക്കാന്‍ ഗുണകരമാവുമെന്ന തിരിച്ചറിവില്‍ നിന്ന് ഉയര്‍ന്നുവന്ന ആശയമാണ്. ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ വിവിധ രാജ്യങ്ങള്ക്കായിട്ടുണ്ട് എന്നത് നമുക്ക് അറിയാവുന്ന കാര്യവുമാണ്.
അന്താരാഷ്ട്ര സംവിധാനമായ പൊതുമാപ്പ് ഗള്‍ഫില്‍ ബഹറൈനിലാണ് ആദ്യമായി നടപ്പാക്കുന്നത്. ബഹറൈനില്‍ ഇന്ത്യന്‍ അംബാസഡര്‍ ആയിരുന്ന മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശി എം.പി. മുരളീധര മേനോന് ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ചയില്‍, വിസയും മറ്റ് മതിയായ രേഖകളുമില്ലാതെ അവിടെ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് പിഴയും ശിക്ഷയുമില്ലാതെ സ്വദേശത്തേക്ക് മടങ്ങാനുള്ള അവസരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് 1980കളുടെ അവസാനത്തില്‍ ബഹറൈന്‍ ഭരണകൂടമാണ് ഇദംപ്രഥമമായി പൊതുമാപ്പിന് തുടക്കം കുറിച്ചത്. പിന്നീട് 1994 ജൂലൈയില്‍ യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതിയായി ഇദ്ദേഹം ചുമതലയേല്‍ക്കുകയും ഇവിടുത്തെ ഭരണാധികാരികളോടും ഈ ആവശ്യമുന്നയിക്കുകയും യു.എ.ഇ. ഭരണകൂടം 1996 ല്‍ അത് നടപ്പാക്കുകയും ചെയ്തു.
യു.എ.ഇ.യില്‍ ആദ്യമായി പ്രഖ്യാപിച്ച പൊതുമാപ്പിന്റെ പ്രതികരണം വളരെ വ്യാപ്തിയുള്ളതായിരുന്നു. അത്രയധികം ആളുകളാണ് എമിഗ്രേഷനിലും എംബസ്സിയിലും പ്രത്യേകം ഏര്‍പ്പാട് ചെയ്ത സ്ഥലങ്ങളിലും എത്തി രേഖകള്‍ ശരിയാക്കി ആനുകൂല്യങ്ങള്‍ കൈപ്പറ്റി നാട്ടിലേക്ക് മടങ്ങിയത്. അന്ന് അനധികൃത കുടിയേറ്റത്തിന്റെ പരിധിയില്‍ അകപ്പെട്ടവര്‍ ഏറെയും വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവരും അടിസ്ഥാന മേഖലയില്‍ ജോലി ചെയ്യുന്നവരുമായിരുന്നു. അക്കാരണത്താല്‍ അനധികൃത കുടിയേറ്റക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് 1996 ജൂലൈ 1 മുതല്‍ മൂന്ന് മാസക്കാലത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസവും കൂടി നീട്ടി നല്‍കേണ്ടിവന്നു. ഇന്ത്യന്‍ എംബസ്സി ജീവനക്കാര്‍ രാവും പകലുമില്ലാതെ ജോലി ചെയ്താണ് ആയിരക്കണക്കിന് അനധികൃത താമസക്കാരായ പ്രവാസികള്‍ക്ക് ഔട്ട്പാസ് നല്കി പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ചത്. പിന്നീട് യു.എ.ഇ. പ്രഖ്യാപിച്ച 2003 ലെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി ഒരു ലക്ഷം പേര് നാടണഞ്ഞു. തുടര്‍ന്ന് 2007 ലും 2013 ലും യു.എ.ഇ. പൊതുമാപ്പ് പ്രഖ്യാപിച്ചു. രാജ്യത്ത് അനധികൃതമായി തങ്ങിയ 62000 പേരാണ് 2013 ലെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യത്തേക്ക് മടങ്ങിയത്. പാസ്സ്പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്ക് മാത്രമേ ഔട്ട്പാസ്സ് ആവശ്യമുള്ളൂ. മുന്‍ കാലങ്ങളില്‍ പാസ്സ്പോര്‍ട്ട് ഇല്ലാത്തവര്‍ നിരവധിയായിരുന്നു.
പോലീസ്, ലേബര്‍, എമിഗ്രേഷന്‍, എക്കണോമിക്സ് വകുപ്പുകളുടെ നിയമങ്ങളും മേല്‍നോട്ടങ്ങളും കര്‍ശനമാക്കിക്കൊണ്ടാണ് മുന്‍കാലങ്ങളില്‍ ഓരോ രാജ്യവും പൊതുമാപ്പ് പ്രഖ്യാപിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കൂടുതല്‍ ആനുകൂല്യങ്ങളോടെ അനുഭാവപൂര്‍വ്വം പരിഗണിച്ചും ലഘൂകരിച്ചും കൊണ്ടാണ് യു.എ.ഇ. ഭരണകൂടം 2018 ല്‍ പൊതുമാപ്പ് നല്കാന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് ഒടുക്കേണ്ടിവരുന്ന തൊഴില്‍ വകുപ്പിന്റെ കുടിശ്ശിക, കുടിയേറ്റ വകുപ്പിന്റെ കുടിശ്ശിക പാസ്പോര്‍ട്ട് നഷ്ടപ്പെടല്‍, വിസിറ്റ് വിസയില്‍ വന്ന് തിരിച്ചുപോകാതിരിക്കല്, ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാവാത്തതിനാല്‍ പാസ്സ്പോര്‍ട്ട് ലഭിക്കാത്ത കുട്ടികള്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കിയും നിയമ വിധേയമാക്കിയും രാജ്യത്ത് തങ്ങുവാനും ജോലിയെടുക്കുവാനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ച് രാജ്യപുരോഗതിയില്‍ ഭാഗവാക്കാക്കുക എന്നതാണ് ഈ പൊതുമാപ്പിന്റെ പ്രത്യേകത. വിസയുടെ കാലാവധി അവസാനിച്ചതിനാല്‍ അനവധി വര്‍ഷങ്ങളായി നാട്ടിലേക്ക് മടങ്ങാനാവാതെ വിഷമിക്കുന്ന എത്രയോ കുടുംബങ്ങളുണ്ട്. നേരത്തെ വളരെ ഭംഗിയായി നടത്തിവന്നിരുന്ന കച്ചവടം തകരുകയും സാമ്പത്തിക ബാധ്യതയാല്‍ വാണിജ്യ ലൈസന്‍സും വിസയും പുതുക്കാനാവാതെ അനധികൃതമായി തങ്ങുന്നവരും ധാരാളമുണ്ട്. വിവിധ തരത്തില്‍ വിസ തട്ടിപ്പിന്നിരയായവര്‍ വേറെയുമുണ്ട്. ഇതിനൊക്കെ പുറമേ പതിറ്റാണ്ടുകളായി വാണിജ്യ രംഗത്ത് കഴിവ് തെളിയിച്ചവരുമുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ ഓഗസ്റ്റ് 1 ന്റെ പുലരിയും കാത്തിരിക്കുന്നവരായി.
ഓരോ പൊതുമാപ്പും നമുക്ക് നല്കുന്ന ഒരു പാഠമുണ്ട്, തൊഴില്‍ രംഗം കൂടുതല്‍ മെച്ചപ്പെട്ടതും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ അനുഭവങ്ങളാണത്. നിര്‍മ്മിത ബുദ്ധിയിലധിഷ്ടിതമായിട്ടുള്ള പുതിയ ലോകോത്തര കാല്‍വെപ്പുകള്‍, മെട്രോ പദ്ധതിക്ക് ശേഷം യാത്രാ രംഗത്ത് നടപ്പാക്കുന്ന ഹൈപ്പര്‍ ലൂപ്പ് പദ്ധതി, ബഹിരാകാശ പര്യവേഷണങ്ങള്‍, ലോക രാഷ്ട്രങ്ങള്‍ക്കൊപ്പം ബഹിരാകാശ സഞ്ചാരിയെ സൃഷ്ടിക്കുന്ന കാല്‍വെപ്പുകള്‍, വിനോദ സഞ്ചാര മേഖലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നവീന മാതൃകകളും ആകര്‍ഷണീയതകളും, ഉന്നത വിദ്യാഭ്യാസ രംഗത്ത് മദ്ധ്യപൗരസ്ത്യ മേഖലയുടെ ഹബ്ബ്, വ്യോമയാന-ജലഗതാഗത രംഗത്ത് കൊണ്ടുവരുന്ന പുതിയ ആശയാവിഷ്കാരങ്ങള്‍, ആരോഗ്യ രംഗത്ത് കാണിക്കുന്ന നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പരിരക്ഷയടക്കമുള്ള ചികിത്സാ സംവിധാനങ്ങള്‍ ഇതൊക്കെത്തന്നെ അതിനുദാഹരണങ്ങളാണ്. രാജ്യത്തിന്റെ സാമ്പത്തിക വികസനവും വളര്‍ച്ചയും 2020 ലെ ലോക വ്യാപാര പ്രദര്‍ശനവുമൊക്കെ യു.എ.ഇ.യെ നവ ചലനാത്മക രാഷ്ട്രമാക്കി മാറ്റും. ഇതുവഴി പുതിയ തൊഴിലവസരങ്ങള്‍ ധാരാളം ഉയര്‍ന്നുവരികയും പ്രവാസി സമൂഹത്തിന് അത് ഉപകരിക്കുകയും ചെയ്യും. രാജ്യത്തിന്റെ ശ്രേയസ്കരമായ വളര്‍ച്ചയില്‍ പങ്കാളികളാവാന്‍ ലഭിക്കുന്ന ഈ സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്താതെ സൂക്ഷിക്കാന്‍ ഓരോ പ്രവാസിയും ഈ പൊതുമാപ്പിനെ ഉപയോഗപ്പെടുത്തണം.
നാലു തവണ പൊതുമാപ്പുകള്‍ നല്‍കിയിട്ടും നാടണയാന്‍ കഴിയാതെ കണ്ണീരു കുടിച്ചു കഴിയുന്നവര്‍ എത്രയോ ഉണ്ട്. പ്രിയപ്പെട്ടവര്‍ മരണപ്പെട്ടിട്ടും വേണ്ടപ്പെട്ടവര്‍ അത്യാസന്ന നിലയിലായിട്ടും ഇവര്‍ക്ക് നാട്ടിലെത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റു പല കാരണങ്ങളാലും മക്കളെ കാണാന്‍ പോലും കഴിയാതെ കൊല്ലങ്ങള്‍ കഴിച്ചുകൂട്ടുന്നവരുമുണ്ട്. ഭര്‍ത്താവിനെ കാണാന്‍ കഴിയാത്തവരുണ്ട്. ഭാര്യയെ പിരിഞ്ഞിരിക്കുന്നവരുണ്ട്. ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് കുടുങ്ങിയവരുണ്ട്. ഇരുപത്തി ഒമ്പത് വര്‍ഷമായി ഷാര്‍ജയില്‍ കഴിയുന്ന മധുസൂദനന്റെ കഥ നമുക്കറിയാം. ഇത്തരം പ്രയാസമനുഭവിക്കുന്നവരെ കണ്ടെത്തി അവരെ നിയമ വിധേയമാക്കി രാജ്യത്ത് തങ്ങാനും സ്വരാജ്യത്തേക്ക് തിരിച്ചയക്കാനും സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം. അതിനുവേണ്ടി വിവിധ സംസ്ഥാനങ്ങളില്‍ കെ.എം.സി.സി.കളും അംഗീകൃത ഇന്ത്യന്‍ അസോസിയേഷനുകളും മീഡിയകളും കൂടുതല്‍ അവബോധം സൃഷ്ടിച്ചുകൊണ്ട് രംഗത്തുണ്ട്.
ദുബൈ കെ.എം.സി.സി. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി മുന്‍പന്തിയിലുണ്ട്. ‘മൈ ലോയര്‍’ പദ്ധതിയുടെ ഭാഗമായി വളരെ വിപുലമായ സഹായ സമാശ്വാസ സംവിധാനമാണ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. അതിനുവേണ്ടി മാത്രമായി ഒരു ഹെല്‍പ്പ് ഡസ്ക്ക് തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ നൂറുകണക്കില്‍ രജിസ്ട്രേഷനുകള്‍ ഇവിടെ നടന്നുകഴിഞ്ഞു. സാധാരണ തൊഴിലാളികള്‍ മാത്രമല്ല, അനധികൃതമായി ഒറ്റപ്പെട്ടുപോയ ധാരാളം കുടുംബങ്ങളിവിടെ റജിസ്ട്രേഷന് എത്തുന്നത് കാണാന്‍ കഴിയുന്നു. നിയോഗ തല്‍പ്പരരായ ഒരു ടീം തന്നെ ഇവര്‍ക്കുവേണ്ടി അനുയോജ്യമായ ഏറ്റവും നല്ല പരിഹാരം നല്കി ഓരോരുത്തരെയും നിയമ വിധേയമാക്കി രാജ്യത്ത് തങ്ങാനും സ്വരാജ്യത്തേക്ക് മടങ്ങാനുമുള്ള സേവനങ്ങളാണ് ചെയ്തുവരുന്നത്. ലേബര്‍, എമിഗ്രേഷന്‍, ഇന്ത്യന്‍ എംബസ്സി തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങളെ സംയോജിപ്പിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓരോരുത്തര്‍ക്കും അനുയോജ്യമായ ഏറ്റവും നല്ല നിര്‍ദ്ദേശങ്ങളും ഇവര്‍ നല്കിവരുന്നു.
കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും സാമൂഹ്യ പരിസരത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ദ്രുതഗതിയിലുള്ള യു.എ.ഇ.യുടെ വികസന മുന്നേറ്റവും മറ്റ് രാഷ്ട്രങ്ങള്‍ക്ക് മാതൃകയായ പൗരസംരക്ഷണവും കുടിയേറ്റ സമൂഹത്തിന്റെ സന്തോഷ ജീവിതവും പരിരക്ഷിക്കുകയെന്ന ജനതല്പ്പരരായ ഭരണാധികാരികളുടെ തുല്യതയില്ലാത്ത ദീര്‍ഘവീക്ഷണത്തെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]