തന്റെ ഇഷ്ട ടീമിന്റെ ലോകകപ്പ് മത്സരം കാണാന്‍ മുനവ്വറലി തങ്ങള്‍ റഷ്യയിലെത്തി

തന്റെ ഇഷ്ട ടീമിന്റെ ലോകകപ്പ് മത്സരം കാണാന്‍ മുനവ്വറലി തങ്ങള്‍ റഷ്യയിലെത്തി

മലപ്പുറം: ലോകകപ്പ് ഫുട്‌ബോളില്‍ തന്റെ ഇഷ്ട ടീമിന്റെ മത്സരം കാണാന്‍
മുസ്ലിംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ റഷ്യയിലെത്തി. ഇന്ന് രാത്രി 7.30ന് നടക്കുന്ന തന്റെ ഇഷ്ട ടീമായ ബ്രസീലും മെക്‌സിക്കോയും തമ്മിലുള്ള മത്സരം മുനവ്വറലി തങ്ങള്‍ നേരില്‍കാണും. കഴിഞ്ഞ ആഴ്ച്ച ഖത്തറില്‍ പോയ മുനവ്വറലി തങ്ങള്‍ ഖത്തറിലെ ചില സുഹൃത്തുക്കളുമൊന്നിച്ചാണ് റഷ്യയിലെത്തിയത്.

ബ്രസീലിന് ഇന്ന് പ്രീക്വാര്‍ട്ടര്‍ പോരാട്ടമാണ്. ജര്‍മനിയും അര്‍ജന്റീനയും സ്പെയിനും പുറത്തേക്ക് പോയ വഴിയെ ബ്രസീല്‍ പോകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പക്ഷെ, അങ്ങനെയങ്ങ് പോകാന്‍ വന്നതല്ലെന്ന് ലോകത്തോട് പറയാന്‍ ഇറങ്ങുകയാണ് നെയ്മറും സംഘവും.

ഓരോ മത്സരം കഴിയുമ്പൊഴും മെച്ചപ്പെടുകയാണ് ടിറ്റേയുടെ കുട്ടികള്‍. ആ മികവ് ഇന്നും തുടര്‍ന്നാല്‍ മെക്‌സിക്കോ ഒരുപാട് വിയര്‍ക്കും. നെയ്മര്‍ തിളങ്ങിയില്ലെങ്കിലും പ്രശ്‌നമില്ലെന്ന് കുടിഞ്ഞോയും പൗളിഞ്ഞോയുമൊക്കെ തെളിയിച്ചുകഴിഞ്ഞു. നെയ്മര്‍ കൂടി താളം കണ്ടെത്തിയാല്‍ മഞ്ഞപ്പടയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകും. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ മാഴ്‌സലോ ഇന്നലെ പരിശീലനം നടത്തിയെങ്കിലും ആദ്യ ഇലവനില്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. തിയാഗോ സില്‍വ തന്നെയാകും ഇന്ന് നായകന്‍. ലോകകപ്പില്‍ 1990ന് ശേഷം ക്വാര്‍ട്ടറിലെങ്കിലുമെത്താതെ മടങ്ങിയിട്ടില്ല കാനറികള്‍. മറുവശത്ത് കഴിഞ്ഞ ആറ് ലോകകപ്പിലും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായ ചരിത്രമാണ് മെക്‌സിക്കോയുടേത്. ആദ്യ മത്സരത്തില്‍ ജര്‍മനിയെ കീഴടക്കിയ മെക്‌സിക്കോ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത് സ്വീഡിന് മുന്നില്‍ കീഴടങ്ങിയാണ്.

2002ല്‍ ഇക്വഡോറിനെ തോല്‍പിച്ചതൊഴിച്ചാല്‍ ലാറ്റിനമേരിക്കന്‍ ടീമിനെ ലോകകപ്പില്‍ മറികടക്കാന്‍ മെക്‌സിക്കോയ്ക്കായിട്ടില്ല.ചരിത്രവും പ്രകടനമികവുമൊന്നും അനുകൂലമല്ലെങ്കിലും ആക്രമണ ഫുട്‌ബോളിലൂടെ ബ്രസീലിനെ കീഴടക്കാമെന്ന പ്രതീക്ഷയിലണ് ഹാവിയര്‍ ഹെര്‍ണാണ്ടസും സംഘവും. പക്ഷെ എതിരാളികള്‍ ജര്‍മനിയോ അര്‍ജന്റീനയോ സ്‌പെയിനോ ഒന്നുമല്ല, ബ്രസീലാണ്. ചില കളികള്‍ അവര്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്നതാണ്.

Sharing is caring!