കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

കേന്ദ്ര-സംസ്ഥാന  സര്‍ക്കാരുകള്‍ക്കെതിരെ  പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സൗന്ദര്യ പിണക്കം കേരളത്തിന്റെ വികസനത്തിന് തിരിച്ചടിയാകുമെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തുടര്‍ച്ചയായി കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ കതകടയ്ക്കുന്ന പ്രധാനമന്ത്രിയും, കേന്ദ്ര സര്‍ക്കാരും രാഷ്ട്രീയ വിദ്വേഷം തീര്‍ക്കുകയാണ്. വിവേകമുള്ള ജനത ബി ജെ പിക്കൊപ്പം നില്‍ക്കില്ലെന്ന് ഓരോ തിരഞ്ഞെടുപ്പിലും കേരള ജനത വ്യക്തമാക്കിയതാണ്. നേമത്ത് സംഭവിച്ച കയ്യബന്ധം ഇനി ആവര്‍ത്തിക്കില്ല എന്നാണ് തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി ജെ പിയുടെ വോട്ട് ചോര്‍ച്ച വ്യക്തമാക്കുന്നത്.

കേരളത്തില്‍ മാത്രമല്ല പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന ഓരോ സംസ്ഥാനത്തോടും പ്രതികാര മനോഭാവത്തോടെയാണ് കേന്ദ്രം പെരുമാറുന്നത്. ഇത് ജനാധിപത്യ രാജ്യത്തെ സംസ്ഥാന സര്‍ക്കാരുകളോടുള്ള വെല്ലുവിളിയാണ്. പ്രധാനമന്ത്രി കേരളത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിക്കുമ്പോള്‍ നയപരമായി കാര്യങ്ങള്‍ നേടിയെടുക്കാന്‍ കേരളം ശ്രമിക്കേണ്ടതുണ്ട്. വകുപ്പ് മന്ത്രിമാരില്‍ സമ്മര്‍ദം ചെലുത്തിയും, ആവശ്യങ്ങള്‍ ബോധിപ്പിച്ചും, ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും, വകുപ്പ് മന്ത്രിമാരുമടക്കം ക്യാംപ് ചെയ്തും, വിഷയങ്ങള്‍ ഫോളോ അപ്പ് ചെയ്തും, നിതാന്ത ജാഗ്രത ചെലുത്തിയും കാര്യങ്ങള്‍ നേടിയെടുത്തിരുന്ന ഒരു കാലം കേരളത്തിനുണ്ടായിരുന്നു. അധിക വര്‍ഷമൊന്നും മുമ്പല്ല അത്. രണ്ട് വര്‍ഷം മുമ്പ് കേരളം ഭരിച്ചിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാര്യമാണ് മേല്‍പറഞ്ഞത്. റെക്കോര്‍ഡ് വേഗത്തിലായിരുന്നു അന്ന് കേന്ദ്ര പദ്ധതികളും, സഹായങ്ങളും കേരളത്തില്‍ നടന്ന് വന്നത്. മാധ്യമങ്ങളടക്കം ഇക്കാര്യം അംഗീകരിച്ചതുമാണ്.

എന്നാല്‍ ഇങ്ങനെ കാര്യങ്ങള്‍ നേടിയെടുക്കാനുള്ള നയതന്ത്ര മികവോ, ജാഗ്രതയോ ഇന്ന് ഇടതു പക്ഷ സര്‍ക്കാരില്‍ കാണുന്നില്ല. കേന്ദ്ര നയത്തിന് ഇങ്ങനെയൊരു മറുവശം കൂടിയുണ്ടെങ്കിലും ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവത്തെ അംഗീകരിക്കാത്ത വണ്‍ മാന്‍ ഷോ സമീപത്തോടുള്ള കടുത്ത വിയോജിപ്പ് ഇവിടെ രേഖപ്പെടുത്തുകയാണെന്നും കുഞ്ഞാലിക്കുട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

Sharing is caring!