അന്‍വര്‍ എം.എല്‍.എയുടെ തടയണ ഉടന്‍ പൊളിക്കും: മലപ്പുറം കലക്ടര്‍

അന്‍വര്‍ എം.എല്‍.എയുടെ തടയണ ഉടന്‍ പൊളിക്കും:  മലപ്പുറം കലക്ടര്‍

മലപ്പുറം: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്തതയിലുളള കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ചു നീക്കാന്‍ നിയമോപദേശം തേടിയതായി മലപ്പുറം കലക്ടര്‍. തടയണ പൊളിക്കാനുളള ജില്ല ഭരണകൂടത്തിന്റെ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

പാരിസ്ഥിതിക പ്രത്യാഘാതങ്ങളൊന്നും വകവക്കാതെ നിര്‍മിച്ച തടയണ പൊളിക്കുന്നതിന് വേണ്ടി എ.ജിയോട് ജില്ല ഭരണകൂടം നിയമോപദേശം തേടിക്കഴിഞ്ഞു. പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയുടെ റിപ്പോര്‍ട്ട് പ്രകാരം തടയണ പൊളിച്ചു മാറ്റാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. പൊളിച്ചു മാറ്റാന്‍ വേണ്ട സാങ്കേതിക മുന്‍കരുതലുകളെക്കുറിച്ചും റിപ്പോര്‍ട്ട് തയാറായിക്കിയതാണ്. എന്നാല്‍ തടയണ പൊളിക്കന്നതിന് പി.വി. അന്‍വര്‍ ഹൈക്കോടതിയുടെ സ്റ്റേ വാങ്ങിയതോടെയാണ് നീണ്ടു പോയത്. സ്റ്റേ നീക്കി തീരുമാനം നടപ്പാക്കാനാണ് കലക്ടര്‍ എ.ജിയുടെ ഉപദേശം തേടിയത്.പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തിയാണ് ചീങ്കണ്ണിപ്പാലിയില്‍ തടയണ നിര്‍മിച്ചത്. ഒരു പഠനവും കൂടാതെ നിര്‍മിച്ച സ്വകാര്യതടയണ ഉരുള്‍പൊട്ടിലിന് പോലും കാരണമായേക്കുമെന്ന ആശങ്കയുമുണ്ട്.

പി.വി അന്‍വര്‍ എം.എല്‍.എയുടെ രണ്ടാം ഭാര്യാപ ിതാവിന്റെ പേരിലുള്ള അനധികൃത തടയണപൊളിക്കാതിരിക്കാന്‍ ഹൈക്കോടതിയില്‍ റവന്യൂ വകുപ്പിന്റെ ഒത്തുകളിയാണെന്ന ആരോപണമുയര്‍ന്നിരുന്നു. വനത്തില്‍ നിന്നുത്ഭവിച്ച് വനത്തിലേക്കുപോകുന്ന കാട്ടരുവി തടഞ്ഞ് ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ചുള്ള തടയണ നിയമവിരുദ്ധവും ദുരന്തസാധ്യതയുള്ളതെന്നും കണ്ടെത്തിയാണു മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ തടയണപൊളിക്കാന്‍ നേരത്തെ ഉത്തരവിട്ടത്. ദുരന്തനിവാരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 14ദിവസത്തിനകം ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ മേല്‍നോട്ടത്തില്‍ തടയണ പൊളിച്ചുനീക്കാന്‍ കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് കലക്ടര്‍ ഉത്തരവിട്ടത്. തന്റെ ഭാഗംകേള്‍ക്കാതെയാണ് കലക്ടറുടെ ഉത്തരവെന്നു പറഞ്ഞ് അന്‍വറിന്റെ ഭാര്യാപിതാവ് തിരുവണ്ണൂര്‍ കോട്ടണ്‍മില്‍ റോഡിലെ അഫ്‌സ മഹല്‍ അബ്ദുല്‍ലത്തീഫ് ഹൈക്കോടതിയെ സമീപിച്ച് ഡിസംബര്‍ 20തിന് സ്‌റ്റേ ഉത്തരവ് സമ്പാദിച്ചു.
ഈ സ്‌റ്റേനീക്കി തടയണപൊളിക്കാന്‍ ആറു മാസമായും യാതൊരു നടപടിയും റവന്യൂ വകുപ്പ് സ്വീകരിച്ചിട്ടില്ല. എതിര്‍സത്യവാങ്മൂലം പോലും സമര്‍പ്പിച്ചിട്ടില്ല. സ്‌റ്റേ നീക്കി തടയണപൊളിക്കാതെ നുള്ള നീക്കവും നടത്തുന്നില്ല. ഇതോടെ നിയമവിരുദ്ധമായ തടയണന്മേലുള്ള നിയമ നടപടി പോകുകയാണ്.
കരാര്‍ പ്രകാരം സ്ഥലം കൈവശം വാങ്ങി 2015ല്‍ പി.വി അന്‍വറാണ് അനധികൃതമായി മലയിടിച്ച് കാട്ടരുവി തടഞ്ഞ് തടയണകെട്ടിയതെന്നാണ് പരാതി. നിയമവിരുദ്ധമാണെന്നു കണ്ടെത്തിയ തടയണ പൊളിച്ചുനീക്കി തുടര്‍നടപടി സ്വീകരിക്കാന്‍ 2015ല്‍ സെപ്തംബര്‍ ഏഴിന് അന്നത്തെ ജില്ലാ കലക്ടര്‍ ടി. ഭാസ്‌ക്കരന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ അന്നും ഉദ്യോഗസ്ഥരെ സ്വാധീനിച്ചു തടയണപൊളിക്കാതെ സംരക്ഷിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
തുടര്‍ന്ന് അന്‍വര്‍ എം.എല്‍.എയായതോടെ തടയണകെട്ടിയുണ്ടാക്കിയ കൃത്രിമതടാകത്തില്‍ കക്കാടംപൊയില്‍ വാട്ടര്‍തീം പാര്‍ക്കിന്റെ ഭാഗമായി ബോട്ടിങ് ആരംഭിച്ചതോടെയാണ് വീണ്ടും വിവാദമുണ്ടായത്.
ഇതെ കുറിച്ച് പരാതി ഉയര്‍ന്നതോടെ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ സംയുക്ത പരിശോധനയും തെളിവെടുപ്പും നടത്തി. ഇതിനിടിയിലാണു അന്‍വര്‍ സ്ഥലം ഭാര്യാപിതിവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതെന്നു പറയുന്നു.
തടയണകെട്ടിയ സ്ഥലം മുമ്പ് തന്റെ കൈവശമായിരുന്നെങ്കിലും ഇപ്പോള്‍ ഉടമസ്ഥാവകാശമില്ലെന്നാണ് അന്‍വര്‍ ആര്‍.ഡി.ഒയുടെ തെളിവെടുപ്പില്‍ സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ തടയണയല്ലെന്നും മഴവെള്ള സംഭരണിയാണെന്നായിരുന്നു ഭാര്യാപിതാവിന്റെ വാദം. ഉപഗ്രഹ ചിത്രങ്ങള്‍ വരെ പരിശോധിച്ച ശേഷം ഈ വാദങ്ങളെല്ലാം തള്ളി ദുരന്തനിവാരണ നിയമപ്രകാരം തടയണ പൊളിച്ചുനീക്കണമെന്ന് പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ തടയണപൊളിക്കാന്‍ ഉത്തരവിട്ടത്.
കോഴിക്കോട് കട്ടിപ്പാറയില്‍ 14പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലിനിടയാക്കിയത് ഇതിനു മുകളില്‍ രണ്ട് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള തടയണയായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ചീങ്കണ്ണിപ്പാലിയില്‍ 20 മീറ്റര്‍ വീതിയില്‍ 15 മീറ്റര്‍ താഴ്ചയിലുള്ള തടയണയില്‍ 30 ലക്ഷത്തിലേറെ ലിറ്റര്‍ വെള്ളമാണ് സംഭരിക്കപ്പെട്ടിട്ടുള്ളത്. കട്ടിപ്പാറ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചീങ്കണ്ണിപ്പാലി തടയണ പൊളിച്ചുനീക്കുന്നതിനെതിരായ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് തടയണക്കെതിരായ പരാതിക്കാരന്‍ എം.പി വിനോദ് ഇന്നലെ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ കക്ഷിചേര്‍ത്തതിനെതുടര്‍ന്ന് എതിര്‍സത്യവാങ്മൂലം ഫയല്‍ചെയ്തു. സ്‌റ്റേ നീക്കി ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ റവന്യൂ വകുപ്പ് ഇടപെടണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്കും ദുരന്തനിവാരണ അഥോറിറ്റി ചുമതലകൂടിയുള്ള റവന്യൂ സെക്രട്ടറി പി.എച്ച് കുര്യനും പരാതി നല്‍കുകയും ചെയ്തു.

Sharing is caring!