മന്ത്രിപ്പണി കഴിഞ്ഞ് വീണ്ടും അധ്യാപകനാകാന്‍ മോഹമെന്ന് മന്ത്രി ജലീല്‍.

മന്ത്രിപ്പണി കഴിഞ്ഞ് വീണ്ടും അധ്യാപകനാകാന്‍  മോഹമെന്ന് മന്ത്രി ജലീല്‍.

എടപ്പാള്‍: അധ്യാപകവൃത്തിയുടെ ആകര്‍ഷണീയതയും സംതൃപ്തിയും ഒന്ന് വേറെത്തന്നെയാണെന്ന് മന്ത്രി ഡോ: കെ.ടി.ജലീല്‍. തവനൂര്‍ മണ്ഡലത്തിലെ മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുത്ത പുറത്തൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകര്‍ക്കായി ഒരുക്കിയ ഏകദിന ശില്‍പശാല എടപ്പാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . കോളജധ്യാപകനെന്ന നിലയിലെ പന്ത്രണ്ട് വര്‍ഷം മറക്കാനാകാത്തതാണ്. മന്ത്രിപ്പണി കഴിഞ്ഞാല്‍ തിരിച്ച് വീണ്ടും കോളജിലേക്ക് മടങ്ങണമെന്നും അവിടെ നിന്ന് അധ്യാപകനായി റിട്ടയര്‍ ചെയ്യണമെന്നുമാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും ജലീല്‍ പറഞ്ഞു . ഒരധ്യാപകനെന്ന നിലയില്‍ തന്നെ ഏറ്റവുമധികം ദു:ഖിപ്പിച്ചത് കഴിഞ്ഞ നിയമസഭയില്‍ അഴിമതിക്കെതിരായി അരങ്ങേറിയ അസാധാരണ സമരമുറയിലെ തന്റെ അതിരുകടന്ന പെരുമാറ്റമായിരുന്നു എന്നും അത്ര അറ്റത്തേക്ക് അധ്യാപകനായി രാഷട്രീയത്തില്‍ സജീവമായ താന്‍ പോകരുതായിരുവെന്നും പിന്നീട് തോന്നിയിരുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
താന്‍ മാത്രമാണ് അതിന് ഉത്തരവാദിയെന്നും പാര്‍ട്ടിയോ മുന്നണിയോ അങ്ങിനെയൊക്കെ ചെയ്യണമെന്ന് ആലോചിച്ചിരുന്നില്ലെന്നും ജലീല്‍ കുട്ടിച്ചേര്‍ത്തു. അധാപകനല്ലാത്ത ഒരു ജനപ്രതിനിധിക്ക് സമരമുറയുടെ ഏതറ്റം വരെയും പോകാം, അതില്‍ യാതൊരു തെറ്റുമില്ല. പക്ഷെ ഒരധ്യാപകനായ ജനപ്രതിനിധിക്ക് എല്ലാറ്റിനും ഒരു നിയന്ത്രണരേഖയുണ്ട്. അതിനപ്പുറം കടന്നതില്‍ തികഞ്ഞ കുറ്റബോധമുണ്ടെന്നും തന്റെ അധ്യാപകരോടും വിദ്യാര്‍ഥികളോടും അതിന്റെ പേരില്‍ ക്ഷമാപണം നടത്തുന്നുവെന്നും മന്ത്രി വികാരഭരിതനായി പറഞ്ഞു . പ്രസ്തുത സംഭവത്തിന് ശേഷം ഏതൊരു വിദ്യാലയത്തിന്റെ മുറ്റത്തെത്തുമ്പോഴും അവിടുത്തെ സദസ്സിനെ അഭിമുഖീകരിക്കുമ്പോഴും വല്ലാത്തൊരു മാനസിക സംഘര്‍ഷം തന്നെ വേട്ടയാടാറുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആ കൃത്യത്തിന്റെ പേരില്‍ പിതാവില്‍ നിന്ന് ശകാരം ഏറ്റുവാങ്ങേണ്ടി വന്നതും അദ്ദേഹം
ഓര്‍മിച്ചു. അടിമുതല്‍ മുടിവരെ ഒരധ്യാപകനാകാന്‍ കഴിയുന്നയാള്‍ക്കേ വിദ്യാര്‍ത്ഥികളാല്‍ ഓര്‍മിക്കപ്പെടുന്ന ഗുരുനാഥനാകാന്‍ സാധിക്കൂ. പുറത്തൂര്‍ എന്റെ ഗ്രാമം വാട്‌സ് അപ്പ് കൂട്ടായ്മ വിദ്യാര്‍ഥികളുടെ കരിയര്‍ വികസനത്തിനായി നടപ്പാക്കുന്ന പൂമരം പദ്ധതിയുടെ ഭാഗമായി എടപ്പാളില്‍ നടത്തിയ ശില്‍പശാലയില്‍ എല്ലാ അധ്യാപകരും പങ്കെടുത്തു. സ്‌കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സി.പി.കുഞ്ഞിമൂസ , പി.ടി.എ പ്രസിഡണ്ട് രാമകൃഷ്ണന്‍ , ഡയറ്റ് ഫാക്കല്‍റ്റി ഡോ.അശോകന്‍ , എടപ്പാള്‍ ബി.പി.ഒ ഹരീകൃഷ്ണന്‍ , ബാവ , പ്രധാനധ്യാപകന്‍ ടി.വി സുരേഷ് ബാബ , പ്രിന്‍സിപ്പല്‍ ദേവദാസ് എന്നിവര്‍ ശില്‍പശാലക്ക് നേതൃത്വം നല്‍കി.

Sharing is caring!