മഞ്ചേരിയില്‍ വന്‍ തീപിടുത്തം; അരക്കോടി രൂപയുടെ നഷ്ടം

മഞ്ചേരിയില്‍ വന്‍ തീപിടുത്തം; അരക്കോടി രൂപയുടെ നഷ്ടം

മഞ്ചേരി: മഞ്ചേരി മലപ്പുറം റോഡില്‍ ഗവ: മെഡിക്കല്‍ കോളേജിന് സമീപമുള്ള മാര്‍ക്ക് ഫൂട് വെയര്‍ എന്ന കടയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോട് കൂടി വന്‍ തീപിടുത്തമുണ്ടായി. അരക്കോടി രൂപയുടെ നഷ്ടം.
അങ്ങാടിപ്പുറം സ്വദേശി എസ്.എ.അയൂബിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം മൂന്ന് നില കെട്ടിടത്തിന്റെ അണ്ടര്‍ ഗ്രൗണ്ട് ഏരിയയില്‍ ഉദ്ദേശം 40 മീറ്റര്‍ നീളവും, 8 മീറ്റര്‍ വീതിയുമുള്ള സ്ഥലത്താണ് പ്രവര്‍ത്തിച്ചിരുന്നത്. സുല്‍ഫിക്കര്‍ പൂഴിക്കുത്ത് ഹൗസ്, ചെരണി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം കടയ്ക്ക് വായുസഞ്ചാരമോ മറ്റോ ഇല്ലാത്തതിനാല്‍ തീ പിടുത്തം വളരെ വൈകിയാണ് ജനശ്രദ്ധയില്‍ പെട്ടത്.ഇത് തീയുടെ വ്യാപ്തി വര്‍ദ്ധിച്ച് കടക്കുള്ളിലെ ഇലക്ട്രിക്ക് ഉപകരണങ്ങളും, വില്‍പനക്ക് വച്ചിരുന്ന വന്‍ തോതിലുള്ള പാദരക്ഷ, ബാഗ് തുടങ്ങിയ സാധനങ്ങളും അഗ്‌നിക്കിരയായി .സംഭവ വിവരം ലഭിച്ച മഞ്ചേരി അഗ്‌നി-രക്ഷാ നിലയത്തില്‍ നിന്നും ഒരു വാട്ടര്‍ ടെണ്ടര്‍ സംഭവ സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും, തീയുടെ വ്യാപ്തി ഗുരുതരമായതിനാല്‍ സമീപത്തുള്ള മലപ്പുറം, തിരുവാലി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കോഴിക്കോട് ബീച്ച് എന്നീ നിലയങ്ങളിലെ വാഹനങ്ങളുടെ സഹായം തേടിയാണ് നീണ്ട നാല് മണിക്കൂര്‍ പ്രയത്‌നത്തിനൊടുവില്‍ തീ പൂര്‍ണ്ണമായും അണച്ചത് .

കത്തിക്കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ എല്ലാ ഭാഗവും പൂര്‍ണ്ണമായും കെട്ടി അടച്ചതിനാലും, വായു സഞ്ചാരം ഇല്ലാത്തതിനാലും അഗ്‌നി ശമന സേനാംഗങ്ങള്‍ ശ്വസനോപകരണങ്ങള്‍ ഉപയോഗിച്ച് വളരെ പ്രയാസപ്പെട്ട് കെട്ടിടത്തിന്റെ ഭിത്തിയുടെ ചില ഭാഗങ്ങള്‍ പൊളിച്ച് മാറ്റി അകത്ത് കടന്നാണ് നഗരത്തിലെ വന്‍ അഗ്‌നിബാധയാവുമായിരുന്ന തീയെ നിയന്ത്രണ വിധേയമാക്കിയത്.അഗ്‌നി-രക്ഷാ സേനയുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് മുകളിലെ രണ്ട് നിലകളിലേക്കും, തൊട്ടടുത്ത തുണിക്കടകളിലേക്കും തീ പടരാതെ നിയന്ത്രണ വിധേയമാക്കിയത്.മലപ്പുറം ജില്ലയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നായ മഞ്ചേരിയില്‍ രണ്ടര വര്‍ഷം മുന്‍പ് സ്ഥാപിതമായ ഫയര്‍ സ്റ്റേഷനില്‍ ജീവനക്കാരും, വാഹനങ്ങളും, ഉപകരണങ്ങളും പരിമിതമായതിനാലാണ് മറ്റ് ഫയര്‍ സ്റ്റേഷനുകളുടെ സേവനം തേടേണ്ടി വന്നത്. ജില്ല ഫയര്‍ ഓഫീസര്‍ ശ്രീ.മൂസ വടക്കേതിലിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ ശ്രീ.എം.അബ്ദുള്‍ ഗഫൂര്‍, മഞ്ചേരി അസ്സി: സ്റ്റേഷന്‍ ഓഫീസര്‍ ശ്രീ ഇ.കെ.അബ്ദുള്‍ സലീം എന്നിവര്‍ തീ അണക്കുന്നതിന് നേതൃത്വം നല്‍കി. അഗ്‌നി-രക്ഷാ സേനയുടെ സഹായത്തിനായി ട്രോമാ കെയര്‍ വളണ്ടിയര്‍മാരും, നാട്ടുകാരും രംഗത്തുണ്ടായിരുന്നു.

Sharing is caring!