ജസ്ഫര്‍ കോട്ടക്കുന്ന് വിദ്യാര്‍ഥികള്‍ക്ക് ജീവിക്കുന്ന അത്ഭുതമായി

ജസ്ഫര്‍ കോട്ടക്കുന്ന് വിദ്യാര്‍ഥികള്‍ക്ക്  ജീവിക്കുന്ന അത്ഭുതമായി

അങ്ങാടിപ്പുറം: ബ്രഷ് പല്ലുകള്‍ക്കിടയില്‍ കടിച്ചു പിടിച്ച് ജസ്ഫര്‍ വരച്ചു തുടങ്ങിയപ്പോള്‍
ജസ്ഫര്‍ കോട്ടക്കുന്ന് വിദ്യാര്‍ഥികള്‍ക്ക് ജീവിക്കുന്ന അത്ഭുതമായി. പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാവാരം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജസ്ഫര്‍ നിര്‍വഹിച്ചു. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വരയ്ക്കുന്നതിനിടയില്‍ പെന്‍സില്‍ ഊര്‍ന്നുവീണു. കഴുത്തിനു മുകളില്‍ മാത്രം ചലനശേഷി അവശേഷിപ്പിച്ച രോഗത്തിന്റെ വരവായിരുന്നു. മസിലുകള്‍ അയഞ്ഞ് അവയവങ്ങള്‍ നിശ്ചലമാകുന്ന അപൂര്‍വരോഗം മസ്‌കുലര്‍ ഡിസ്‌ട്രോഫി. അങ്ങനെ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌കൂളിലേക്കുള്ള വഴിയടഞ്ഞു. പക്ഷേ പഠനം ഉപേക്ഷിച്ചില്ല. ഇംഗ്ലിഷിലും മലയാളത്തിലുമായി ഒട്ടേറെ പുസ്തകങ്ങള്‍ വായിച്ചു. വര ശാസ്ത്രീയമായി പഠിച്ചു. എഴുപത്തഞ്ചോളം രാജ്യങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തി. ലോകവ്യാപകമായി ആശംസാകാര്‍ഡുകളിലും കലണ്ടറുകളിലും ചിത്രങ്ങള്‍ സ്ഥാനം പിടിച്ചു. നല്ല പ്രതിഫലവും ലഭിക്കുന്നുണ്ട്. നിങ്ങളും കഴിവുകള്‍ വളര്‍ത്തണം. വായിച്ചും വരച്ചും മിടുക്കരാകണം. ജീവിതത്തില്‍ തോറ്റു പിന്മാറരുത്. ജസ്ഫറിന്റെ വാക്കുകള്‍ വിദ്യാര്‍ഥികള്‍ ഹൃദയത്തോടു ചേര്‍ത്തു.
ചിത്രകാരന്‍ ഡി.സുരേഷ് ബാബുവും ചിത്രം വരച്ചു. പ്രധാനാധ്യാപിക ജോജി വര്‍ഗീസ്, ഡി.സുരേഷ് ബാബു, വിദ്യാരംഗം കോ-ഓര്‍ഡിനേറ്റര്‍ മനോജ് വീട്ടുവേലിക്കുന്നേല്‍ പ്രസംഗിച്ചു. ജസ്ഫറിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി. പുസ്തകയാത്ര, പുസ്തക കോത്സവം, എഴുത്തുകാരുമായി കൂടിക്കാഴ്ച, പഠനയാത്ര, കൈയെഴുത്തു മാസിക നിര്‍മാണം, പ്രിന്റഡ് പത്രം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ വായനാവാരത്തിന്റെ ഭാഗമായി സ്‌കൂളില്‍ ഒരുക്കുന്നുണ്ട്.

Sharing is caring!