അര്‍ജന്റീനയുടേയും പോര്‍ച്ചുഗിലിന്റേയും തോല്‍വി, പടക്കംപൊട്ടിച്ചും ഫ്‌ളക്‌സ് കീറിയും ബ്രസീല്‍ ഫാന്‍സുകാര്‍

അര്‍ജന്റീനയുടേയും  പോര്‍ച്ചുഗിലിന്റേയും തോല്‍വി,  പടക്കംപൊട്ടിച്ചും  ഫ്‌ളക്‌സ് കീറിയും ബ്രസീല്‍ ഫാന്‍സുകാര്‍

മലപ്പുറം: കഴിഞ്ഞ ദിവസത്തെ തോല്‍വിയോട് കൂടി അര്‍ജന്റീനയും, പോച്ചുഗലും ലോകകപ്പില്‍നിന്നും പുറത്തായതോടെ പടക്കംപൊട്ടിച്ചും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കീറിയും ബ്രസീല്‍ ഫാന്‍സുകാരുടെ ആഘോഷം. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലാണു പടക്കംപൊട്ടിച്ചും ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ കീറിയും ആഘോഷങ്ങള്‍ പരിധിവിട്ടത്. ഇതിനുപുറമെ ക്ലബ്ബുകള്‍ കേന്ദ്രീകരിച്ചു നടന്ന ബിഗ് സ്‌ക്രീന്‍ ഫുട്‌ബോള്‍ കേന്ദ്രങ്ങളിലും ആരാധകര്‍ തമ്മില്‍ വാക്കേറ്റങ്ങളും വാതുവെപ്പുകളും നടന്നു. എന്നാല്‍ ഇതിനെല്ലാം പുറമെ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ തമ്മില്‍ യുദ്ധങ്ങള്‍തന്നെ നടക്കുന്നുമുണ്ട്. ബ്രസീലിനും അര്‍ജന്റീനക്കുമാണു ഏറ്റവും കൂടുതല്‍ ആരാധകരുള്ളതെന്നതിനാല്‍തന്നെ ഇവര്‍ തമ്മിലാണു പ്രധാനമായും ട്രോളാന്‍ മത്സരിക്കുന്നത്.
ബ്രസീലിനൊപ്പം അര്‍ജന്റീനയേയും പോര്‍ച്ചുഗലിനേയും ട്രോളാന്‍ കഴിഞ്ഞ ദിവസം പുറത്തായ ജര്‍മിനി ഫാന്‍സും ഇന്നലെ വിജയിച്ച ഫ്രാന്‍സ് ആരാധകരുമുണ്ട്.
എന്നാല്‍ തോല്‍വിയോടെ മടങ്ങേണ്ടിവന്ന അര്‍ജന്റീന, പോര്‍ച്ചുഗല്‍ ആരാധകര്‍ ഒന്നാകുകയും ചെയ്തു. ശനിയാഴ്ച രാത്രി 7.30നു നടന്ന പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് അര്‍ജന്റീന അടിയറവ് പറഞ്ഞതോടെ ചെറുമുക്കില്‍ ബിഗ്‌സ്‌ക്രീനില്‍ കളികാണുകയായിരുന്ന അര്‍ജന്റീന ആരാധകരെ അക്ഷരാര്‍ഥത്തില്‍ നിരാശരായി. തോല്‍വി ഏകദേശം ഉറപ്പിച്ചതോടെ പലഅര്‍ജന്റീന ആരാധകരും സ്ഥലംവിട്ടു.
കളിയുടെ ആദ്യ പകുതിക്ക് മുമ്പായി ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ നില്‍ക്കേ ബ്രസീല്‍ – അര്‍ജന്റീന ആരാധകര്‍ തമ്മില്‍ വാക്കേറ്റമായി.
അവസാനം മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് അര്‍ജന്റീന പരാജയപ്പെട്ടതോടെ ബ്രസീല്‍ ഫാന്‍സുകാര്‍ ചെറുമുക്ക് ടൗണില്‍ അര്‍ജന്റീന ആരാധകര്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് വലിച്ചുകീറുകയും പടക്കം പൊട്ടിച്ചു ആഘോഷിക്കുകയും ചെയ്തു.
ഈ അവസരം മുതലാക്കി സ്ഥലത്തുണ്ടായിരുന്ന ഫ്രാന്‍സ് ആരാധകര്‍ അര്‍ജന്റീനയുടെ കീറിയ ഫ്‌ളക്‌സില്‍ ഫ്രാന്‍സിന്റെ കൊടിനാട്ടുകയും ചെയ്തു.ഇത്തരത്തിലാണു വിവിധ ഭാഗങ്ങളില്‍ ആരാധകര്‍ ആഘോഷങ്ങള്‍ നടന്നത്.
ഗ്രൂപ്പ്ഘട്ടം മുതല്‍ പ്രീക്വാര്‍ട്ടര്‍ വരെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെയാണ് ഇത്തവണ അര്‍ജന്റീന റഷ്യ വിടുന്നത്.
അര്‍ജന്റീനയ്ക്ക് പിഴച്ചതെവിടെ? ഫ്രാന്‍സിന്റെ വിജയത്തിന്റെ ഘടകങ്ങള്‍ എന്തൊക്കെ? ലയണല്‍ മെസ്സി പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്തോ? ഇതൊക്കെയാണു കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ ഇന്ന് പ്രധാനമായും ചര്‍ച്ചചെയ്യുന്നത്.
ഇത്തവണ കിരീടം നേടാന്‍ സാധ്യതയുള്ള ടീമില്‍ മുന്‍പന്തിയിലാണ് ഫ്രാന്‍സിന്റെപേരും ഉയര്‍ന്നുകേള്‍ക്കുന്നത്. റഷ്യന്‍ ഫിഫ ലോകകപ്പിനു മുന്‍പ് തന്നെ പല പ്രമുഖകരും ഫ്രാന്‍സിന്റെ കിരീട സാധ്യത ചൂണ്ടിക്കാണിച്ചിരുന്നു. ഗ്രൂപ്പ്ഘട്ടം മുതല്‍ പ്രീക്വാര്‍ട്ടര്‍ വരെയുള്ള ഫ്രാന്‍സിന്റെ മല്‍സരങ്ങള്‍ വിലയിരുത്തിയാല്‍ ഈ പ്രവചനം സത്യമാവുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. അതിന് ഇനിയും കടമ്പകള്‍ മറികടക്കാനുണ്ടെങ്കിലും ഇത്തവണ ഫ്രാന്‍സ് കിരീടം നേടിയാല്‍ അദ്ഭുതപ്പെടേണ്ട എന്നതാണ് വസ്തുത.
അര്‍ജന്റീനയ്‌ക്കെതിരേ ഫ്രാന്‍സിന്റെ വിജയം അര്‍ഹിച്ചതായിരുന്നുവെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. പന്തടക്കത്തില്‍ അര്‍ജന്റീനയ്ക്കായിരുന്നു മുന്‍തൂക്കമെങ്കിലും ആക്രമണാത്മക ഫുട്‌ബോളിലൂടെ ഫ്രാന്‍സായിരുന്നു മുന്നിട്ടുനിന്നിരുന്നത്. അര്‍ജന്റീനയെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമാണ് ദിദിയര്‍ ദെഷാംപ്‌സിന്റെ കുട്ടികള്‍ മൈതാനത്ത് നടത്തിയത്. ആക്രമണാത്മക ഫുട്‌ബോളിനൊപ്പം കളി മെനയുന്നതിലും ഫ്രാന്‍സ് ശ്രദ്ധപുലര്‍ത്തി. ഒലിവര്‍ ജിറൂഡിനെ മുന്നില്‍ നിറുത്തി കെലിയന്‍ എംബാപ്പയും ആന്റോണിയോ ഗ്രീസ്മാനും എന്‍ഗോലോ കാന്റെയും പോള്‍ പോഗ്ബയും അര്‍ജന്റീനയ്ക്ക് ഗോള്‍ മുഖത്തേക്ക് നിരന്തം ചീറിപ്പാഞ്ഞു. തുടക്കത്തില്‍ തന്നെ പെനാല്‍റ്റി കിക്ക് ലഭിച്ചത് ഫ്രാന്‍സിന്റെ ആത്മവിശ്വാസം കൂട്ടി. ഒരു ഗോളിനു പിന്നില്‍ നിന്നതിനു ശേഷം മികച്ച മുന്നേറ്റങ്ങളിലൂടെ ലക്ഷ്യം കാണുന്നതില്‍ ഫ്രാന്‍സ് വിജയം കാണുകയും ചെയ്തു. അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയെ പ്രതിരോധിക്കുന്നതിലും ഫ്രഞ്ച് പട പ്രത്യേകം ശ്രദ്ധനല്‍കി. പ്രതിരോധനിരയിലെ പാളിച്ചകള്‍ പരിഹരിക്കാനായാല്‍ ഫ്രാന്‍സിന് ഈ ലോകകപ്പില്‍ ഇനിയും മുന്നേറാനാവും. കിലിയന്‍ എംബാപ്പെയാണ് താരം കിലിയന്‍ എംബാപ്പെയാണ് താരം അര്‍ജന്റീനയ്‌ക്കെതിരേ ഫ്രാന്‍സിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് 19 കാരനായ മിഡ്ഫീല്‍ഡര്‍ കിലിയന്‍ എംബാപ്പെയായിരുന്നു. ഇരട്ട ഗോള്‍ നേടുന്നതോടൊപ്പം മല്‍സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും എംബാപ്പെയ്ക്ക് കഴിഞ്ഞു. എംബാപ്പെയുടെ വേഗതയാര്‍ന്ന മുന്നേറ്റങ്ങള്‍ അര്‍ജന്റീന പ്രതിരോധനിരയെ കുഴപ്പത്തിലാക്കുകയായിരുന്നു. പ്രതിരോധമില്ലാത്ത അര്‍ജന്റീനയുടെ പ്രതിരോധനിര പ്രതിരോധമില്ലാത്ത അര്‍ജന്റീനയുടെ പ്രതിരോധനിര പ്രതിരോധനിരയിലെ പാളിച്ചകളാണ് ഫ്രാന്‍സിനെതിരേ അര്‍ജന്റീനയെ പരാജയത്തിലേക്ക് തള്ളിയിട്ടത്. അര്‍ജന്റീന ഗോള്‍കീപ്പര്‍ ഫ്രാങ്കോ അര്‍മാനിയും മല്‍സരത്തില്‍ നിരാശപ്പെടുത്തി. മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ എംബാപ്പെയെ പെനാല്‍റ്റി ബോക്‌സില്‍വച്ച് മാര്‍ക്കോസ് റോഹോ ഫൗള്‍ ചെയ്തത് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി. പ്രതിരോധനിര കുറച്ചു കൂടി ഉത്തരവാദിത്വം പുലര്‍ത്തിരുന്നെങ്കില്‍ അര്‍ജന്റീനയ്ക്ക് മല്‍സരഗതി തന്നെ മാറ്റാന്‍ കഴിയുമായിരുന്നു.
ഫ്രഞ്ച് പ്രതിരോധകോട്ടയ്ക്കിടയിലും ലയണല്‍ മെസ്സി തന്റേതായ മികവ് പുലര്‍ത്തിയിരുന്നു. മല്‍സരത്തില്‍ കിട്ടിയ അവസരങ്ങളിലൊക്കെ അര്‍ജന്റീനയുടെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മെസ്സി ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. വണ്ടര്‍ഗോളിലൂടെ കൈയ്യടി നേടാന്‍ അര്‍ജന്റീന സ്‌ട്രൈക്കര്‍ എയ്ഞ്ചല്‍ ഡിമരിയക്കും കഴിഞ്ഞു. ഗ്രൂപ്പ്ഘട്ട മല്‍സരങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് അര്‍ജന്റീന ഫ്രാന്‍സിനെതിരേ കാഴ്ചവച്ചത്. പന്തടക്കത്തിനൊപ്പം ആക്രമണാത്മക ശൈലിക്കും അര്‍ജന്റീന പ്രധാന്യം നല്‍കിയെങ്കിലും പ്രതിരോധനിരയുടെയും ഫ്രഞ്ച് പോരാട്ടവീര്യത്തിനു മുന്നിലും മെസ്സിപ്പട അടിയറവ് പറയുകയായിരുന്നു.
ലോകകപ്പ് ഫുട്‌ബോള്‍ ആരാധനമൂത്ത് ഇത്തവണ കോട്ടയ്ക്കല്‍ സ്വദേശി തന്റെ ജോലിപോലും ഒഴിവാക്കിനാട്ടിലെത്തിയിരുന്നു.

Sharing is caring!