ചെമ്മന്‍കടവില്‍ ബ്രസീലിനെ പൊട്ടിച്ച് അര്‍ജന്റീന

മലപ്പുറം: കോഡൂര്‍ ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എച്ച്.എച്ച്.എസ്.എസി സ്‌കൂള്‍ മൈതാനിയില്‍ നടന്ന ബ്രസീല്‍-അര്‍ജന്റീന ഫൈവ്സ് ഫുട്ബോള്‍ മത്സരത്തില്‍ മലപ്പുറം ജില്ലയിലെ കായികാധ്യാപകരുടെ ടീമായ അര്‍ജന്റീനക്ക് വിജയം. ചെമ്മന്‍കടവ് സ്‌കൂളിലെ അധ്യാപകരുടെ ബ്രസീല്‍ ടീമിനെയാണ് കായികാധ്യാപകരുടെ അര്‍ജന്റീന ടീം മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്.
ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസിലെ
സ്‌കൂള്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇന്‍ഡോര്‍ ഇന്ത്യന്‍ടീം കോച്ചും സ്‌കൂളിലെ കായികാധ്യാപകനുമായ മുഹമ്മദ് ഷറഫുദ്ദീന്‍ റസ്വിയാണു മത്സരം സംഘടിപ്പിച്ചത്.
ചെമ്മന്‍കടവ് സ്‌കൂള്‍ ഗ്രൗണ്ടില്‍വെച്ചു നടന്ന മത്സരം വീക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധിപേരുണ്ടായിരുന്നു. കായികാധ്യാപകരുടെ ടീം കേരളാഫൈവ്സ് എന്നപേരിലും സ്‌കൂള്‍ അധ്യാപകരുടെ ടീം ഹെഡ്മാസ്റ്റേഴ്സ് ഫൈവ്സ് എന്ന പേരിലും അര്‍ജന്റീന, ബ്രസീല്‍ ജഴ്സി അണിഞ്ഞാണ് കളത്തിലിറങ്ങിയത്.
വാശിയേറിയ മത്സരത്തില്‍ കായികാധ്യാപക ടീമിനുവേണ്ടി തൂത ഡി.യു.എച്ച്.എസ്.എസിലെ കായികാധ്യാപകന്‍ എം.മൂനീര്‍ മൂന്നുഗോളും ഊരകം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുജീബ് കുരുണിയന്‍ ഒരുഗോളും നേടി. ബ്രസീല്‍ടീമായ സ്‌കൂള്‍ ടീമിന് വേണ്ടി മൂന്‍ജില്ലാ ഫുട്ബോള്‍ താരംകൂടിയായ എ.കെ ആബിദ് രണ്ട്ഗോളും മുബാറക് ഒരു ഗോളും നേടി. ചടങ്ങിലെ മുഖ്യാഥിതിയായ ഇന്ത്യന്‍ഫുട്ബോള്‍ താരം ആഷിഖ്കുരുണിയന്‍ കളിക്കാരെ പരിചയപ്പെട്ടു. ജില്ലാഫുട്ബോള്‍ അസോസിയേഷന്‍ റഫറി സത്യരാജ് തമിഴ്നാടും മുജ്തബയും കളിനിയന്ത്രിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം സ്‌കൂള്‍ പ്രധാനധ്യാപകന്‍ മുഹമ്മദ് അബ്ദുല്‍ നാസര്‍, പി.ടി.എ പ്രസിഡന്റ് എന്‍.കുഞ്ഞീതു, എക്സിക്യൂട്ടീവ് അംഗം പി.കെ.എസ് മുജീബ് ഹസ്സന്‍ എന്നിവര്‍ നിര്‍വഹിച്ചു.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *