കരിപ്പൂരില്‍ ഈ മാസം മുതല്‍ വലിയ വിമാനമെന്ന് കുഞ്ഞാലിക്കുട്ടി

കരിപ്പൂരില്‍ ഈ മാസം മുതല്‍ വലിയ വിമാനമെന്ന്  കുഞ്ഞാലിക്കുട്ടി

മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക്. ഈ മാസം തന്നെ ഇത് സംബന്ധിച്ച അനുമതി ലഭ്യമാക്കുമെന്ന് വ്യോമയാന മന്ത്രി അറിയിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി എം പി അറിയിച്ചു. വ്യോമയാന വകുപ്പ് ഉദ്യോഗസ്ഥരുമൈയും, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡി ജി സി എ) ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വിമാനത്താവള ഡയറക്ടര്‍ ശ്രീനിവാസ റാവുവും, എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍ റാസ അലി ഖാനുമായും ഇന്നലെ പി കെ കുഞ്ഞാലിക്കുട്ടി എം പി ഇത് സംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു. വ്യോമയാന മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളുമായി ബന്ധപ്പെട്ട ഡയറക്ടര്‍ക്കും ഉടന്‍ തന്നെ വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.

കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യയുടെ സൗദി സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വിമാനത്താവള വികസനത്തിന് എത്രമാത്രം ഭൂമിയാണ് വേണ്ടതെന്ന് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച് കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ജിദ്ദ സര്‍വീസ് ആരംഭിച്ചാല്‍ ഹജ് എംബാര്‍ക്കേഷന്‍ സ്വാഭാവികമായും കരിപ്പൂരിലേക്ക് വരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സൗദി എയര്‍ലൈന്‍സിന് കരിപ്പൂരില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള അനുമതി ഈ മാസം 31ന് അകം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡയറക്ടര്‍ ശ്രീനിവാസ റാവു അറിയിച്ചു. ഭൂമി ലഭ്യമാകുന്നതിനനുസരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ എം പിയുമായി ചര്‍ച്ച ചെയ്തെന്നും ഡയറക്ടര്‍ അറിയിച്ചു.

വിമാനത്താവള ഉപദേശ സമിതി അംഗം ഖൈരു അബ്ദുല്‍ റഹീം പട്ടര്‍ക്കടവനും യോഗത്തില്‍ സംബന്ധിച്ചു.

Sharing is caring!