സുന്നി ഐക്യത്തിന് ശ്രമിച്ച സമസ്ത നേതാവിനെ പുറത്താക്കാന്‍ മുസ്ലിംലീഗ് നീക്കം

സുന്നി ഐക്യത്തിന് ശ്രമിച്ച  സമസ്ത നേതാവിനെ  പുറത്താക്കാന്‍ മുസ്ലിംലീഗ് നീക്കം

സുന്നി ഐക്യശ്രമത്തിന് മുന്നില്‍ നില്‍ക്കുന്ന സമസ്ത നേതാവിനെ പുറത്താക്കാന്‍ മുസ്ലിംലീഗ് നീക്കം. സമസ്ത കേന്ദ്ര മുശവാറ അംഗവും സുന്നി ഐക്യ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്ന സമിതി മെമ്പറുമായ ഉമര്‍ ഫൈസി മുക്കത്തെ എസ്എംഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കാനാണ് ലീഗിന്റെ ശ്രമം. കേരളത്തിലെ സുന്നി മഹല്ലുകള്‍ നിയന്ത്രിക്കുന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും ഉമര്‍ ഫൈസിയെ നീക്കി ഷോക്ക് ട്രീറ്റ്മെന്റ് നല്‍കുകയാണ് ലക്ഷ്യം. മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഉപയോഗിച്ചാണ് ലീഗ് നീക്കം.

ഇതിനായി എസ്എംഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ഉമര്‍ ഫൈസിയെ അറിയിക്കാതെ ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട്ടെ വസതിയില്‍ യോഗം വിളിച്ചിട്ടുണ്ട്. സെക്രട്ടറിയായ ഉമര്‍ ഫൈസിയെ അറിയിക്കാതെ ലീഗിനെ അനുകൂലിക്കുന്നവരെയും ഹൈദരലി തങ്ങളെ അനുസരിക്കുന്നവരേയും മാത്രം വിളിച്ചു ചേര്‍ത്തു ഫൈസിയെ എസ്.എം.എഫ് സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി പുതിയ സെക്രട്ടറിയെ നിശ്ചയിക്കാനാണ് ശ്രമം. സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളെ ഉപയോഗിച്ചു ലീഗ് തന്നെയാണ് യോഗം വിളിപ്പിച്ചതും സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കാന്‍ കരുക്കള്‍ നീക്കുന്നതും.

മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത പാണക്കാട് തങ്ങള്‍മാരെ വിമര്‍ശിച്ചു മുക്കത്ത് നടന്ന ചടങ്ങില്‍ ഉമര്‍ ഫൈസി സംസാരിച്ചിരുന്നു. ഇത് അച്ചടക്ക ലംഘനമാക്കി വരുത്തി തീര്‍ത്തു നടപടി സ്വീകരിക്കാനാണ് നാളെ ചേരുന്ന യോഗത്തിലൂടെ ലീഗും ഹൈദരലി തങ്ങളും ലക്ഷ്യമിടുന്നതെന്നാണു ആരോപണം. എന്നാല്‍ ഈ നീക്കത്തെ പ്രതിരോധിക്കാനാണ് സമസ്തയിലെ ഒരുവിഭാഗത്തിന്റെ ശ്രമം. ഹൈദരലി തങ്ങളെ മറയാക്കി സമസ്തയുടെ പോഷക സംഘടനയില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്നാണ് സമസ്തയുടെ നിലപാട്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും ആലിക്കുട്ടി മുസ്്ലിയാരും ഹൈരദലി തങ്ങളെ നേരിട്ടു വിളിച്ച് യോഗം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം.

ലീഗിന്റേയും ഹൈദരലി തങ്ങളുടേയും നീക്കത്തിനെതിരേ മറുതന്ത്രം ആലോചിക്കാന്‍ സമസ്ത ജിഫ്രി തങ്ങള്‍ ഇന്ന് മലപ്പുറം സുന്നി മഹലില്‍ സമസ്ത ഫത്വാ കമ്മിറ്റി യോഗം വിളിച്ചിരുന്നു. ഉമര്‍ ഫൈസിക്കെതിരേ ഒരു നടപടിയും സ്വീകരിക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത താക്കീതുമായി എസ്വൈഎസും എസ്‌കെഎസ്എസ്എഫും രംഗത്തു വന്നു കഴിഞ്ഞു.

ലീഗ് എതിര്‍ത്തിട്ടും ഉമര്‍ ഫൈസിയുടെ നേതൃത്വത്തിലുള്ള സമസ്ത നേതാക്കള്‍ സുന്നി ഐക്യ ശ്രമവുമായി മുന്നോട്ടു പോയതാണ് ലീഗിനെ ചൊടിപ്പിച്ചത്. വഖഫ് അദാലത്ത് എന്ന പേരില്‍ കാന്തപുരം വിഭാഗം നേതാക്കളും സമസ്ത നേതാക്കളും മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ഒരുമിച്ചിരുന്നിരുന്നു. ഈ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ലീഗ് നേതാക്കള്‍ സമസ്തയോടു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അന്ന് ലീഗിന്റെ വിലക്കു ലംഘിച്ചു ആ യോഗത്തില്‍ ഉമര്‍ ഫൈസിയുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തത് ലീഗിനെ പ്രതിരോധത്തിലാക്കിയിരുന്നു.

സുന്നി ഐക്യശ്രമത്തിനു മധ്യസ്ഥം വഹിച്ചിരുന്ന പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ ലീഗിന്റെ തീരുമാന പ്രകാരം പിന്മാറിയിരുന്നു. സമസ്തയോട് സുന്നി ഐക്യശ്രമത്തില്‍ നിന്നും പിന്മാറാന്‍ ലീഗ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷേ ലീഗിന്റെ വിലക്കു ലംഘിച്ചു മൂന്നോളം ഐക്യ ചര്‍ച്ചകള്‍ നടത്തുകയും സുന്നി ഐക്യത്തില്‍ നിര്‍ണായകമായ പുരോഗതിയുണ്ടാക്കുകയും ചെയ്തത് ഉമര്‍ ഫൈസിയായിരുന്നു. ഇതിനു ജിഫ്രി തങ്ങളുടെ പൂര്‍ണ പിന്തുണയുമുണ്ടായിരുന്നു. ഉമര്‍ ഫൈസിയെ നിരായുധനാക്കി ഐക്യ ശ്രമത്തെകൂടി തകര്‍ക്കാനാണ് ലീഗിന്റെ ശ്രമമെന്നാണ് ആക്ഷേപം. എന്നാല്‍ ഇതിനെ ഏതു നിലയിലും ചെറുത്തു തേല്‍പിക്കാന്‍ തന്നെയാണ് സമസ്തയുടെ തീരുമാനം. യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ ഇപ്പോള്‍ തന്നെ പ്രതിഷേധവുമായി രംഗത്തു വന്നു കഴിഞ്ഞു. ഇതു സമസ്ത ലീഗ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തും.

Sharing is caring!