ഇഎംഎസ്സിന്റെ ലോകം ദേശീയ സെമിനാറിന് നാളെ വണ്ടൂരില്‍ തുടക്കം

ഇഎംഎസ്സിന്റെ ലോകം  ദേശീയ സെമിനാറിന്  നാളെ വണ്ടൂരില്‍ തുടക്കം

മലപ്പുറം: ഇഎംഎസ്സിന്റെ ലോകം ദേശീയ സെമിനാര്‍ നാളെ വണ്ടൂരില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടു ദിവസങ്ങളായി വണ്ടൂര്‍ സിയന്ന ഓഡിറ്റോറിയത്തിലാണ് സെമിനാര്‍. നാളെ രാവിലെ 10ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റിയംഗം പലോളി മുഹമ്മദ്കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. സമാപന സമ്മേളനം 30ന് വൈകിട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചരിത്രം സംസ്‌കാരം വര്‍ഗീയത വിഷയത്തില്‍ സുനില്‍ പി ഇളയിടം ഇഎംഎസ് അനുസ്മരണ പ്രഭാഷം നടത്തും. മാര്‍ക്‌സ് അറ്റ് 200 സെഷന്‍ പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. എം ബി രാജേഷ് എംപി, ഡോ. കെ എന്‍ ഗണേശ്, ഡോ. അനില്‍ ചേലേമ്പ്ര പ്രഭാഷണം നടത്തും. മലപ്പുറത്തിന്റെ ചരിത്രവും രാഷ്ട്രീയവും വിശകലനം ചെയ്യുന്ന ഇ എം എസ്സിന്റെ മലപ്പുറം എന്ന വിഷയത്തില്‍ ശനിയാഴ്ച സെമിനാര്‍ നടക്കും. കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. കെ ടി ജലീല്‍, ഡോ. എം എന്‍ കാരശ്ശേരി, എം പി അബ്ദുസമദ്‌സമദാനി, ഡോ. ഹരിലാല്‍, ഡോ. ഷംഷാദ് ഹുസൈന്‍, പി പി ഷാനവാസ് പ്രഭാഷണം നടത്തും. സെമിനാറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും 1500ലധികം പേര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ സ്ഥലപരിമിതി കാരണം സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇ എന്‍ മോഹന്‍ദാസ്, പി പി വാസുദേവന്‍, വി എം ഷൗക്കത്ത്, സി കണ്ണന്‍, അബ്ദുല്‍ റസാഖ് പങ്കെടുത്തു.

Sharing is caring!