മുനവ്വറലി തങ്ങള്‍ക്കെതിരെ സമസ്തയുടെ നേതാക്കള്‍
മലപ്പുറം: മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി തങ്ങളുടെ ലോക കപ്പ് ഫുട്ബോള്‍ ജ്വരത്തെ വിമര്‍ശിച്ചു കൊണ്ട് സമസ്ത നേതാവ് ബഷീര്‍ ഫൈസി ദേശമംഗലത്തിന്റേയും, സത്താര്‍ പന്തല്ലൂവിന്റേയും ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിലെവിടെയും പാണക്കാട് തങ്ങളുടെ പേര് പരാമര്‍ശിച്ചിട്ടില്ല. അതെ സമയം വായനക്കാര്‍ കാര്യങ്ങള്‍ വ്യക്തമാവുന്ന രൂപത്തിലാണ് എഴുത്ത്.
റഷ്യയില്‍ ലോകകപ്പ് ആരഭിച്ചത് മുതല്‍ തന്നെ മുനവിറലി തങ്ങള്‍ തന്റെ ഫുട്ബോള്‍ കമ്പം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇഷ്ട ടീമിന്റെ പേര് വ്യക്തമാക്കിയാണ് തന്റെ കളിക്കമ്പം പരസ്യമാക്കിയത്. അതെ സമയം പാണക്കാട് കുടുംബത്തില്‍ നിന്നുള്ള സമുദായ നേതാവ് എന്ന രൂപത്തില്‍ തങ്ങളുടെ ഈ ലോകകപ്പ് ജ്വരത്തെ അത്ര ഇഷ്ടത്തോടെയല്ല സമുദായം സ്വീകരിച്ചത്. തുടക്കം മുതല്‍ തന്നെ മുനവറലി തങ്ങളുടെ ഓരോ ഫുട്ബോള്‍ പോസ്റ്റിന് താഴെയും പാര്‍ട്ടിക്കാരും സമസ്തക്കാരും തങ്ങളുടെ വിമര്‍ശനം രേഖപ്പെടുത്തിയിരുന്നു. പലരും ശക്തമായി തന്നെയാണ് അത് പ്രകടിപ്പിച്ചത്. അന്തരിച്ച ലീഗ് പ്രസിഡന്റെ പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ മകനാണ് മുനവിറലി തങ്ങള്‍.
പാണക്കാട് കുടുംബത്തില്‍ നിന്നുള്ള യുവനേതാവിന്റെ ഇത്തരത്തിലുള്ള പരസ്യ പ്രസ്താവനകളും പോസ്റ്റുകളും പല തവണ സമുദായത്തില്‍ ചര്‍ച്ചയാവുകയും ശക്തമായ വിമര്‍ശനം ക്ഷണിച്ചു വരുത്തുകയും ചെയ്തിരുന്നു. സിനിമയെകുറിച്ചുള്ള ഹറാം അല്ല എന്നുള്ള പച്ചക്കുതിരയിലെ അഭിമുഖത്തിലെ പരാമര്‍ശവും, പര്‍ദ്ദ വിമര്‍ശനവും, സലഫി വേദികളില്‍ സമസ്തയുടെ എതിര്‍പ്പ് വകവെക്കാതെ പങ്കെടുത്തതും മുസ്ലിം സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗക്കാരെ പ്രകോപിപ്പിച്ചിരുന്നു. വഹാബിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നടത്തിയ ഫേസ്ബുക്ക് വിമര്‍ശനം രാഷ്ട്രീയ രംഗത്ത് വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു.
ബഷീര്‍ ഫൈസിയുടെ പോസ്റ്റിലെ വരികള്‍.
”ഏതു ഇരുളിലും സുരയ്യ നക്ഷത്രം പോലെ ഞങ്ങള്‍ക്ക് വഴി കാട്ടേണ്ടവരാണ് നിങ്ങള്‍.ഈ പായ് മരച്ചുവട്ടില്‍ ഇപ്പോഴും ഉമ്മത്ത് ചേര്‍ന്നു നില്‍ക്കുന്നത് പ്രയാസങ്ങളുടെ കാഠിന്യ വെയിലില്‍ അഭയം തേടി മാത്രമല്ല. ദിശ തെറ്റാതെ കാത്തു കൊള്ളും എന്ന പ്രതീക്ഷയില്‍ കൂടിയാണ്.!ചരിത്രം ഒരിക്കലും സ്ഥൂലസ്ഥായി അല്ല. അതിന്റെ സഞ്ചാര പഥങ്ങളില്‍ കടന്നു പോയിട്ടുള്ളത്.അതു പാഠം കൂടിയാണ്.പാരമ്പര്യത്തിന്റെ ശില്പ ഭദ്രമായ ഈ കപ്പല്‍ എത്തിക്കേണ്ടിടത്താണ് ഞങ്ങളെ എത്തികേണ്ടത്.”
സത്താര്‍ പന്തല്ലൂരിന്റെ വരികള്‍.
”മതത്തില്‍ പാരമ്പര്യത്തിന് ധാര്‍മികമായ ഒരു സ്ഥാനമുണ്ട്.വിജ്ഞാനങ്ങളെ സ്വാംശീകരിക്കുന്നതില്‍ മാത്രമല്ല,സമൂഹത്തിനെ വഴി കാട്ടുന്നതില്‍ കൂടിയാണത് പ്രശോഭിതമാകുന്നത്.ആദര്‍ശമാണ് ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്നത്.ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കില്ല എന്നത് കര്‍മ്മത്തിലും പാലിക്കേണ്ടതാണ്.പ്രളയ വേളയില്‍ കപ്പലില്‍ കയറാന്‍ മകനോട് നൂഹ് നബി(അ)വിളിച്ചു പറയുന്നുണ്ട്.പക്ഷെ അവന് അനുസരണ കേടു കാണിച്ചു. പ്രളയതിരമാലയില് അവന് അലിഞ്ഞില്ലാതാകുകയായിരുന്നു.നാഥാ എന്റെ മകന് എന്നു നൂഹ് നബി (അ) വിതുമ്പുമ്പോള്‍ ആദര്‍ശത്തിന്റെ ശബ്ദം മുഴങ്ങി.ലൈസ മിന് അഹ്ലിക…അവന് നിന്റെ പരമ്പരയല്ല…! പിന്‍പറ്റലും സ്നേഹവും സാധ്യമാക്കുന്നത് ആദര്‍ശമാണ് എന്നര്‍ത്ഥം.പക്ഷെ അതിന്റെ പേരില്‍ നൂഹ് (അ) ആക്ഷേപിക്കപ്പെട്ടില്ല.”
ബഷീര്‍ ഫൈസിയുടെ പോസ്റ്റ് പൂര്‍ണ്ണമായി വായിക്കാം..
സമുദായത്തിന്റെ ഉത്ഥാന-പതനങ്ങളുടെ നാള്‍വഴി ചരിത്രത്തില്‍ നമുക്കേറെ പാഠമുണ്ട്.
ഈന്തയോലകളുടെ ഹരിത ചാമരങ്ങള്ക്ക് താഴെ,പഞ്ചാര മണലില്‍ രാവേറെ ചെല്ലുവോളം അറേബ്യന്‍ നാടോടിപ്പാട്ടുകള്‍ പാടി, മുന്തിരി വീഞ്ഞു കുടിച്ചു, പാതി വെന്ത ഇറച്ചി കടിച്ചു പറിച്ചു രമിച്ചിരുന്ന യൗവ്വനങ്ങളെയാണ് ആഘോഷങ്ങളുടെ നിലാവ് പെയ്യുന്ന രാത്രികളില്‍ നിന്നു മനോഹരമായ ഖുര്‍ആനിന്റെ ആത്മാവിലേക്കും ഇസ്ലാമിന്റെ ശാദ്വല തീരത്തേക്കും പ്രാവാചകന് വഴി നടത്തിയത്.. അങ്ങിനെയാണ് ക്രിയാത്മകമായി ചിന്തിക്കുന്ന സക്രിയമായ ഇടപെടലുകള്‍ നടത്തുന്ന ഒരു ജനതയായി സമുദായം രൂപപ്പെട്ടത്. പ്രവാചകന്റെ കുട്ടിക്കാലത്തു ഒരു ആഘോഷത്തിനു പോയപ്പോള്‍ ഉള്‍വിളി ഉണ്ടായി
‘മുഹമ്മദ് നീ ഇതിനു വേണ്ടി നിയോഗിക്കപ്പെട്ടവനല്ല’
പുലരും വരെ ബോധ രഹിതനായി കിടന്നു പോയി ബാലനായ മുഹമ്മദ് (സ്വ).
സ്പെയിനിന്റെ തകര്‍ച്ചയുടെ കാരണം കണ്ടെത്തുമ്പോള്‍ മനസ്സിലാകുന്ന ഒരു യാഥാര്‍ഥ്യം ഉണ്ട്. തര്ത്താരികളും,ചെങ്കിസ്ഖാനും കടന്നു വന്നു ആദ്യം അവര്‍ മുസ്ലിംകളെ ശാരീരികമായി അക്രമിക്കുകയല്ല ചെയ്തത്.
പകരം തലമുറയുടെ സ്വത്വ ബോധം തകര്‍ത്തു. സ്പെയിനിന്റെ മഞ്ഞു പെയ്യുന്ന രാവുകളില്‍ അവര്‍ ബ്യുഗിള്‍ എടുത്തു മനോഹരമായി പാടി കൊണ്ടേയിരുന്നു. ആ മാസ്മരികമായ സംഗീത ധാരയില്‍, അവര്‍ പ്രദര്‍ശിപ്പിച്ച ആഘോഷത്തിമര്‍പ്പില്‍ വീണു പോയി ജനത. ‘കോര്‍ഡോവ’ എന്ന ലോകോത്തര യൂണിവേഴ്സിറ്റിയെ ലോകത്തിനു സമ്മാനിച്ച ജനത… ഗ്രന്ഥ രചനയിലും, അതിന്റെ അപഗ്രഥനത്തിലും ആഴ്ന്നിറങ്ങി ധൈഷണിക വിപ്ലവം സൃഷ്ടിച്ച ഒരു ജനത ചരിത്രത്തില്‍ നിന്നു എന്നേക്കുമായി വലിച്ചെറിയപ്പെട്ടു. സോവിയറ്റ് റഷ്യയിലെ പ്രവിശ്യകള്‍ ആയിരുന്ന ബുഖാറ,സമര്‍ഖന്ദ്,അസര്ബൈജാന്,..
ഈടുറ്റ ഇസ്ലാമിക പാരമ്പര്യത്തിന്റെ ഇരമ്പുന്ന സ്മരണകള്‍ നിറഞ്ഞ മണ്ണ് എങ്ങിനെയാണ് നഷ്ടപ്പെട്ടത്.
ശത്രുപക്ഷത്തു നോട്ടക്കുറികളെ നിര്‍ത്തി നിസ്സംഗതയില്‍ മുഖം പൂഴ്ത്തി വിഷണ്ണരാകേണ്ട…
ആത്മാഭിമാനവും,പാരമ്പര്യവും, സ്വത്വ ബോധവും ആഘോഷത്തിനു വേണ്ടി പണയം വെച്ച ഒരു ജനതയുടെ ഹൃദയം പൊള്ളിക്കുന്ന ആത്മ വിമര്‍ശനങ്ങള്‍ തന്നെയാണാവശ്യം.. നൂറ്റാണ്ടുകള്‍ അതി ജീവിച്ച ഒരു പ്രത്യയശാസ്ത്രം വിജയത്തിന്റെ കൊടിപറത്തിയത്, കേവലം ഖുര്‍ആന്റെ ശാസ്ത്രീയ മികവ് കൊണ്ടോ,സമഗ്രത കൊണ്ടോ മാത്രമല്ല. പകുത്തെടുക്കാനും,പകര്‍ത്തിയെഴുതാനും കഴിയുന്ന റോള്‍ മോഡലുകള്‍ ലൈറ്റ് ഹവ്സുകള് പോലെ പ്രകാശം പരത്തിയതു കൊണ്ടായിരുന്നു. സമുദായ നൗകയെ ഏതു കാറ്റിലും കോളിലും പെടാതെ നോക്കുന്ന
പായ്മരത്തൂണു പോലെ കടന്നു പോയ ജീവിതങ്ങള്‍..
അവരാണ് വഴികാട്ടികള്‍. ഇനി,
വെള്ളം കയറി,ചീതലടിച്ചു
ഈ പായ്മരതൂണുകള് ദ്രവിച്ചു തുടങ്ങിയാല്‍..
ചേര്‍ത്തു കെട്ടിയ പായകള്‍ക്കു
കാറ്റു പിടിച്ചാല്‍,
പിഞ്ഞിക്കീറി, ദിക്കറിയാതെ ഈ യാന പാത്രം ഒന്നിച്ചു കടലാഴങ്ങളില്‍ താഴും..
ഏതു ഇരുളിലും സുരയ്യ നക്ഷത്രം പോലെ ഞങ്ങള്‍ക്ക് വഴി കാട്ടേണ്ടവരാണ് നിങ്ങള്‍.
ഈ പായ് മരച്ചുവട്ടില്‍ ഇപ്പോഴും ഉമ്മത്ത് ചേര്‍ന്നു നില്‍ക്കുന്നത് പ്രയാസങ്ങളുടെ കാഠിന്യ വെയിലില്‍ അഭയം തേടി മാത്രമല്ല.
ദിശ തെറ്റാതെ കാത്തു കൊള്ളും എന്ന പ്രതീക്ഷയില്‍ കൂടിയാണ്.!
ചരിത്രം ഒരിക്കലും സ്ഥൂലസ്ഥായി അല്ല. അതിന്റെ സഞ്ചാര പഥങ്ങളില്‍ കടന്നു പോയിട്ടുള്ളത്.
അതു പാഠം കൂടിയാണ്.
പാരമ്പര്യത്തിന്റെ ശില്പ ഭദ്രമായ ഈ കപ്പല്‍ എത്തിക്കേണ്ടിടത്താണ് ഞങ്ങളെ എത്തികേണ്ടത്.
ബശീര്‍ ഫൈസി ദേശമംഗലം
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]