ഗായിക അസ്മ കൂട്ടായിയെ ശനിയാഴ്ച്ച ജന്മനാട് ആദരിക്കും

ഗായിക അസ്മ കൂട്ടായിയെ  ശനിയാഴ്ച്ച ജന്മനാട്  ആദരിക്കും

തിരൂര്‍: സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും ഒപ്പം വിരഹത്തിന്റേയും നൊമ്പരത്തിന്റേയും ഇശലുകളായി മലയാളി നെഞ്ചോട് ചേര്‍ത്ത ഗാനങ്ങള്‍ ശ്രുതി തലങ്ങള്‍ക്കപ്പുറം പാട്ടിന്റെ വരികളിലെ ഭാവ തീവ്രതയെ തന്റെ സ്വര മാധുര്യത്തില്‍ ഇഴചേര്‍ത്ത് സംഗീതാസ്വാദകര്‍ക്ക് സമ്മാനിച്ച പാട്ടിന്റെ വഴികളിലൂടെ കഴിഞ്ഞ 40 വര്‍ഷമായി സഞ്ചരിക്കുന്ന ഗായിക അസ്മ കൂട്ടായിയെ ജന്മനാട് നാളെ(ശനിയാഴ്ച്ച) ആദരിക്കും.
ഒരു സംഗീത കുടുംബത്തിലാണ് അസ്മയുടെ ജനനം. തബലിസ്റ്റായ ചാവക്കാട് ഖാദര്‍ ഭായിയുടെയും ഗായികയായ ആമിനാബീവിയുടേയും മകളായി ജനിച്ച അസ്മ കുട്ടിക്കാലം മുതല്‍ക്ക് തന്നെ മാപ്പിളപ്പാട്ടിനെ മനസ്സില്‍ ലയിപ്പിച്ചു. ഹാര്‍മോണിയത്തിന്റെയും തബലയുടേയും ശ്രുതിതാള ഭേതങ്ങളില്‍ മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ കവി മോയിന്‍കുട്ടി വൈദ്യരുടെ മനോഹരമായ ഇശലുകള്‍ ഇഴചേര്‍ത്ത് വീട്ടില്‍ സൃഷ്ടിച്ച സംഗീതാന്തരീക്ഷം അസ്മയെ ഒരു ഗായികയിലേക്കുള്ള വഴിതുറന്നു. മനസ്സില്‍ ചിതറിക്കിടന്ന സംഗീതത്തിന് ഇഴചേര്‍ക്കാന്‍ ഊടും പാവും നല്‍കിയത് ഗുരുസ്ഥാനീയരായ കെ.എം. ബാപ്പുട്ടി, കെ.എം. മുഹമ്മദ്കുട്ടി, കെ.എം. അബൂബക്കര്‍, സുബൈദ എന്നിവരാണ്.
മലബാറില്‍ മാപ്പിളപ്പാട്ടിന് സുവര്‍ണകാലം സമ്മാനിച്ച ഗായകരുടെ ഇടയില്‍ അസ്മ കൂട്ടായി എന്ന നാമവും തെളിഞ്ഞുവന്നു. വേദികളില്‍നിന്ന് വേദികളിലേക്കുള്ള ജൈത്രയാത്രയായിരുന്നു അസ്മയുടേത്. ആയിരക്കണക്കിന് വേദികള്‍ പങ്കിട്ട അസ്മയുടെ ഏറ്റവും വലിയ സമ്പാദ്യം. ഒരു വലിയ സൗഹൃദ വലയമാണ്. ഈ സൗഹൃദ ബന്ധങ്ങളാണ് ഇന്നും അസ്മ എന്നഗായികയെ തേടി വേദികള്‍ എത്താനുള്ള കാരണവും.
സംഗീത വഴികളിലൂടെ അസ്മ ഇന്നും സഞ്ചരിക്കുന്ന കുട്ടിക്കുപ്പായം റിയാലിറ്റിഷോയില്‍ വിധികര്‍ത്താവായി അസ്മ മാപ്പിളപ്പാട്ടിന്റെ പുതു തലമുറക്ക് പ്രയോദനമായി മാറുകയാണ്.
തബലിസ്റ്റുകൂടിയായ ബാവയാണ് അസ്മയുടെ ഭര്‍ത്താവ്. വിദ്യാര്‍ത്ഥികളായ ഷഹനാസ്, ഷംന എന്നിവര്‍ മക്കളാണ്. ഒരു ആയുസ്സിന്റെ ഘടനയില്‍40 വര്‍ഷം എന്നത് ഒരു നീണ്ട കാലയളവാണ്. സംഗീതത്തിന് പ്രായമില്ല എന്ന് തെളിയിച്ചുകൊണ്ട് അസ്മ ഇന്നും സൗഹൃദത്തിന്റെ ഇശലുകള്‍ തീര്‍ത്ത് തിരൂരിന്റെ പ്രിയഗായികയായി നിലനില്‍ക്കുന്നു.
ഇന്ന് (ശനി) വൈകീട്ട് 5 മണിക്ക് തിരൂര്‍ മുനിസിപ്പല്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങ് കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സി. മമ്മുട്ടി എം.എല്‍.എ. അധ്യക്ഷത വഹിക്കും. ആദരവിന്റെ ഭാഗമായി 5 ലക്ഷം രൂപയും പ്രശസ്തിപത്രവും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അസ്മ കൂട്ടായിക്ക് കൈമാറും. തുടര്‍ന്ന് 25ഓളം വരുന്ന ഗായകര്‍ നയിക്കുന്ന ഇശല്‍ മഹോത്സവം നടക്കും.

Sharing is caring!