മലപ്പുറം ജില്ലാ പഞ്ചായത്തിനും ലീഗിനുമെതിരെ സി.പി.എം

മലപ്പുറം ജില്ലാ പഞ്ചായത്തിനും ലീഗിനുമെതിരെ സി.പി.എം

മലപ്പുറം: ജില്ലാ പഞ്ചായത്ത് നേതൃത്വത്തിലുള്ള ബസ് വിതരണ ചടങ്ങ് അലങ്കോലമാക്കിയതിനുപിന്നില്‍ സിപിഐ എമ്മാണെന്ന മുസ്ലിംലീഗിന്റെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും ആരോപണം വസ്തുതാവിരുദ്ധവും അപലപനീയവുമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പ്രസ്താവനയില്‍ അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ പൊതുപരിപാടികളെ അലങ്കോലപ്പെടുത്താനോ, പരാജയപ്പെടുത്താനോ സിപിഐ എമ്മോ പ്രവര്‍ത്തകരോ ഇടപ്പെട്ടിട്ടില്ല. എന്നാല്‍, മുസ്ലിംലീഗിന്റെ ഉന്നത നേതാക്കള്‍ പങ്കെടുത്ത പരിപാടി പരാജയമായതിന്റെ ജാള്യം മറയ്ക്കാനാണ് സിപിഐ എമ്മിനെ പഴിചാരുന്നത്.
വിവാദങ്ങള്‍ക്കുപിന്നില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സ്ഥലത്ത് പൊലീസിന്റെയോ ബന്ധപ്പെട്ടവരുടെയോ അനുമതിയില്ലാതെ പന്തല്‍ നിര്‍മിച്ചതാണ്. മുമ്പ് ഇതേ സ്ഥലത്ത് നടന്ന പൊതുയോഗത്തിലേക്ക്
നിയന്ത്രണംവിട്ട വാഹനം ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിനുശേഷം നിര്‍ദിഷ്ട സ്ഥലത്ത് പൊതുപരിപാടി നടത്തുന്നതിന് പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തി. മുന്‍കരുതലിന്റെ ഭാഗമായി പൊലീസ് എടുത്ത തീരുമാനത്തോട് സിപിഐ എം മാത്രമല്ല, മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ടികളും വര്‍ഗബഹുജന സംഘടനകളും അനുകൂല നിലപാടാണ് സ്വീകരിച്ചുപോന്നിരുന്നത്. നാളിതുവരെ ഒരു രാഷ്ട്രീയ പാര്‍ടിയുടെ പരിപാടിയിലും ഇവിടെ പന്തലോ, സ്‌റ്റേജോ നിര്‍മിച്ചിട്ടില്ല.
ബസ് വിതരണ ചടങ്ങിന് പന്തല്‍ നിര്‍മിക്കുന്നതിനുമുമ്പ് അനുമതിക്കായി ജില്ലാ പഞ്ചായത്ത് അധികൃതരാരും പൊലീസിനെ സമീപിക്കാത്തതാണ് യഥാര്‍ഥ പ്രശ്‌നം. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പൊലീസ് സ്വമേധയാ എടുത്ത നടപടികളെ സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ലീഗ് നേതാക്കളായ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ശ്രമം. വസ്തുത മനസ്സിലാക്കാതെ നടത്തുന്ന കുപ്രചാരണങ്ങള്‍ അപലപനീയമാണ്. അനാവശ്യ ആക്ഷേപം ലീഗും ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടു.

Sharing is caring!