കരിപ്പൂരില് വലിയ വിമാനങ്ങളുടെ സര്വ്വീസ് ആരംഭിക്കുന്നതിനായി ജനപ്രതിനിധികള് കൂട്ടമായി കേന്ദ്രത്തില് സമ്മര്ദ്ദംചെലുത്തും
മലപ്പുറം: കരിപ്പൂരില് നിന്നു വലിയ വിമാനങ്ങളുടെ സര്വ്വീസ് ആരംഭിക്കുന്നതിനായി കേന്ദ്രത്തില് കൂട്ടായി ശക്തമായ സമ്മര്ദ്ദം ചെലുത്താന് വിമാനത്താവള ഉപദേശക സമിതി യോഗ തീരുമാനം. ഇതിനനുകൂലമായ റിപ്പോര്ട്ടാണ് ഡി.ജി.സി.എ ക്ക് ലഭിച്ചിട്ടുള്ളത്. 18 ന് പാര്ലിമെന്റ് സമ്മേളനത്തിനോടനുബന്ധിച്ച് കുഞ്ഞാലിക്കുട്ടിയുടേയും മറ്റു എം.പി മാരുടെയും നേതൃത്വത്തില് കേന്ദ്ര വ്യോമയാന മന്ത്രിയെയും ഡി.ജി.സി.എ അധികൃതരെയും കാണാനും യോഗം തീരുമാനിച്ചു.
വലിയ വിമാനങ്ങള് കരിപ്പൂരില് നിന്നു സര്വ്വീസ് പുനരാരംഭിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. ഭൂമി ഏറ്റെടുക്കലും വലിയ വിമാനങ്ങളുടെ സര്വ്വീസും തമ്മില് ബന്ധമില്ലെന്നു യോഗത്തില് ചര്ച്ചയില് ബന്ധപ്പെട്ടവര് പറഞ്ഞു. ഭൂമി ഏറ്റെടുക്കുകയെന്നത് വിമനത്താവളത്തിന്റെ തുടര് വികസനത്തിനു ആവശ്യമാണ്. എത്ര ഭൂമി വേണമെന്നതുള്പ്പെടെയുള്ള വിശദമായ പ്രപ്പോസല് കേന്ദ്രത്തില് നിന്നു ലഭ്യമാക്കാന് സംസ്ഥാന സര്ക്കാറിനോടു ആവശ്യപ്പെട്ടു.
അടുത്ത മാസത്തോടെ പുതിയ ടെര്മിനല് ഉദ്ഘാടനം ചെയ്യാന് തീരുമാനിച്ചു. ചീക്കോട് കുടിവെള്ള പദ്ധതിയില് നിന്നു എയര്പ്പോര്ട്ടിലേക്കു വെള്ളമെത്തിക്കുന്നതിനോടൊപ്പം കൊണ്ടോട്ടി നഗരസഭയിലുള്പ്പെടെയുള്ള സമീപ പ്രദേശങ്ങളിലേക്കു വെള്ളമെത്തിക്കുന്നതിനു എയര്പോര്ട്ടിന്റെ സി.എസ്.ആര് ഫണ്ട് ഉപയോഗിക്കും. കൊണ്ടോട്ടി നഗരസഭ, പള്ളിക്കല് ഗ്രാമപഞ്ചായത്ത് മേഖലകളില് നിലവില് അനുഭവിക്കുന്ന എയര്പോര്ട്ടിലെ റണ്വേയില് നിന്നുള്ള മാലിന്യപ്രശ്നം പരിഹരിക്കാന് നഗരസഭ, പഞ്ചായത്ത്, എയര്പോര്ട്ട് അധികൃതരുടെ നേതൃത്വത്തില് സംയുക്ത പരിശോധന നടത്തും. തുടര്ന്നു ആവശ്യമായ പരിഹാര നടപടികള് എയര്പോര്ട്ട് അതോറിറ്റി സ്വീകരിക്കും. കസ്റ്റംസിനു ആവശ്യമായ സൗകര്യങ്ങളൊരുക്കിയിട്ടും മതിയായ ജീവനക്കാരെ നിയമിക്കാതെയുള്പ്പെടെയുള്ള അനാസ്ഥക്കെതിരെ നടപടി സ്വീകരിക്കാന് കസ്റ്റംസ് കമ്മീഷണറോട് നിര്ദ്ദേശിച്ചു. ലഭ്യമായ എക്സറേ മെഷീന് ഉപയോഗിക്കാത്തതുള്പ്പെടെയുള്ള പ്രശ്നം പരിഹരിക്കാന് നിര്ദ്ദേശിച്ചു.
യാത്രക്കാരുടെ ടോയ്ലെറ്റ് പ്രശ്നം മൂന്നു കോടി രൂപയുടെ ടോയ്ലെറ്റ് കോംപ്ലക്സ് വരുന്നതേടെ പരിഹരിക്കാനാവുമെന്നു യോഗത്തില് അറിയിച്ചു. പ്രീ പെയ്ഡ് ടാക്സി നടത്തിപ്പ് കേരള പോലീസിനെ ഏല്പ്പിക്കാന് നിര്ദ്ദേശിച്ചു. വലിയ വിമാനങ്ങള് സര്വ്വീസ് ആരംഭിക്കുന്നതോടെ ഹജ്ജ് സര്വ്വീസും പുനരാരംഭിക്കാനാവും. ഉംറ യാത്രക്കാര്ക്കായി നിലവിലെ ഹാള് സൗകര്യപ്പെടുത്തും. പാര്ക്കിംഗ് സൗകര്യം വിപുലപ്പെടുത്തും. വാഹനങ്ങള് ഒന്നിച്ചെത്തുന്നതോടെ ഗതാഗതക്കുരുക്ക് സ്ഥിരമായി അനുഭവപ്പെടുന്നതിനു പരിഹാരമായി വിമാനത്താവളത്തിനു പുറത്തു നഗരസഭയുടെ നേതൃത്വത്തില് പാര്ക്കിംഗ് ഗ്രൗണ്ട് തുടങ്ങുന്നത് പരിഗണിക്കും. വിമാനത്താവളത്തില് പൊലീസ് സൗകര്യം കാര്യക്ഷമമാക്കുന്നതിനായി വിമാനത്താനവളത്തില് പൊലീസ് സ്റ്റേഷന് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കും.
യോഗത്തില് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.അധ്യക്ഷത വഹിച്ചു. എം.പി.മാരായ ഇ.ടി.മുഹമ്മദ് ബഷീര്, എം.കെ. രാഘവന്, പി.വി.അബ്ദുല് വഹാബ്, എം.എല്.എ മാരായ ടി.വി.ഇബ്രാഹീം, പി.അബ്ദുല് ഹമീദ്, നഗരസഭ ചെയര്മാന് സി.നാടിക്കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മിഥുന, എയര്പോര്ട്ട് ഡയറക്ടര് ശ്രീനിവാസ റാവു, ഡെപ്യൂട്ടി കലക്ടര് ഡോ.ജെ.ഒ. അരുണ്, കെ.മുഹമ്മദുണ്ണി ഹാജി, പി.വി.ഗംഗാധരന്, ഡി.വൈ.എസ്.പി. ജലീല് തോട്ടത്തില്, ടി.പി.ഹാഷിറലി, കെ.എം. ബഷീര്, എ.കെ. നസീര്, മുഹമ്മദ് ഷാഹിദ്, അഞ്ജു നായര്, പി.വി.നിധീഷ്, ഖമറുറഹീം പട്ടര്കടവന് എന്നിവര് പങ്കെടുത്തു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]