അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കിനെതിരെ നടപടിയെടുക്കാതെ ഉറക്കം നടിക്കുന്ന കലക്ടര്‍ക്ക് മുന്നില്‍ കൂട്ട ‘ഉറക്ക സമരം’ നടത്തുന്നു

അന്‍വര്‍ എം.എല്‍.എയുടെ  വാട്ടര്‍തീം പാര്‍ക്കിനെതിരെ നടപടിയെടുക്കാതെ ഉറക്കം  നടിക്കുന്ന കലക്ടര്‍ക്ക് മുന്നില്‍ കൂട്ട ‘ഉറക്ക സമരം’ നടത്തുന്നു

മലപ്പുറം: ഉരുള്‍പൊട്ടലുണ്ടായിട്ടും പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിനെതിരെ നടപടിയെടുക്കാതെ ഉറക്കം നടിക്കുന്ന ജില്ലാ കളക്ടറെ ഉണര്‍ത്താന്‍ കളക്ടറേറ്റിന് മുന്നില്‍ കൂട്ട ഉറക്കവുമായി കോഴിക്കോട്ടെ പരിസ്ഥിതി പ്രവര്‍ത്തകര്‍.

അന്‍വറിനെതിരെ സമര പ്രഖ്യാപനം നടത്തിയ കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിക്കുമ്പോഴാണ് വേറിട്ട സമരവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുന്നത്. നാളെ രാവിലെ പത്തരക്കാണ് കോഴിക്കോട് കളക്ടറേറ്റിനു മുന്നില്‍ ഉറക്ക സമരം നടത്തുന്നത്. കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ 14 പേരുടെ ജീവന്‍ നഷ്ടമായ ദുരന്തം കക്കാടംപൊയിലില്‍ ആവര്‍ത്തിക്കരുതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

ജില്ലയിലെ പരിസ്ഥിതി ലോല മേഖലകളിലെ ക്വാറികള്‍ അടച്ചുപൂട്ടണമെന്നും ഉറക്കം നടിക്കുന്ന ജില്ലാ ഭരണകൂടം ഉണര്‍ന്നു നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു.

സമുദ്രനിരപ്പില്‍ നിന്നും 2800 അടി ഉയരത്തില്‍ മലയുടെ വശം ചെത്തി നിര്‍മ്മിച്ച എം.എല്‍.എയുടെ വാട്ടര്‍തീം അതീവ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്തെന്നായിരുന്നു കളക്ടര്‍ യു.വി ജോസ് സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്. പിന്നീട് ഈ റിപ്പോര്‍ട്ട് തിരുത്തി ദുരന്തസാധ്യതയുള്ള മേഖലയിലല്ല പാര്‍ക്കെന്ന് കളക്ടര്‍ പാര്‍ക്കിന് ക്ലീന്‍ ചിട്ട് നല്‍കി.

കളക്ടറുടെ റിപ്പോര്‍ട്ടിന് കടലാസുവിലയില്ലെന്ന് തെളിയിക്കുന്നതായിരുന്നു കനത്ത മഴയില്‍ പാര്‍ക്കിലുണ്ടായ രണ്ട് ഉരുള്‍പൊട്ടലുകള്‍. പാര്‍ക്കിലെ നീന്തല്‍ കുളത്തിനു 30 മീറ്റര്‍ താഴെ ഉരുള്‍പൊട്ടലില്‍ മണ്ണും പാറക്കഷ്ണങ്ങളും മരങ്ങളും വീണ് കുത്തിയൊലിച്ച് 200 മീറ്ററോളം താഴ്ചയില്‍ പാര്‍ക്കിലേക്ക് വെള്ളമെടുക്കുന്ന കുളത്തില്‍ പതിച്ചു. വെള്ളം പമ്പു ചെയ്യുന്ന മോട്ടോറു പൈപ്പുകളും തകര്‍ന്നു. പാര്‍ക്കിലെ ജനറേറ്റര്‍ മുറിയുടെ ഏഴു മീറ്റര്‍ മാത്രം അകലെ വന്‍ മണ്ണിടിച്ചിലുണ്ടായി. താഴെയുണ്ടായിരുന്ന മണ്‍ റോഡ് പിളര്‍ന്ന് മലവെള്ളം താഴോട്ടൊഴുകി. ഉരുള്‍പൊട്ടല്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ 16ന് വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കി. കളക്ടര്‍ക്കും താമരശേരി തഹസില്‍ദാര്‍ക്കും വിശദ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.

വിദഗ്ദസമിതി അന്വേഷിക്കുമെന്നു കളക്ടര്‍ പ്രഖ്യാപിച്ചതല്ലാതെ ഒരു തരത്തിലുള്ള അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. മാധ്യമ ശ്രദ്ധ അകന്നാല്‍ സ്റ്റോപ് മെമ്മോ പിന്‍വലിച്ച് പാര്‍ക്കിന് പ്രവര്‍ത്തനാനുമതി നല്‍കാനാണ് അണിയറ നീക്കം. ദുരന്തനിവാരണ അഥോറിറ്റി ജില്ലാ ചെയര്‍മാന്‍കൂടിയായ കളക്ടര്‍ യു.വി ജോസ് ഉരുള്‍പൊട്ടല്‍ സാഹചര്യത്തില്‍ പാര്‍ക്ക് സന്ദര്‍ശിക്കാന്‍പോലും തയ്യാറായിട്ടില്ല.
ജനങ്ങളുടെ ജീവന്‍ പന്താടി പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്ക് സംരക്ഷിക്കുന്ന ജില്ലാ ഭരണകൂടത്തിനെതിരായ കൂട്ട ഉറക്ക സമരത്തില്‍ പ്രമുഖ ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍, ഡോ. എം.എന്‍ കാരശേരി, സ്വാതന്ത്ര്യസമരസേനാനി പി. വാസു, പ്രഫ. ശോഭീന്ദ്രന്‍, തായാട്ട് ബാലന്‍, ടി.വി രാജന്‍ എന്നിവര്‍ പങ്കെടുക്കും.

താന്‍ പാര്‍ക്ക് നടത്തുന്നത് കൊണ്ടാണ് കക്കാടംപൊയിലിലെ ജനങ്ങള്‍ ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും വിറ്റു ജീവിക്കുന്നത് എന്ന അന്‍വര്‍ എം.എല്‍.എയുടെ നിയമസഭാ പ്രസംഗത്തിനെതിരെ കോഴിക്കോട്ടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ നേരത്തെ കളക്ടറേറ്റിന് മുന്നില്‍ ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും വിതരണം ചെയ്ത് സമരം നടത്തിയിരുന്നു. കക്കാടംപൊയിലിലെ അന്‍വറിന്റെ പാര്‍ക്ക് കോഴിക്കോട് കളക്ടര്‍ യു.വി ജോസ് സംരക്ഷിക്കുമ്പോള്‍ ഒന്നര കിലോ മീറ്റര്‍ അകലെ അന്‍വറിന്റെ തടയണപൊളിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് മലപ്പുറം കളക്ടര്‍ അമിത് മീണ.

Sharing is caring!