എസ്.ഡി. പി.ഐയെ പൂട്ടാനൊരുങ്ങി സര്‍ക്കാര്‍

എസ്.ഡി. പി.ഐയെ  പൂട്ടാനൊരുങ്ങി സര്‍ക്കാര്‍

മലപ്പുറം: സംസ്ഥാനത്ത് എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന പോലീസിന് നിര്‍ദ്ദേശം. മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി അഭിനമന്യുവിനെ കൊലപ്പെടുത്തിയത് എസ് ഡി പി ഐക്കാരാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി.

അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നടക്കുന്ന സംഭവവികാസങ്ങളെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും അതീവജാഗ്രതയോടെയാണ് നോക്കി കാണുന്നത്.
എസ് ഡി പിഐക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി സി ഐ മാരുടെ നേതൃത്തില്‍ സ്‌ക്വാഡുകള്‍ രൂപികരിക്കും. വെള്ളിയാഴ്ചയ്ക്കകം സ്‌ക്വാഡുകള്‍ രൂപികരിക്കണം. സംസ്ഥാനത്തുടനീളം ശക്തമായ പരിശോധനയാണ് പോലീസ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങളും തയാറാക്കിയിട്ടുണ്ട്.

എസ് ഐ, സി ഐ, ഡി വൈ എസ് പി റാങ്കിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനായിരിക്കണം പരിശോധനകള്‍ക്ക് നേതൃത്വം നല്‍കേണ്ടത്. രണ്ട് വനിതാ പോലീസുകാര്‍, മൂന്ന് സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ,ഒരു എസ് ഐ എന്നിവരെങ്കിലും ഉള്‍പ്പെട്ടതായിരിക്കണം ഈ സംഘം.

രാത്രിയിലാണ് പരിശോധന നടത്തുന്നതെങ്കില്‍ പിറ്റേദിവസം രാവിലെ തന്നെ സെര്‍ച്ച് ലിസ്റ്റ് കോടതിയില്‍ സമര്‍പ്പിക്കണം. പരിശോധിച്ച സ്ഥലങ്ങള്‍, പരിശോധിച്ച വസ്തുക്കള്‍ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും സെര്‍ച്ച് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. പരിശോധനയുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃതൃമായി പാലിക്കണം. അയല്‍വാസികളായ രണ്ടുപേരെ സാക്ഷികളായി ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

എസ് ഡി പി ഐ – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എതൊക്കെ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പട്ടിക തയാറാക്കാന്‍ പോസീലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഴയ കേസുകളില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകരുടെ പേരു വിവരങ്ങള്‍ ശേഖരിച്ച് നോട്ടീസ് നല്‍കി പോലീസ് സ്റ്റേഷനുകളില്‍ വിളിച്ചുവരുത്തണം. ഇവരുടെ മൊഴിയെടുക്കുകയും വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യണം. എസ് എഫ് ഐ , ഡി വൈ എഫ് ഐ അടക്കമുള്ള ഇടത് സംഘടനകളിലും കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളിലും എസ് ഡി പി ഐ പ്രവര്‍ത്തകര്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

എസ് ഡി പി ഐ പ്രവര്‍ത്തകരുടെ അനധികൃത സമ്പാദ്യങ്ങളെകുറിച്ചും പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. എസി ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് സേനയിലുള്ളില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നുണ്ടെന്ന സംശയവുമുണ്ട്. പോലീസിലെ ചാരന്മാരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. എസ് ഡി പി ഐക്കാരുടെ അനധികൃത സ്വത്തിനേക്കുറിച്ച് പലപ്പോഴും വിവരം ലഭിച്ചിരുന്നെങ്കിലും കാര്യമായ അന്വേഷണം ഇതുവരെ നടന്നിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം സംഘടനയ്ക്ക് ഫണ്ട് ലഭിക്കുന്നതായും സൂചനകളുണ്ട്.

Sharing is caring!