മലപ്പുറം ജില്ലയോടുള്ള സര്‍ക്കാരുകളുടെ വിവേചനം മുസ്ലിംലീഗ് പ്രക്ഷോഭത്തിന്

മലപ്പുറം ജില്ലയോടുള്ള സര്‍ക്കാരുകളുടെ വിവേചനം മുസ്ലിംലീഗ് പ്രക്ഷോഭത്തിന്

മലപ്പുറം: ജില്ലയോടുള്ള കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ വിവേചനത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് മുസ്ലീം ലീഗ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രവും സംസ്ഥാനവും ജില്ലയെ പിറകോട്ട് വലിക്കാന്‍ ശ്രമിക്കുകയാണ്. റെയില്‍വേയും വ്യോമയാന വകുപ്പും ഗുരുതര വിവേചനമാണ് കാണിക്കുന്നത്. 30ന് വൈകിട്ട് 3ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മാര്‍ച്ചും പ്രതിഷേധ സംഗമം നടത്തും. യൂത്ത് ലീഗ് പത്ത് ദിവസത്തെ സമര പരമ്പരയ്ക്ക് രൂപമേകിട്ടുണ്ട്. കെ.എം.സി.സിയും സമരം നടത്തും. കരിപ്പൂരില്‍ പൂര്‍വ്വസ്ഥിതി പുനഃസ്ഥാപിക്കുന്നതിനൊപ്പം കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കണം. നെടുമ്പാശ്ശേരിക്ക് വളരാനും കണ്ണൂരിന് ഉയരാനും കരിപ്പൂരിന്റെ ചിറകരിയുന്നത് അനുവദിക്കാനാവില്ല.
ദീര്‍ഘദൂര തീവണ്ടികള്‍ക്ക് ജില്ലയിലെവിടെയും സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ 16ന് പാലക്കാട് റെയില്‍വെ ഡിവിഷന്‍ മാനേജറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. എം.പിമാരും എം.എല്‍.എമാരും തദ്ദേശ പ്രതിനിധികളും പങ്കെടുക്കും. ഇതിന്‌ശേഷവും പരിഹാരമായില്ലെങ്കില്‍ ജില്ലയിലൂടെ കടന്നുപോവുന്ന ട്രെയിനുകള്‍ തടയും. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത ഇല്ലാതാക്കാന്‍ ഒത്തുകളിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടിനെതിരെ പ്രക്ഷോഭത്തിന് നേതൃമേകും. കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിച്ചപ്പോള്‍ ജില്ലയിലെ ഒരുകോളേജിലും അനുവദിക്കാത്തത് കടുത്ത അനീതിയാണ്. പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് മൂലം കാല്‍ലക്ഷത്തോളം കുട്ടികള്‍ പുറത്താണ്. ഭൂനികുതി വര്‍ദ്ധനവ് പിന്‍വലിക്കുക, ഓണ്‍ലൈന്‍ വഴിയുള്ള സേവനങ്ങള്‍ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി 24ന് രാവിലെ 10ന് വില്ലേജ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും. ദേശീയപാത ഭൂമിയേറ്റെടുക്കലില്‍ സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ ഭൂമിയേറ്റെടുക്കലിനെ പ്രതിരോധിക്കും. ആഗസ്റ്റ് 1 മുതല്‍ 7 വരെ ശിഹാബ് തങ്ങള്‍ സ്മൃതി സദസ്സുകള്‍ സംഘടിപ്പിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. ശിഹാബ് തങ്ങള്‍ ചാരിറ്റി സെല്ലുകള്‍ രൂപീകരിച്ച് പലിശ രഹിത വായ്പാ സംവിധാനങ്ങള്‍ ആരംഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ്, സെക്രട്ടറിമാരായ ഉമ്മര്‍ അറക്കല്‍, നൗഷാദ് മണ്ണിശ്ശേരി എന്നിവര്‍ പങ്കെടുത്തു.

Sharing is caring!