മലപ്പുറം മതനിരപേക്ഷതയുടെ ആവാസ ഭൂമി: മന്ത്രി ജി. സുധാകരന്‍

മലപ്പുറം  മതനിരപേക്ഷതയുടെ  ആവാസ ഭൂമി:  മന്ത്രി ജി. സുധാകരന്‍

മലപ്പുറം മത നിരപേക്ഷതയുടെ ആവാസ ഭൂമിയാണെന്ന് മന്ത്രി ജി സുധാകരന്‍.
മഞ്ചേരി ചെരണിയില്‍ നിര്‍മ്മിച്ച വിശ്രമ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുഷ്ട ശക്തികള്‍ക്ക് വഴങ്ങാത്ത ജില്ലയാണ് മലപ്പുറം. മറ്റുളളവരെ അക്രമിക്കാന്‍ ആയുധമെടുക്കുന്നവരും പിറന്നത് സമാധാനം കാംക്ഷിക്കുന്ന അമ്മയുടെ ഉദരത്തിലാണ്. വര്‍ഗ്ഗീയതയ്ക്ക് വഴങ്ങാത്ത ജില്ലയാണ് മലപ്പുറം. ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ മലപ്പുറം വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. റസ്റ്റ് ഹൗസ് ജീവനക്കാര്‍ ആഥിതേയ മര്യാദ കാണിക്കണം. മികച്ച സര്‍ക്കാര്‍ വിശ്രമ മന്ദിരങ്ങള്‍ക്കും ജീവനക്കാര്‍ക്കും അവാര്‍ഡ് നല്‍കും. സംസ്ഥാനത്ത് റസ്റ്റ് ഹൗസ് എന്നതിന് പകരം മഞ്ചേരിയുടെ മാതൃക സ്വീകരിച്ച് ‘വിശ്രമ മന്ദിരം’ എന്ന് പേര് നല്‍കും. പൊതുമരാമത്ത് വകുപ്പിലെ മോശം പ്രവണതകള്‍ സര്‍ക്കാര്‍ അവസാനിപ്പിച്ച് വരികയാണ്. സംസ്ഥാനത്തെ വിശ്രമ മന്ദിരങ്ങള്‍ പലതും കുത്തഴിഞ്ഞ നിലയിലാണ്. ഇത് മാറ്റിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

മൂന്നു കോടി രൂപ ചെലവിട്ടാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
രണ്ടു നിലകളുള്ള കെട്ടിടത്തില്‍ ആറ് മുറികളുണ്ട്. ഇതില്‍ മൂന്ന് മൂറികള്‍ വിഐപികള്‍ക്ക് വേണ്ടിയാണ് ഒരുക്കിയത്. അടുക്കള, സമ്മേളന ഹാള്‍, ഓഫീസ്, സ്റ്റോര്‍ മുറി എന്നിവയും കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.

നിലവിലുണ്ടായിരുന്ന റസ്റ്റ് ഹൗസ് മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് താമസ സ്ഥലമാക്കി മാറ്റിയതോടെ സര്‍ക്കാര്‍ തലത്തിലുള്ള ടി. ബി സംവിധാനം ഇല്ലാതായിരുന്നു. പുതിയ വിശ്രമ മന്ദിരം ജില്ലയുടെ സിരാകേന്ദ്രമായ മഞ്ചേരിയിലെത്തുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടും.

ചടങ്ങില്‍ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മഞ്ചേരി നഗരസഭാ അദ്ധ്യക്ഷ വി.എം സുബൈദ, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം കോയ മാസ്റ്റര്‍, മഞ്ചേരി നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി, പി.ഡബ്യു.ഡി ചീഫ് എഞ്ചിനീയര്‍ ഹൈദ്രു ഇ.കെ, പി.ഡബ്യു.ഡി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ദിലീപ് ലാല്‍, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എം. മുഹമ്മദ് അന്‍വര്‍, അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഷിനി. എം ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പൊതുമരാമത്ത് വകുപ്പ് വിശ്വാസ്യത
തിരിച്ച് പിടിക്കും – മന്ത്രി ജി.സുധാകരന്‍

പുതിയ കാലത്ത് പുതിയ നിര്‍മ്മിതി എന്ന് ആശയവുമായി പൊതുമരാമത്ത് വകുപ്പ് തങ്ങളുടെ വിശ്വാസ്യത തിരിച്ചു പിടിച്ച് വരികയാണെന്ന് വകുപ്പ് മന്ത്രി ജി.സുധാകരന്‍. അനുവദിച്ച തുകയേക്കാള്‍ കുറഞ്ഞ നിരക്കില്‍ പണികള്‍ പൂര്‍ത്തീകരിച്ചും നിര്‍മ്മാണത്തിലെ കാലതാമസം അവസാനിപ്പിച്ചും ഈടുള്ള നിര്‍മ്മിതിയിലൂടെയും അത് സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. പരപ്പനങ്ങാടിയില്‍ പൊതുമരാമത്ത്‌വകുപ്പ് പൂര്‍ത്തീകരിച്ച വിവിധ നിര്‍മ്മിതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ ഉപമുഖ്യമന്ത്രിയും പൊതുമാരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്ന അവുക്കാദര്‍ കുട്ടിനഹയുടെ നാമധേയത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പൊതുമരാമത്ത് വകുപ്പ് കെട്ടിട സമുച്ചയത്തിന്റെയും സര്‍ക്കാര്‍ വിശ്രമ മന്ദിരം, പരപ്പനങ്ങാടി ചെമ്മാട് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ചീര്‍പ്പിങ്ങല്‍ പാലം എന്നിയുടെയും ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു. തിരൂരങ്ങാടി എം.എല്‍.എ പി കെ അബ്ദുറബ്ബിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പൊന്നാനി ലോകസഭാ മണ്ഡലം എം.പി ഇ.ടി മുഹമ്മദ്ബഷീര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി.

പൊതുമാരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 91 സെന്റ് സ്ഥലത്താണ് വിശ്രമ മന്ദിരവും കെട്ടിട സമുച്ചയവും പണി കഴിച്ചിട്ടുള്ളത്. പരപ്പനങ്ങാടി കോടതി പരിസരത്തെ സര്‍ക്കാര്‍ ഭൂമിയിലാണ് രണ്ട് പദ്ധതികളും യാഥാര്‍ത്ഥ്യമാക്കിയത്. നാലുനിലകളിലായി അത്യാധുനിക സൗകര്യങ്ങളോട് കൂടി നിര്‍മ്മിച്ച അവുക്കാദര്‍ കുട്ടിനഹ സ്മാരക കെട്ടിട സമുച്ചയം തുറക്കുന്നതോടെ നിലവില്‍ വാടക കെട്ടിടങ്ങളില്‍ വിവിധയിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സ്വന്തമായ കാര്യാലയമാകും. ആകെ 3257 ചതുരശ്ര മീറ്ററിലായി വ്യാപിച്ച് കിടക്കുന്ന കെട്ടിടത്തില്‍ ലിഫ്റ്റ് ഉള്‍പ്പടെ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

അത്യാധുനിക സൗകര്യങ്ങളോടെ രണ്ടു നിലകളിലായി നിര്‍മ്മിച്ച വിശ്രമ മന്ദിരത്തിന് അഞ്ചുകോടിരൂപയാണ് നിര്‍മ്മാണച്ചിലവ്. കാലപഴക്കം മൂലം ചോര്‍ന്നോലിച്ചിരുന്ന പഴയ വിശ്രമ കേന്ദ്രത്തിന് പകരമായാണ് പുതിയ കെട്ടിടം.

നബാര്‍ഡിന്റെ സഹായത്തോടെ നിര്‍മ്മിച്ച ചീര്‍പ്പിങ്ങല്‍ പാലത്തിന്റയും അപ്രോച്ച് റോഡിന്റെയും ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ഇരു ഭാഗത്തും ഒന്നര മീറ്റര്‍ നടപ്പാതയോട് കൂടിയാണ് പാലം പണി കഴിപ്പിച്ചിരിക്കുന്നത്. പാലത്തിനോട് ചേര്‍ന്ന് 390 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും നിര്‍മ്മിച്ചിട്ടുണ്ട്.

ചടങ്ങില്‍ പരപ്പനങ്ങാടി നഗരസഭ ചെയര്‍പേഴ്സണ്‍ വി.വി ജമീല ടീച്ചര്‍, നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പനയത്തില്‍ മുസ്തഫ, നഗരസഭ വൈസ് ചെയര്‍മാന്‍ എച്ച്. ഹനീഫ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷരീഫ മലയാം പള്ളി, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റസിയ സലാം പി.ഒ, എം. ഉസ്മാന്‍, എം.സി നസീമ, എ.ഉസ്മാന്‍, ഭവ്യരാജ്, നഗരസഭ കൗണ്‍സിലര്‍മാരായ നൗഫല്‍ ഇല്ലിയന്‍, റൂബി സഫീന, സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ സഹകരണ ഫെ#റേഷന്‍ അപ്പക്സ് ബോര്‍ഡ് പ്രസിഡന്റ് പാലക്കണ്ടി വേലായുധന്‍, സിഡ്കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, പരപ്പനങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കുട്ടിക്കമ്മു നഹ കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഉമ്മര്‍ ഒട്ടുമ്മല്‍, തുടിശ്ശേരി കാര്‍ത്തികേയന്‍, പി.ഒ. സലാം, ഗിരീഷ് തോട്ടത്തില്‍, ജഗന്നിവാസന്‍. പി, സി. ഉണ്ണികൃഷ്ണന്‍., എം.വി മുഹമ്മദലി, രഘുനാഥ് എ.വി, പൊതുമാരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം. മുഹമ്മദ് അന്‍വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ തുറന്ന് കാട്ടുന്നതിന് പൊതുജനങ്ങള്‍ രാഷ്ട്രീയം മറന്ന് ഒന്നിക്കണം – മന്ത്രി ജി. സുധാകരന്‍

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ തുറന്ന് കാട്ടുന്നതിന് പൊതുജനങ്ങള്‍ രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അഭിപ്രായപ്പെട്ടു. പരപ്പനങ്ങാടിയില്‍ പൊതുമരാമത്ത് പണി കഴിപ്പിച്ച വിവിധ നിര്‍മ്മിതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ കാലത്ത് പുതിയ നിര്‍മ്മിതി എന്നതാണ് പൊതുമരാമത്ത് വകുപ്പ് മുന്നോട്ട് വെക്കുന്ന ആശയം. ഇത് പ്രകാരം നിര്‍മ്മാണ പ്രവര്‍ത്തികള്‍ കാല താമസമില്ലാതെയും ഉറപ്പോടും അനാവശ്യ ചിലവുകള്‍ ഇല്ലാതെയുമാക്കി വരികയാണ്. മഴക്കാലം കഴിയുന്നതോടെ തകരാറിലായ മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ തുടങ്ങും. സംസ്ഥാനത്ത് 60 ശതമാനം റോഡുകളും മഴയെ അതിജീവിച്ചതായും മന്ത്രി പറഞ്ഞു. റോഡു നിര്‍മ്മാണത്തിലെ അപാകതകള്‍ക്ക് വഴിവെക്കുന്ന സബ് കോണ്‍ട്രാക്റ്റിംഗ് സംവിധാനം ഈ ഗവണ്‍മെന്റ് നിര്‍ത്തലാക്കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോട്ടയ്ക്കല്‍ മണ്ഡലത്തിലെ ബൈപ്പാസുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി ജി സുധാകരന്‍

കോട്ടയ്ക്കല്‍ നിയോജകണ്ഡലത്തിലെ പുത്തൂര്‍- ചെനക്കല്‍ ബൈപ്പാസ്, കഞ്ഞിപ്പുര- മൂടാല്‍ ബൈപ്പാസുകളുടെ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തിലെ നവീകരിച്ച സര്‍ഹിന്ദ് -വൈദ്യരത്നം റോഡിന്റെയും കോട്ടയ്ക്കല്‍- കോട്ടപ്പടി റോഡിന്റെയും പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഴിമതി ഇല്ലാതാക്കുകയും വികസനം കൊണ്ടു വരികയുമാണ് സര്‍ക്കാര്‍ നയം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കോട്ടയ്ക്കല്‍ മണ്ഡലത്തില്‍ മാത്രം 75 കോടി രൂപയുടെ മരാമത്ത് പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്്.
പൂത്തൂര്‍- ചെനയ്ക്കല്‍ ബൈപ്പാസിന്റെ മൂന്നാം ഘട്ടത്തിനായി ഫണ്ട് വകയിരുത്തിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കഞ്ഞിപ്പുര- മൂടാല്‍ ബൈപ്പാസിന് ഭൂമിയേറ്റെടുക്കുമ്പോള്‍ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി 23 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഈ രണ്ടു പദ്ധതികള്‍ക്കും ഭൂമി ഏറ്റെടുത്ത് പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ജെ. ഹരീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ മിനി, കോട്ടയ്ക്ക്ല്‍ നഗരസഭാ ചെയര്‍മാന്‍ കെ.കെ നാസര്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുലൈഖാബി, നഗസരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ നിയമസഭയില്‍ കോട്ടയ്ക്കലിനെ പ്രതിനിധീകരിച്ച എം.പി അബ്ദുസ്സമദ് സമദാനിയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച 1.3 കോടി രൂപ ഉപയോഗിച്ചാണ് 2.2 കിലോമീറ്റര്‍ ദൂരം വരുന്ന സര്‍ഹിന്ദ്- വൈദ്യരത്നം റോഡ് റബറൈസ്ഡ് ചെയ്ത് നവീകരിച്ചത്. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ 2016-17 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തിയാണ് കോട്ടയ്ക്കല്‍- കോട്ടപ്പടി റോഡ് നവീകരിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പിന്റെ സാങ്കേതികാനുമതി ലഭിച്ചത്. ദേശീയപാത 66 ല്‍ ചങ്കുവെട്ടി കുര്‍ബാനിയില്‍ നിന്ന് തുടങ്ങി കോട്ടപ്പടിയില്‍ അവസാനിക്കുന്ന ഈ റോഡ് വീതി കൂട്ടി റബറൈസ്ഡ് ചെയ്ത് നവീകരിക്കുന്നതോടെ തിരൂര്‍- മലപ്പുറം റോഡിലെ തിരയ്ക്ക് കുറയ്ക്കാനാകും.

Sharing is caring!