11ലക്ഷം വിദ്യാര്‍ഥികള്‍ മദ്രറസകളില്‍ വിദ്യ നുകരാനെത്തി

11ലക്ഷം വിദ്യാര്‍ഥികള്‍  മദ്രറസകളില്‍  വിദ്യ നുകരാനെത്തി

മലപ്പുറം: നേരറിവ് നല്ല നാളേക്ക് എന്ന വിളംബരവുമായി മദ്റസകളില്‍ ഇന്ന് വിദ്യാരംഭം. 11 ലക്ഷം വിദ്യാര്‍ഥികള്‍ സമസ്തയുടെ വിവിധ മദ്റസകളില്‍ ഇന്ന് വിദ്യ നുകരാനെത്തും. ഒന്നാം ക്ലാസില്‍ ഒരുലക്ഷം നവാഗതരാണ് അക്ഷരലോകത്തെത്തുന്നത്.

സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ 9,814 മദ്റസകളാണ് റമദാന്‍ അവധിക്കുശേഷം ഇന്നു തുറക്കുന്നത്. നിലവില്‍ 10,59,776 പേരാണ് സമസ്തയുടെ മദ്റസകളിലെ പഠിതാക്കള്‍. ഇതില്‍ 5,45,073 ആണ്‍കുട്ടികളും 5,14,703 പെണ്‍കുട്ടികളുമാണ്. രാജ്യത്ത് കേരളം, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, പുതുച്ചേരി, ആന്‍ഡമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും മലേഷ്യ, യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നീ വിദേശ രാഷ്ട്രങ്ങളിലുമാണ് സമസ്തക്കുകീഴില്‍ മദ്റസകളുള്ളത്. ‘മിഹ്റജാനുല്‍ ബിദായ’ എന്നപേരില്‍ ഇന്നു പ്രവേശന പരിപാടികള്‍ നടക്കും.
കേരളത്തിലെ 90 ശതമാനം മുസ്ലിംകളും പ്രാഥമിക മതപഠനം നേടുന്നത് സമസ്തയുടെ മദ്റസകളിലൂടെയാണ്. 1951ലാണ് സംസ്ഥാനത്തെ പ്രഥമ മതവിദ്യാഭ്യാസ ഏജന്‍സിയായ സമസ്ത കേരളാ ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിച്ചത്.

ഇസ്ലാമിക വിജ്ഞാനത്തില്‍ പാരമ്പര്യ ആദര്‍ശനിലപാടുകളും പ്രബോധന രീതികളും പിന്തുടരുകയും ലോകോത്തര അക്കാദമിക് നിലവാരവും പഠന, പരിശീലന പരിപാടികളും ബോര്‍ഡിനെ മുസ്ലിം ലോകത്ത് ശ്രദ്ധേയമാക്കി. ഒന്നുമുതല്‍ പ്ലസ്ടു വരെ ക്ലാസുകളും അല്‍ബിര്‍റ് ഇസ്ലാമിക് പ്രീപ്രൈമറി സ്‌കൂളും ബോര്‍ഡിനു കീഴിലുണ്ട്. 428 റെയ്ഞ്ചുകളിലായാണ് മദ്റസകള്‍ പ്രവര്‍ത്തിക്കുന്നത്.

അക്കാദമിക് നിലവാരം കുറ്റമറ്റതാക്കുന്നതിനു വിദ്യാഭ്യാസ ബോര്‍ഡിന്റെ 105 മുഫത്തിശുമാര്‍ അധ്യയന വര്‍ഷത്തിലെ ഇരു ടേമുകളിലായി എല്ലാ മദ്റസകളിലും പരിശോധന നടത്തുന്നു. അഞ്ച് ഖാരിഉമാര്‍, നാല് ട്യൂട്ടര്‍മാര്‍, അഞ്ച് മുബല്ലിഗുമാര്‍ എന്നിവരും സേവനം ചെയ്യുന്നു. റെയ്ഞ്ച് ശാക്തീകരണത്തിനായി ജംഇയ്യത്തുല്‍ മുഅല്ലിമീനു കീഴില്‍ നാല്‍പത് മുദരിബുമാരുമുണ്ട്.

ഒരുലക്ഷത്തിലേറെ അധ്യാപകരാണ് സമസ്ത മദ്റസകളില്‍ സേവനം ചെയ്യുന്നത്. ഇവരുടെ യോഗ്യതയും സേവന കാലയളവും രേഖപ്പെടുത്തുന്ന മുഅല്ലിം സര്‍വിസ് രജിസ്റ്റര്‍ (എം.എസ്.ആര്‍) സംവിധാനവും സര്‍വിസ് ആനുകൂല്യങ്ങളും വിവിധ ക്ഷേമപദ്ധതികളും നടപ്പാക്കുന്നുണ്ട്. അധ്യാപകരില്‍ 91,489 പേര്‍ ഇതിനകം എം.എസ്.ആര്‍ നേടി.

അധ്യാപന പരിശീലനത്തിന് ഹിസ്ബ്, ട്രെയ്നിങ്, ലോവര്‍, ഹയര്‍സെക്കന്‍ഡറി കോഴ്സുകളും നിലവിലുണ്ട്. ഇതിനകം 17,760 പേര്‍ ലോവര്‍, 3,917 പേര്‍ ഹയര്‍, 319 സെക്കന്‍ഡറി, 43,134 പേര്‍ ഹിസ്ബ്, 30,961 പേര്‍ ട്രെയ്നിങ് യോഗ്യത നേടി. പൊതുപരീക്ഷയില്‍ അഞ്ചാം തരത്തില്‍ 33,58,357, ഏഴില്‍ 15,61,310, പത്തില്‍ 3,15,929, പ്ലസ്ടുവില്‍ 19,455 വിദ്യാര്‍ഥികളും ഇതുവരെ പഠനം പൂര്‍ത്തീകരിച്ചു. പ്രവര്‍ത്തിദിനങ്ങള്‍ 230 ആയി ക്രമീകരിച്ചിട്ടുണ്ട്. ആഴ്ചയില്‍ ആറ് അധ്യയന ദിവസങ്ങളില്‍ 45 മിനുട്ട് ദൈര്‍ഘ്യമുള്ള മൂന്ന് പീരിയഡുകളാണുള്ളത്. മതപണ്ഡിതര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, മനഃശാസ്ത്ര വിദഗ്ധര്‍ എന്നിവരടങ്ങുന്ന അക്കാദമിക് കൗണ്‍സിലാണ് പാഠ്യപദ്ധതി ആവിഷ്‌കരിക്കുന്നത്.

ഹുറൂഫുല്‍ ഹിജാഇയ്യ, ദുറൂസ് അറബി മലയാളം, ലിസാനുല്‍ ഖുര്‍ആന്‍, അഖീദ, ഫിഖ്ഹ്, താരീഖ്, അഖ്ലാഖ്, തജ്വീദ്, ദുറൂസുല്‍ ഇഹ്സാന്‍, തഫ്സീര്‍ എന്നിവയാണ് പാഠപുസ്തകങ്ങള്‍. ഏഴുവരെ അറബി മലയാളവും എട്ടുമുതല്‍ പ്ലസ്ടുവരെ അറബിയുമാണ് പഠന മാധ്യമം. അറബി ഭാഷാ പഠനത്തിനു മൂന്നാം ക്ലാസ് മുതല്‍ ലിസാനുല്‍ ഖുര്‍ആന്‍ എന്ന പുസ്തകമുണ്ട്.

പാഠപുസ്തക പരിഷ്‌കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ആറ്, ഏഴ് ക്ലാസുകളില്‍ പുതിയ പുസ്തകങ്ങളാണ്. സംസ്‌കരണ പാഠങ്ങള്‍ക്കായി ദുറൂസുല്‍ ഇഹ്സാന്‍ എന്ന പുതിയ പുസ്തകം ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാ ക്ലാസുകളിലേക്കുമുള്ള പാഠപുസ്തകങ്ങളുടെ അച്ചടി കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോയില്‍ നേരത്തേതന്നെ പൂര്‍ത്തിയായിട്ടുണ്ട്.

Sharing is caring!