ഒമാന്‍ സ്വദേശിയുടെ വന്‍കുടലില്‍ കുടുങ്ങിയ കോഴിയെല്ല് പുറത്തെടുക്കാന്‍ മലപ്പുറത്തെത്തി, വിജയകരമായി പുറത്തെടുത്തു

ഒമാന്‍ സ്വദേശിയുടെ  വന്‍കുടലില്‍ കുടുങ്ങിയ കോഴിയെല്ല് പുറത്തെടുക്കാന്‍ മലപ്പുറത്തെത്തി, വിജയകരമായി പുറത്തെടുത്തു

പെരിന്തല്‍മണ്ണ: ഒമാന്‍ സ്വദേശിയുടെ വന്‍കുടലില്‍ കുടുങ്ങിയ കോഴിയെല്ല് പുറത്തെടുക്കാന്‍
മലപ്പുറം പെരിന്തല്‍മണ്ണയിലെത്തി. കിംസ് അല്‍ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 72കാരന്റെ വന്‍കുടലില്‍ കുടുങ്ങിയ എല്ല് പുറത്തെടുത്തു. ഒമാനിലെ ഷിനാസ് സ്വദേശിയായ അലി സേഫിനാണ് ആശ്വാസത്തണല്‍.
ഭക്ഷണംകഴിക്കുന്നതിനിടെ അബദ്ധത്തില്‍ വിഴുങ്ങിപ്പോയ വൈ ആകൃതിയിലുള്ള കോഴി എല്ല് വന്‍കുടലില്‍ കുടുങ്ങുകയായിരുന്നു. അല്‍ബദുവാവി മസ്‌കത്തിലെ ജാമിയാ ആശുപത്രിയില്‍ 15 ദിവസം ചികിത്സതേടിയിരുന്നു. വയര്‍ തുറന്ന ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു മസ്‌കത്തിലെ ആശുപത്രി അധികൃതര്‍ പറഞ്ഞത്. തുടര്‍ന്ന് 18നാണ് അലിയെ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ ഗ്യാസ്‌ട്രോ സര്‍ജന്‍ ഡോ. നൗഷാദ്ബാബു, ഗ്യാസ്‌ട്രോ എന്റോളജിസ്റ്റ് ഡോ. സജു സേവ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദഗ്ധസംഘം എന്‍ഡോസ്‌കോപ്പിയിലൂടെയും സിടി സ്‌കാനിങ്ങിലൂടെയും വന്‍കുടലില്‍ കുടുങ്ങിപ്പോയ എല്ലിന്റെ സ്ഥാനം നിര്‍ണയിച്ചു. വൈ ആകൃതിയിലുള്ള എല്ല് അന്നനാളവും ആമാശയവും ചെറുകുടലുംതാണ്ടി വന്‍കുടല്‍വരെ എത്തിയത് തികച്ചും അത്ഭുതകരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൊളനോസ്‌കോപ്പിക്ക് വിധേയനാക്കി ഒരുമണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെയാണ് എല്ല് പുറത്തെടുത്തതെന്ന് ഡോക്ടര്‍മാരായ സജുസേവ്യര്‍, നൗഷാദ്ബാബു, കിംസ് അല്‍ശിഫാ വൈസ് ചെയര്‍മാന്‍ പി ഉണ്ണീന്‍, ഓവര്‍സീസ് മാനേജര്‍ എന്‍ പി മുഹമ്മദലി, അഡ്മിനിസ്‌ട്രേറ്റര്‍ ഗുണശീലന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്ത ആഴ്ച്ച ഇദ്ദേഹം നാട്ടിലേക്ക് മടങ്ങും.

Sharing is caring!